Connect with us

Articles

ശഅ്ബാന്‍ നന്മയുടെ യാമങ്ങള്‍

Published

|

Last Updated

“ശഅ്ബാന്‍ എന്റെ സ്വന്തം മാസമാണ്”. (ഹദീസ്). തിരുനബി (സ) ഇതു പറയുമ്പോള്‍, അതില്‍ വിലപ്പെട്ട പലതും ഒളിഞ്ഞിരിപ്പുണ്ട്. മറ്റുമാസങ്ങളില്‍ ലഭിക്കാത്ത അമൂല്യമായ ചിലത് ശഅ്ബാനില്‍ അവിടുത്തേക്ക് ലഭിച്ചിട്ടുണ്ട്. ആ സന്തോഷ പ്രകടനമാണ് ഈ വാക്കുകളില്‍.
പരലോകം അസഹ്യമാണ്. ഭൂമിയിലെ അവസ്ഥയുമായി അതിനു ബന്ധം തുലോം ഇല്ല. സൂര്യന്‍ അടുത്തു വരും. കാലില്‍ ചെരുപ്പില്ലാതെ വിയര്‍പ്പില്‍ മുങ്ങിത്താഴുന്ന മനുഷ്യന്‍“”നരകത്തിലേക്കെങ്കില്‍ നരകത്തിലേക്ക്” എന്ന് ആഗ്രഹിച്ചുപോകും. ഒന്നടങ്കം അമ്പിയാക്കളെ സമീപിക്കും, ഒന്ന് വിചാരണക്കെടുക്കാന്‍ ശിപാര്‍ശ ചെയ്യാന്‍. എല്ലാവരും കൈ മലര്‍ത്തും. അവസാനം തിരുനബി (സ)ക്ക് മുന്നിലെത്തും. “അതിന്നര്‍ഹന്‍ ഞാന്‍ തന്നെയെന്ന്” പറഞ്ഞ് അവിടുന്ന് സുജൂദില്‍ വീഴും. നാഥന്‍ അതു സ്വീകരിക്കും. സര്‍വരും നബി (സ)യെ പ്രശംസിക്കും. ഈ മഹത്തായ സ്ഥാനം അല്ലാഹു നല്‍കിയത് ശഅ്ബാന്‍ പതിനഞ്ചാം രാവിലാണ്.
ഏതാണ്ട് ഒന്നര വര്‍ഷത്തോളം നബി (സ) നിസ്‌കാരത്തില്‍ തിരിഞ്ഞത് ഫലസ്തീനിലെ അല്‍ അഖ്‌സാ മസ്ജിദിലേക്കായിരുന്നു. പക്ഷേ, ആഗ്രഹം മക്കയിലെ കഅ്ബ ഖിബ്‌ലയായി കിട്ടണമെന്നായിരുന്നു. ഏറെക്കാലം മനസ്സില്‍ താലോലിച്ച ആ മോഹം പുവണിഞ്ഞത് ശഅ്ബാനിന്റെ ധന്യ നിമിഷത്തിലായിരുന്നു. താങ്കള്‍ക്ക് പൊരുത്തപ്പെട്ട, തൃപ്തിപ്പെട്ട, ഖിബ്‌ലയിലേക്ക് ഞാന്‍ തങ്ങളെ തിരിക്കുന്നുവെന്നാണ് ഇതെക്കുറിച്ച് അല്ലാഹു വഹ്‌യ് നല്‍കിയത്. അതെ: അന്ത്യനാള്‍ വരെ, വിശ്വാസികള്‍ നിസ്‌കാരത്തില്‍ തിരിയുന്ന ഖിബ്‌ല കഅ്ബയായി അംഗീകരിക്കപ്പെടുകയും നബി (സ)യുടെ അഭിലാഷം പൂവണിയുകയും ചെയ്തത് ശഅ്ബാനിലായിരുന്നു.
