Connect with us

Gulf

118 വിദ്യാലയങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി

Published

|

Last Updated

ദുബൈ: 118 വിദ്യാലയങ്ങള്‍ക്ക് ട്യൂഷന്‍ ഫീസ് വര്‍ധിപ്പിക്കാന്‍ കെ എച്ച് ഡി എ (നോളജ് ആന്‍ഡ് ഹ്യൂമണ്‍ ഡവലപ്‌മെന്റ് അതോറിറ്റി) അനുമതി നല്‍കി. 135 വിദ്യാലയങ്ങളാണ് ട്യൂഷന്‍ ഫീസ് വര്‍ധന ആവശ്യപ്പെട്ട് കെ എച്ച് സി എയെ സമീപിച്ചത്. എട്ട് വിദ്യാലയങ്ങളുടെ അപേക്ഷയില്‍ തീരുമാനം കൈകൊണ്ടിട്ടില്ല.
ഏറ്റവും മികച്ച വിദ്യാലയങ്ങള്‍ക്ക് പരമാവധി 3.48 ശതമാനം വര്‍ധനക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. മികച്ച വിദ്യാലയങ്ങള്‍ക്ക് 2.61 ശതമാനവും നല്ലവിദ്യാലയങ്ങള്‍ക്ക് 1.74 ശതമാനവുമാണ് വര്‍ധനവിന് അനുമതി നല്‍കിയിരിക്കുന്നത്. 1.74 ഫീസ് വര്‍ധനക്ക് അനുമതി ലഭിച്ചവയില്‍ തൃപ്തികരമായവയും, തൃപ്തികരമല്ലാത്തവയുമായ വിദ്യാലയങ്ങളും ഉള്‍പ്പെട്ടിട്ടുള്ളതായി കെ എച്ച് ഡി എ ചീഫ് ഓഫ് റെഗുലേഷന്‍സ് ആന്‍ഡ് പെര്‍മിറ്റ്‌സ് കമ്മീഷന്‍ മുഹമ്മദ് ദര്‍വിഷ് വ്യക്തമാക്കി.
ചെലവ് വര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്തു തുടര്‍ച്ചയായ മൂന്നാമത്തെ വര്‍ഷമാണ് ഫീസ് വര്‍ധിപ്പിക്കാന്‍ കെ എച്ച് ഡി എ അനുമതി നല്‍കുന്നത്. മൂന്നു വര്‍ഷത്തില്‍ താഴെ പ്രവര്‍ത്തന പാരമ്പര്യമുള്ള വിദ്യാലയങ്ങള്‍ക്ക് ഫീസ് വര്‍ധിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഫീസ് വര്‍ധനക്ക് അനുമതി ചോദിച്ച് അപേക്ഷിച്ച എല്ലാ വിദ്യാലയങ്ങളിലും കെ എച്ച് ഡി എ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. സാഹചര്യം വിലയിരുത്തിയാണ് ഫീസ് വര്‍ധനക്ക് അനുമതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest