Connect with us

Malappuram

കലി തീരാതെ കടല്‍; സദ്ദാം ബീച്ചിലും പുതുപൊന്നാനിയിലും വീടുകള്‍ക്ക് ഭീഷണി

Published

|

Last Updated

പരപ്പനങ്ങാടി: കാലവര്‍ഷം ശക്തമായതോടെ കടല്‍ പ്രക്ഷുബ്ധമായി. പരപ്പനങ്ങാടി സദ്ദാം ബീച്ചില്‍ പൊന്നാനിയിലും കടലാക്രമണം തുടരുന്നു. ശക്തിയായ തിരമാലകള്‍ നൂറ് മീറ്ററോളം കരകവര്‍ന്നെടിത്തിരിക്കുകയാണ്. സദ്ദാം ബീച്ചിലെ തീരത്തെ എന്‍ പി ഹംസക്കോയയുടെ വീട് ഏത് സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണുള്ളത്. മറ്റ് വീടുകളും ഭീഷണി നേരിടുകയാണ്.
മണല്‍ ചാക്കുകള്‍ നിരത്തിയാണ് സംരക്ഷണ ഭിത്തി തീര്‍ത്തിട്ടുള്ളത്. ആലുങ്ങല്‍ ബീച്ചിലും ചാപ്പപ്പടിയിലും കടലാക്രമണം തുടരുകയാണ്. കരയില്‍ നിന്നും മണല്‍ തിരമാലകള്‍ കവര്‍ന്നെടുത്തതിനാല്‍ മണല്‍തിട്ട രൂപപ്പെട്ടതിനാല്‍ തീരത്തിന് താത്കാലിക സംരക്ഷണമായിട്ടണ്ട്.
ആലുങ്ങല്‍, പുത്തന്‍ കടപ്പുറം, ചാപ്പപ്പടി പ്രദേശത്തെ ഖബര്‍സ്ഥാനുകളും ഭീഷണിയിലാണുള്ളത്. മത്സ്യബന്ധന യാനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരിക്കുകയാണ്. കടല്‍ക്ഷോഭം തുടങ്ങിയതോടെ മത്സ്യബന്ധനം പാടെ നിലക്കുകയും ചെയ്തിട്ടുണ്ട്.
പൊന്നാനി: ശക്തമായ കടല്‍ക്ഷോഭത്തില്‍ പുതുപൊന്നാനി തീരത്ത് ഒരു വീട് തകരുകയും പത്തോളം വീടുകള്‍ തകര്‍ച്ചാ ഭീഷണി നേരിടുകയും ചെയ്യുന്നു. പുതുപൊന്നാനി അബുഹുറൈറ പളളിക്ക് പടിഞ്ഞാറുഭാഗത്ത് കുഞ്ഞിമാക്കാനകത്ത് അബൂബക്കറിന്റെ വീടാണ് തകര്‍ന്നത്. മൂന്ന് മാസം മുമ്പ് നിര്‍മിച്ച വീടാണിത്. കഴിഞ്ഞ വര്‍ഷത്തെ കടലാക്രമണത്തില്‍ അബൂബക്കറിന്റെ ഓടിട്ട വീട് പൂര്‍ണമായും തകര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് എം എല്‍ എ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വീടാണ് ഇന്നലെ കാലത്തുണ്ടായ ശക്തമായ കടലാക്രമണത്തില്‍ തകര്‍ന്നത്.
അബുഹുറൈറ പളളിയുടെ പടിഞ്ഞാറ് ഭാഗത്തെ പത്തു വീടുകള്‍ ഏത് നിമിഷവും തകരാവുന്ന നിലയിലാണ്. അബുഹുറൈറ പളളി കടലില്‍ നിന്ന് അഞ്ച് മീറ്റര്‍ അകലത്തിലാണുളളത്. തീരത്തെ പത്തോളം തെങ്ങുകള്‍ ഇന്നലെ കടപുഴകി. പുതുപൊന്നാനി തീരത്തിന് പുറമെ മരക്കടവ്, പൊന്നാനി അഴിമുഖം, വെളിയങ്കോട് തണ്ണിത്തുറ, പാലപ്പെട്ടി അജ്മീര്‍ നഗര്‍, കാപ്പിരിക്കാട് എന്നിവിടങ്ങളിലും രൂക്ഷമായ കടലാക്രമണം അനുഭവപ്പെട്ടു.
കലക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
താനൂര്‍: താനൂരില്‍ തുടരുന്ന രൂക്ഷമായ കടലാക്രമണത്തിന്റെ കെടുതികളെക്കുറിച്ച് മലപ്പുറം ജില്ലാ കലക്ടറോട് മന്ത്രിസഭാ യോഗം അടിയന്തിര റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ദിവസങ്ങളായി താനൂരില്‍ രൂക്ഷമായ കടലാക്രമണമാണുണ്ടാകുന്നത്. കടലാക്രമണത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും പത്തോളം വീടുകള്‍ക്ക് ഭാഗികമായും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. അടിയന്തിര നടപടികളുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചതായി അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ പറഞ്ഞു.

---- facebook comment plugin here -----

Latest