“അല്ലാഹു നബി തങ്ങളെ നിരന്തരം പുകഴ്ത്തുന്നു. മലക്കുകളെല്ലാം അവിടുത്തേക്ക് സ്വലാത്ത് ചൊല്ലുന്നു. സത്യ വിശ്വാസികളെ നിങ്ങള്‍, നബിയുടെ പേരില്‍ സ്വലാത്, സലാം ചൊല്ലുക” എന്ന ആശയം വരുന്ന ഖുര്‍ആന്‍ സൂക്തം വിശ്രുതമാണ്. ആകാശത്തും ഭൂമിയിലും ഒരു സെക്കന്റ് ഒഴിവില്ലാതെ, ലോക നേതാവിന്റെ പേര് ഉച്ചരിച്ചുകൊണ്ടിരിക്കുന്നു. സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കുന്നു. ഇതിനു തുല്യം വെക്കാന്‍ മറ്റെന്തുണ്ട്? ഈ സൂക്തം അവതരിച്ചത് ശഅ്ബാന്‍ മാസത്തിലാണ്. അതു തന്നെയാണ് ശഅ്ബാന്‍ എന്റെ സ്വന്തം മാസമാണെന്ന വാക്കുകളില്‍ കാണാന്‍ കഴിയുന്നത്.
അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിക്കല്‍ മാന്യന്മാരുടെ ഗുണമാണ്. തിരുനബി (സ)ക്ക് ലഭിച്ച ഈ അനുഗ്രഹങ്ങള്‍, അമൂല്യങ്ങളാണ്. നിസ്തുല്യമാണ്. റമസാന്‍ കഴിഞ്ഞാല്‍ പിന്നെ, അവിടുന്ന് ഏറ്റവും കൂടുതല്‍ നോമ്പെടുത്തത് ശഅ്ബാനിലായിരുന്നുവെന്ന് പത്‌നി ആഇശാ(റ) പറയുന്ന ഹദീസ് ഇമാം ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അനുഗ്രഹങ്ങള്‍ക്കുള്ള നന്ദി പ്രകടനമായിരുന്നു അത്.
ശഅ്ബാനില്‍ കൂടുതല്‍ നോമ്പെടുക്കുന്നതിനെ കുറിച്ച് ഉസാമ (റ) ചോദിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞു. റജബിന്റെയും റമസാനിന്റെയും ഇടക്ക് അശ്രദ്ധമായിപ്പോകുന്ന മാസമാണ് ശഅ്ബാന്‍. മാത്രമല്ല, ആ മാസത്തില്‍ അടിമകളുടെ കര്‍മങ്ങള്‍ നാഥനിലേക്ക് ഉയര്‍ത്തപ്പെടും. എന്റെ കര്‍മങ്ങള്‍ നോമ്പ്കാരനായിരിക്കെ പടച്ചവനിലെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പൊതുവെ ശഅ്ബാന്‍ മാസം മഹത്തരമാണെന്നതിനു പുറമെ അതിന്റെ പതിനഞ്ചാം രാവും പകലും ഏറെ സവിശേഷത അര്‍ഹിക്കുന്നുണ്ട്. ഒട്ടനവധി ഹദീസുകളില്‍ അതിന്റെ മഹത്വം പറഞ്ഞിട്ടുണ്ട്. പ്രാര്‍ഥനക്ക് പ്രത്യേകം പരിഗണന ലഭിക്കുന്ന രാവാണ് ബറാഅത്ത് രാവെന്നത് അസന്നിഗ്ദമാണെന്ന് ഇമാം ശാഫിഈ (റ) പ്രസ്താവിച്ചു.
പാപമോചനം, നരകമോചനം, വിധി നിര്‍ണയം ഇതെല്ലാം ഈ രാവിന്റെ പ്രത്യേകതകളാണ്. തീര്‍ച്ചയായും ബറകത്തുള്ള രാത്രി. വിശുദ്ധ ഖുര്‍ആനിനെ നാം അവതരിപ്പിച്ചുവെന്ന ദുഖാന്‍ സൂറഃയുടെ ആദ്യ ആയത്തിലെ ലൈലതുല്‍ മുബാറകഃ ശഅ്ബാന്‍ പതിനഞ്ചാം രാവാണെന്ന് നിരവധി ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. റാസി, ഖുര്‍ത്വുബി, ത്വബ്‌രി, റൂഹുല്‍ മആനി തുടങ്ങി ഒട്ടനവധി തഫ്‌സീര്‍ ഗ്രന്ഥങ്ങളില്‍ ഇത് കാണാം.
