Connect with us

Kozhikode

അനാഥശാലകള്‍ വൈവിധ്യവത്കരിക്കണം: കാന്തപുരം

Published

|

Last Updated

കോഴിക്കോട്: പുതിയ കാലത്ത് സാമൂഹിക സാഹചര്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ കഴിയും വിധം അനാഥശാലകളുടെ പ്രവര്‍ത്തനങ്ങളെ വൈവിധ്യവത്കരിക്കണമെന്ന് അഖിലേന്ത്യാ ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മുക്കം താത്തൂര്‍ ശുഹദാനഗറില്‍ നടന്ന സുന്നി ആദര്‍ശ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസ്‌ലിംകളുടെ നേതൃത്വത്തില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യം അനാഥശാലകള്‍ തുടങ്ങുമ്പോള്‍ ഉണ്ടായിരുന്ന സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സാഹചര്യങ്ങളല്ല ഇന്ന് നിലവിലുള്ളത്. പഴയ ഘടന വെച്ച് ഇത്തരം സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനാവില്ല.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള പാവപ്പെട്ട വിദ്യാര്‍ഥികളെ അതത് സംസ്ഥാനങ്ങളില്‍ തന്നെ പഠിപ്പിക്കണമെന്നാണ് സര്‍ക്കാറിന്റെ നിലപാടെങ്കില്‍ വിദ്യാഭ്യാസ മേഖലയില്‍ സ്വയം പര്യാപ്തത കൈവരിച്ച് കേരളം ഇക്കാര്യത്തില്‍ മാതൃക കാണിക്കണം. ഉന്നത വിദ്യഭ്യാസം തേടി പുറത്തേക്ക് പോകുന്ന മലയാളികളായ വിദ്യാര്‍ഥികളുടെ എണ്ണം വര്‍ഷംതോറും ഏറി വരികയാണെന്ന കാര്യം കൂടി സര്‍ക്കാര്‍ ഓര്‍ക്കണം.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ കൊണ്ടുവരുമ്പോള്‍ അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് ബന്ധപ്പെട്ട സ്ഥാപന നടത്തിപ്പുകാര്‍ ഉറപ്പ് വരുത്തണം. വ്യത്യസ്തമായ ഭാഷയും സംസ്‌കാരവുമുള്ള വിദ്യാര്‍ഥികളുടെ അസ്തിത്വം സംരക്ഷിക്കും വിധത്തിലുള്ള പഠനരീതികളും ജീവിത ചുറ്റുപാടുകളും ഒരുക്കണം. അതത് സംസ്ഥാനങ്ങളില്‍ നിന്ന് വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരെ നിയമിക്കാനും സംസ്ഥാനങ്ങള്‍ തയ്യാറാകണം. അദ്ദേഹം പറഞ്ഞു.
മഗ്‌രിബ് നിസ്‌കാരാനന്തരം നടന്ന ചടങ്ങില്‍ താത്തൂര്‍ ഹിമായത്തുദ്ദീന്‍ സുന്നി മദ്‌റസ ശതാബ്ദി നിലയത്തിന്റെയും മദ്‌റസാ കെട്ടിടത്തിന്റെയും ഉദ്ഘാടനം കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. സമസ്ത സെക്രട്ടറി കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയര്‍ അധ്യക്ഷത വഹിച്ചു.
പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍, ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, കീലത്ത് മുഹമ്മദ് മാസ്റ്റര്‍ സംസാരിച്ചു.

 

Latest