Connect with us

Ongoing News

കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി കാണാനാകില്ല: ബീഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍

Published

|

Last Updated

പാലക്കാട്: ബീഹാറില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി കാണാനാകില്ലെന്ന് ബീഹാര്‍ സോഷ്യല്‍ വെല്‍ഫെയര്‍ ഡയറക്ടര്‍ ഇമാനുദ്ദീന്‍ അഹ്മദ് അഭിപ്രായപ്പെട്ടു. ബീഹാറില്‍ നിന്നെത്തിയ കുട്ടികളെ പാലക്കാട് സന്ദര്‍ശിച്ച ശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ക്ക് ഇന്ത്യയിലെവിടെയും പഠിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. ശരിയായ രേഖകളില്ലാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നം. ബീഹാറിലെ കുട്ടികള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ കേരളത്തില്‍ പഠിക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാലക്കാട് സി ഡബ്ല്യൂ സിയാണെന്നും അദ്ദേഹം പറഞ്ഞു. ബീഹാറില്‍ നിന്നെത്തിയ സംഘം ജില്ലാ കലക്ടറുമായി ചര്‍ച്ച നടത്തിയ ശേഷം കുട്ടികള്‍ താമസിക്കുന്ന മുട്ടിക്കുളങ്ങര ബാല ഭവനും സന്ദര്‍ശിച്ചു.
ഇതിനിടെ അന്യ സംസ്ഥാനത്ത് നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഓര്‍ഫനേജുകള്‍ക്ക് പങ്കുള്ളതായി പ്രതികളുടെ മൊഴി. റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കഴിഞ്ഞ രണ്ട് ദിവസമായി ചോദ്യം ചെയ്തു വരികയായിരുന്നു െ്രെകം ബ്രാഞ്ച് സംഘം. കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നത് അനാഥാലയങ്ങളുടെ അറിവോടെയാണ് എന്ന് അറസ്റ്റിലായ പ്രതികള്‍ ക്രൈം ബ്രാഞ്ചിനോട് പറഞ്ഞു. കോഴിക്കോട് മുക്കം ഓര്‍ഫനേജിലേക്ക് 456 കുട്ടികളെയും, മലപ്പുറം വെട്ടത്തൂരിലെ ഓര്‍ഫനേജിലേക്ക് 123 കുട്ടികളെയുമാണ് കൊണ്ടുവന്നത്. അന്യ സംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവരുന്ന കാര്യം ഓര്‍ഫനേജ് അധികൃതര്‍ക്ക് അറിയാമായിരുന്നു എന്ന് പ്രതികള്‍ മൊഴി നല്‍കി. റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്ത നാല് പേര്‍ വെട്ടത്തൂര്‍ അനാഥാലയത്തിലെ ജോലിക്കാരും രണ്ട് പേര്‍ മുക്കത്തെ അധ്യാപകരുമാണ്. എന്നാല്‍ കുട്ടികളെ കൊണ്ടുവന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലന്ന നിലപാടിലായിരുന്നു ഓര്‍ഫനേജ് മാനേജ്‌മെന്റ്.

Latest