ലൈലത്തുല്‍ മുബാറകഃ ലൈലതുല്‍ ബറാഅഃ ലൈലതുല്‍ ഇത്വ്ഖ്, ലൈലതുശ്ശഫാഅ, ലൈലതുല്‍ ഹയാത്, ലൈലതുല്‍ ഖിസ്മതി വത്തഖ്ദീര്‍ എന്നീ പേരുകളില്‍ ശഅ്ബാന്‍ പതിനഞ്ചാം രാവ് വിശ്രുതമാണ്. ആഇശ (റ) നിവേദനം: നബി (സ) പറഞ്ഞു. “ജിബ്‌രീല്‍ (അ) വന്നിട്ട് എന്നോട് പറഞ്ഞു. ഇത് ശഅ്ബാന്‍ പതിനഞ്ചാം രാവാണ്. കഅബ് ഗോത്രത്തിലെ ആടുകളുടെ രോമങ്ങളുടെ എണ്ണത്തേക്കാള്‍ ആളുകളെ ഇന്ന് രാത്രി അല്ലാഹു നരകത്തില്‍ നിന്നു മോചിപ്പിക്കും. ബഹുദൈവ വിശ്വാസി, കുടുംബ ബന്ധം വിഛേദിക്കുന്നവന്‍, ഞെരിയാണിക്ക് താഴെ ധിക്കാരപൂര്‍വം വസ്ത്രം ഇറക്കി ഉടുക്കുന്നവന്‍, മാതാപിതാക്കളെ ബുദ്ധിമുട്ടിക്കുന്നവന്‍, ലഹരിക്കടിപ്പെട്ടവന്‍, ആത്മഹത്യ ചെയ്തവന്‍, മുസ്‌ലിം ഉമ്മത്തില്‍ നിന്ന് വിഘടിച്ചു നില്‍ക്കുന്നവന്‍ എന്നിവര്‍ക്കൊന്നും അല്ലാഹു കൃപ ചൊരിയില്ല.” (ബൈഹഖി)
ശഅ്ബാന്‍ പതിനഞ്ചാം രാവും രണ്ട് പെരുന്നാള്‍ രാവും ആരാധനകള്‍ ചെയ്ത് ധന്യമാക്കിയാല്‍, ഹൃദയങ്ങള്‍ മരവിച്ചുപോകുന്ന ദിവസം അവരുടെ മനസ്സ് സജീവമായിരിക്കുമെന്ന് തിരുനബി (സ) പഠിപ്പിച്ചു. അടുത്ത ശഅ്ബാന്‍ വരെ മരണമടയുന്നവരുടെ വിവരം പതിനഞ്ചാം രാവില്‍ അല്ലാഹു അസ്‌റാഈല്‍ (അ)ന് വെളിപ്പെടുത്തിക്കൊടുക്കുമെന്ന് അത്വാ ഇബ്‌നുയസാര്‍ (റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം. ബറാഅത്ത് രാവില്‍ മദീനയിലെ ജന്നതുല്‍ ബഖീഇല്‍ ചെന്ന് ഏറെ നേരം നബി (സ) പ്രാര്‍ഥനയില്‍ മുഴുകിയ സംഭവം പത്‌നി ആഇശാ (റ) പറഞ്ഞുതരുന്നുണ്ട്. പാപ മോചനം തേടുന്നവരെവിടെ, ഞാനവര്‍ക്ക് പൊറുത്തുകൊടുക്കും. അന്നം തേടുന്നവരില്ലേ, ഞാന്‍ അന്നം നല്‍കുമല്ലോ, പരീക്ഷിക്കപ്പെട്ടവരില്ലേ, ഞാന്‍ അവര്‍ക്ക് സൗഖ്യം നല്‍കാം എന്നിങ്ങനെ അല്ലാഹുവിന്റെ ഭാഗത്തു നിന്നുള്ള വാഗ്ദാനങ്ങള്‍ മുഴങ്ങുന്ന രാവാണ് ശഅ്ബാന്‍ പതിനഞ്ചാം രാവ്.
പൂര്‍വീകരായ മഹത്തുക്കള്‍ ബറാഅത്ത് രാവ് മുഴുവന്‍ നിസ്‌കാരത്തില്‍ മുഴുകിയിരുന്നു. അല്ലാഹുവിന്ന് ഏറ്റവും ഇഷ്ടപ്പെട്ട ആരാധന നിസ്‌കാരമായതുകൊണ്ട് മഹത്തായ ആ രാത്രി അവര്‍ ഏറെ സമയം നിസ്‌കാരത്തിന്നായി ചെലവിട്ടു.
