Connect with us

Kannur

നാളികേര വില ഇനിയും ഇടിയും; കേര കര്‍ഷകര്‍ക്ക് നെഞ്ചിടിപ്പേറുന്നു

Published

|

Last Updated

കണ്ണൂര്‍: അന്യ സംസ്ഥാനങ്ങളില്‍ നിന്ന് വന്‍ തോതില്‍ തേങ്ങയെത്തി ത്തുടങ്ങിയതോടെ സംസ്ഥാനത്ത് നാളികേരത്തിന് വിലത്തകര്‍ച്ച കാര്യമായി അനുഭവപ്പെട്ട് തുടങ്ങി. കാലവര്‍ഷം തുടങ്ങിയതോടെ മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് വന്‍ തോതിലാണ് കേരള വിപണിയിലേക്ക് നാളികേരമെത്തിക്കൊണ്ടിരിക്കുന്നത്. തേങ്ങയുടെ ഇറക്കുമതി കൂടിയതോടെ കേരഫെഡ് മുഖേന സംഭരിക്കുന്ന നാളികേരത്തിന്റെ വിലയുള്‍പ്പെടെ കുറഞ്ഞു. പൊതുവിപണികളിലും കഴിഞ്ഞ ഏതാനും ദിവസങ്ങളായി നാളികേര വില കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിലും വില കുറയുന്നത് തുടരുമെന്ന് തന്നെയാണ് സൂചനയെന്ന് നാളികേര വ്യാപാരികള്‍ പറയുന്നു.
കഴിഞ്ഞ ഏതാനും നാളുകളായി സംസ്ഥാനത്തെ നാളികേര വിപണി സജീവമായിരുന്നു. കൊപ്രക്കും തേങ്ങക്കും വെളിച്ചെണ്ണക്കുമെല്ലാം വിലയുയര്‍ന്ന് നിന്നത് കര്‍ഷകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കിയിരുന്നു. കൊപ്രക്ക് ക്വിന്റലിന് 10,000 രൂപയും കൊട്ടത്തേങ്ങക്ക് 8,000 രൂപയും തേങ്ങവില കിലോക്ക് 35 രൂപയുമെല്ലാമായി വര്‍ധിച്ചിരുന്നു. വെളിച്ചെണ്ണ കിലോക്ക് 150 കടന്നിരുന്നു. കഴിഞ്ഞ സെപ്തംബറിന് ശേഷമാണ് നാളികേര വില സംസ്ഥാനത്ത് കുറയാതെ നിന്നത്. തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും തേങ്ങ വരവ് കുറഞ്ഞതും കൃഷിഭവന്‍ വഴി നല്ല വില നല്‍കി പച്ചത്തേങ്ങാ സംഭരണം തുടങ്ങിയതുമെല്ലാം വിപണിയില്‍ നാളികേര വിലയുയരുന്നതിനിടയാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം 16 രൂപ നിരക്കിലാണ് പച്ചത്തേങ്ങാ സംഭരണം തുടങ്ങിയിരുന്നത്. ന്യായമായ വില ലഭ്യമായിത്തുടങ്ങിയതോടെ നാളികേരം കിട്ടാനില്ലാത്ത അവസ്ഥയായി. പല ഘട്ടങ്ങളിലായി സംഭരണവില കൂട്ടി 32 രൂപയിലെത്തിയിരുന്നു. എന്നാലിപ്പോള്‍ മലേഷ്യയില്‍ നിന്ന് പിണ്ണാക്കും തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് നാളികേരവും വന്‍തോതിലാണ് വരാന്‍ തുടങ്ങിയിട്ടുള്ളത്. മുന്‍ വര്‍ഷങ്ങളിലേതിന് വ്യത്യസ്ഥമായി ഇത്തവണ നല്ല വിളവ് തമിഴ്‌നാട്ടില്‍ ലഭ്യമായിട്ടുമുണ്ട്.
അതേസമയം നാളികേര വികസനത്തിനായി പല പദ്ധതികള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അതൊന്നും കാര്യക്ഷമമായി സംസ്ഥാനത്ത് നടപ്പാക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് നാളികേര കൃഷി വ്യാപിപ്പിക്കാനും കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് 1,55,310 ഹെക്ടര്‍ സ്ഥലത്തെ നാളികേര കൃഷി അപ്രത്യക്ഷമായതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കേരോത്പാദനത്തില്‍ ഈ കാലയളവില്‍ 30 കോടിയുടെ കുറവുണ്ടായി. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും തെങ്ങുകൃഷി കുറഞ്ഞുവരികയാണ്. കാല്‍നൂറ്റാണ്ട് മുമ്പ് വരെ കേരകൃഷിയില്‍ സംസ്ഥാനത്തിനുണ്ടായിരുന്ന മേല്‍ക്കോയ്മ പടിപടിയായി നഷ്ടപ്പെടുകയായിരുന്നു. ഇപ്പോള്‍ കൃഷിസ്ഥലത്തിന്റെ വിസ്തീര്‍ണത്തിലും നാളികേര ഉത്പാദനത്തിലും തമിഴ്‌നാടാണ് കേരളത്തേക്കാള്‍ മുന്നില്‍. 2001ല്‍ കേരളത്തില്‍ 9,25,783 ഹെക്ടറില്‍ തെങ്ങ് കൃഷി ചെയ്തിരുന്നു. 12 വര്‍ഷം കൊണ്ട് ഇത് 7,00,000 ഹെക്ടറായി കുറഞ്ഞു. 553.6 കോടി തേങ്ങ ഉത്പാദിപ്പിച്ചിരുന്ന കേരളത്തില്‍ കഴിഞ്ഞ കൊല്ലം ലഭിച്ചത് 4.90 കോടി നാളികേരമാണ്. കേരകൃഷിയില്‍ കോഴിക്കോട് ജില്ലയായിരുന്നു സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നിന്നത്. 2002ല്‍ 1,28,800 ഹെക്ടറില്‍ കൃഷി ചെയ്തിരുന്ന കോഴിക്കോട് ജില്ലയില്‍ ഇപ്പോള്‍ 119 ലക്ഷം ഹെക്ടറില്‍ മാത്രമേ തെങ്ങ് ഉള്ളൂ. ഉത്പാദനത്തില്‍ കോഴിക്കോട് മാത്രം 13 കോടി തേങ്ങയുടെ കുറവുണ്ടായി. എറണാകുളം ജില്ലയില്‍ 24,508 ഹെക്ടറിലും ആലപ്പുഴയില്‍ 20,431 ഹെക്ടറിലും കൊല്ലത്ത് 23,641 ഹെക്ടറിലും നാളികേര കൃഷി കുറഞ്ഞു എന്നാണ് ബോര്‍ഡിന്റെ കണക്ക്.
തമിഴ്‌നാട്ടില്‍ 343 ഹെക്ടര്‍ സ്ഥലത്ത് മാത്രമേ തെങ്ങ് കൃഷി ഉള്ളൂ. അവിടെ ഒരു ഹെക്ടറില്‍ നിന്ന് കിട്ടുന്നത് 9,000 തേങ്ങയാണ്. കര്‍ണാടകത്തില്‍ കിട്ടുന്നത് ഹെക്ടറിന് 4,037 തേങ്ങയും. എന്നാല്‍ കൂടുതല്‍ കൃഷിയുള്ള കേരളത്തില്‍ ഒരു ഹെക്ടറില്‍ നിന്ന് 5,641 തേങ്ങ മാത്രമാണ് കിട്ടുന്നുള്ളൂവെന്നാണ് കേരവികസന ബോര്‍ഡിന്റെ കണക്ക്.

Latest