Connect with us

Gulf

കള്ളടാക്‌സികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും

Published

|

Last Updated

അബുദാബി: കള്ളടാക്‌സിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അബുദാബി പോലീസ്.നിയമത്തെ വെല്ലുവിളിച്ച് എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്ന വ്യാജ ടാക്‌സികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി വ്യാപകമായി പരിശോധന നടത്തുമെന്നും പോലീസ് പറഞ്ഞു. എലക്ട്ര, മദീന സായിദ്, ഹംദാന്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ നിന്നു, മുസഫ്ഫ, റിം ദ്വീപ്, സനാഇയ്യ എന്നിവിടങ്ങളിലേക്കാണ് വ്യാജ ടാക്‌സികള്‍ പ്രധാനമായും സര്‍വീസ് നടത്തുന്നത്. വ്യാജ ടാക്‌സികളില്‍ യാത്രക്കാരെ കൊണ്ടുപോകവേ അക്രമിക്കപ്പെടുന്നതായും വഴിയില്‍ ഇറക്കിവിടുന്നതായുമുള്ള പരാതികള്‍ ശക്തമാണ്.
കഴിഞ്ഞ ദിവസം മുസഫ്ഫ സനാഇയ്യയിലേക്ക് കള്ളടാക്‌സിയില്‍ കയറിയ മലയാളിയെ വാടകയും വാങ്ങി മരുഭൂമിയില്‍ ഇറക്കിവിട്ടിരുന്നു. നിരവധി പരാതികളാണ് വ്യാജ ടാക്‌സികള്‍ക്കെതിരെ പോലീസില്‍ ലഭിച്ച് കൊണ്ടിരിക്കുന്നത്. വൈകുന്നേരങ്ങളില്‍ മുസഫ്ഫയിലേക്ക് വ്യാജ ടാക്‌സികളില്‍ പോകുന്നവരെ മരുഭൂമി പ്രദേശത്ത് ഇറക്കികയ്യിലുള്ള സാധനങ്ങള്‍ അപഹരിച്ച് അക്രമിക്കപ്പെടുന്നത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പുതുതായി ജോലി തേടി എത്തുന്നവരെയാണ് വ്യാജ ടാക്‌സി ലക്ഷ്യം വെക്കുന്നത്. ഭാഷയും പ്രദേശവും അറിയാത്ത ചിലര്‍ പരാതിപറയുവാനും പോകാറില്ല.
പരാതികള്‍ കൂടിയതാണ് പരിശോധന ശക്തമാക്കുവാന്‍ കാരണം. പഴയകാല ടാക്‌സികള്‍ പൂര്‍ണമായും നിര്‍ത്തലാക്കിയതാണ്. എന്നാല്‍, പഴയ ടാക്‌സികള്‍ മുസഫ്ഫ ഭാഗങ്ങളില്‍ ടാക്‌സി പെര്‍മിറ്റില്ലാതെ സര്‍വീസ് നടത്തുന്നുണ്ട്. ഇത്തരം ടാക്‌സികള്‍ പിടിക്കപ്പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു. അല്‍-ഐനിലും ഇത്തരം ടാക്‌സികള്‍ സര്‍വീസ് നടത്തുന്നുണ്ട്. രാത്രികാലങ്ങളിലാണ് നിരത്തിലിറങ്ങുന്നത്. വ്യാജ ടാക്‌സികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിന് പുറമെ യത്രക്കാര്‍ക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ അംഗീകൃത കമ്പനി ടാക്‌സികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന രീതിയിലാണ് കള്ള ടാക്‌സികള്‍ സര്‍വീസ് നടത്തുന്നത്. അഞ്ച്, ദിര്‍ഹം മുതല്‍ പത്ത് ദിര്‍ഹം വരെയാണ് വാടക ഈടാക്കുന്നത്. അല്‍-ഐനില്‍ സനാഇയ്യ മേഖലയിലാണ് വ്യാജ ടാക്‌സികള്‍ ഏറെയും. അല്‍ ഐനിലും പരിശോധന കര്‍ശനമാക്കുമെന്ന് പോലീസ് പറഞ്ഞു.