മനുഷ്യായുസ്സ് വിലയുള്ളതാണ്. ഒരുപകാരത്തിലും പെടാതെ അത് നശിപ്പിക്കാനുള്ളതല്ല. ബറകതുള്ള ജീവിതം നന്മകള്‍ നിറഞ്ഞതായിരിക്കും. പടച്ചവനോടുള്ള കടപ്പാടുകള്‍ നിറവേറ്റാനും പടപ്പുകളുടെ അവകാശങ്ങള്‍ നല്‍കാനും കഴിയുന്ന ജീവിതമാണാവശ്യം. അതിന്നായി, മഗ്‌രിബിന്റെ ശേഷം ഈ നിയ്യത്ത് വെച്ച്, അഥവാ ആയുസിന്റെ ബറകത്ത് കരുതി ഒരു യാസീന്‍ ഓതണം.
അന്ത്യം ദുഷിച്ചാല്‍ നരകമായിരിക്കും ശിക്ഷ. മരണസമയം പിശാചിന്റെ ശല്യം ശതഗുണീഭവിക്കും. കൊടും വേദനകൊണ്ട് പുളയുന്ന ആ സന്നിഗ്ദ ഘട്ടം ഈമാന്‍ കിട്ടി മരിക്കണം. അതാണ് സ്വര്‍ഗം നേടാനുള്ള വഴി. അതുകൊണ്ട് തന്നെ, ഈ നിര്‍ണയ രാത്രിയില്‍, അന്ന് നന്നായി മരിക്കണമെന്ന് നിയ്യത്ത് ചെയ്ത് മറ്റൊരു യാസീന്‍ ഓതണം. ഭക്ഷണ വിശാലതയും ഐശ്വര്യവും ആരുടെയും അഭിലാഷമാണ്. അന്നം മുട്ടിപ്പോകുന്ന ദുരന്തം അചിന്തനീയമാണ്. ഒട്ടകത്തിന്റെ പൃഷ്ട ഭാഗത്ത് വായ കാണിച്ചിരിക്കുന്ന പട്ടിണിപ്പാവങ്ങളുടെ ചിത്രം നമുക്ക് പാഠമാണ്. ജോലിയില്ലാതെ യാചിച്ചു ജീവിക്കേണ്ടിവന്നാല്‍ അതെന്തൊരു ദുരിതം!. അന്നം തിട്ടപ്പെടുത്തുന്ന ബറാഅത്ത് രാവില്‍ മൂന്നാമതൊരു യാസീന്‍കൂടി ഓതണം. ഇത് പൂര്‍വസൂരികളുടെ മാതൃകയാണ്. അനുകരണീയം, ഉദാത്തം. ശഅ്ബാന്‍ 15 ആയാല്‍ രാത്രി നിങ്ങള്‍ നിസ്‌കരിക്കണം. പകലില്‍ നോമ്പെടുക്കണം എന്ന ഹദീസ് നബി (സ) പറഞ്ഞതായി അലി (റ) നമുക്ക് പറഞ്ഞുതരുന്നുണ്ട്. ഇബ്‌നു മാജയാണ് ഇതിന്റെ റിപ്പോര്‍ട്ടര്‍. ഈ ഹദീസ് പ്രമാണയോഗ്യമാണെന്നും ഇതിന്റെ വെളിച്ചത്തില്‍, ശഅ്ബാന്‍ പതിനഞ്ചാം ദിനം നോമ്പെടുക്കല്‍ സുന്നത്താണെന്നും പണ്ഡിത ശ്രേഷ്ഠര്‍ പ്രസ്താപിച്ചിരിക്കുന്നു. ഇതുതന്നെയാണ് മുസ്‌ലിം ലോകത്തിന്റെ നാളിതുവരെയുള്ള ചരിത്രവും.
വിശുദ്ധ റമസാന്‍ പടിവാതില്‍ക്കലെത്തിയ ഈ ശുഭസമയത്ത് പാപങ്ങളില്‍ നിന്ന് വിട്ടുനിന്ന് നിഷിദ്ധ കാര്യങ്ങളില്‍ നിന്ന് അവയവങ്ങളെകാത്ത് സര്‍കര്‍മങ്ങള്‍ കൂടുതല്‍ ചെയ്ത് സൃഷ്ടാവായ അല്ലാഹുവിലേക്ക് അടുക്കാന്‍ ശ്രമിക്കുക. പടച്ചവന്‍ തുണക്കട്ടെ.