Connect with us

Malappuram

സ്‌കൂള്‍ ബസില്‍ കുത്തിനിറച്ച് യാത്ര: ശ്വാസ തടസം നേരിട്ട വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

Published

|

Last Updated

കൊണ്ടോട്ടി: സ്‌കൂള്‍ ബസില്‍ കുട്ടികളെ അമിതമായി കയറ്റിയതിനെ തുടര്‍ന്ന് കുട്ടികള്‍ക്ക് ശ്വാസ തടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടു.
തളര്‍ന്നു വീണ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ഹുസ്‌ന(13), ആദില (13), ശംസീദ(13), ശംല (13), ശഹാന ഷറിന്‍ (13), നാദിയ (13), ഹഫീഫ(13), ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ഫൈജാസ് (14) എന്നിവരാണ് ചികിത്സയിലുള്ളത്. ചീക്കോട് കെ കെ എം ഹൈസ്‌കൂളിലെ കുട്ടികള്‍ക്കാണ് ദുരനുഭവുണ്ടായത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് കുട്ടികളെ തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടയിലാണ് സംഭവം. ചീക്കോട് നിന്ന് വിളയില്‍ വഴി കടുങ്ങല്ലൂര്‍ ഭാഗത്തേക്കുള്ള കുട്ടികളായിരുന്നു ഈ ട്രിപ്പിലുണ്ടായിരുന്നത്. 50 കുട്ടികള്‍ കയറേണ്ട ബസില്‍ 150 നും 200 നും ഇടയില്‍ കുട്ടികളുണ്ടായിരുന്നതായി ബസില്‍ യാത്ര ചെയ്ത കുട്ടികള്‍ പറയുന്നു.
ബസ് പുറപ്പെട്ട് അധികം വൈകുന്നതിന് മുമ്പ് തന്നെ ശ്വാസ തടസം ഉണ്ടായിരുന്നതായി കുട്ടികള്‍ പറഞ്ഞിരുന്നു. എന്നാല്‍ ബസ് ജീവനക്കാര്‍ ഇത് കാര്യമായെടുത്തില്ല. യാത്ര തുടര്‍ന്നതോടെ പല കുട്ടികളും തളര്‍ന്ന് വീഴാന്‍ തുടങ്ങി. മറ്റ് കുട്ടികള്‍ ബഹളം വെച്ചതോടെ ബസ് നേരെ കടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് വിടുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് കുട്ടികളെ ബസില്‍ നിന്ന് താങ്ങിയെടുത്തു ആശുപത്രിയിലാക്കി. ഈ സമയം ഏതാനും കുട്ടികള്‍ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. തീവ്ര പരിചരണം ആവശ്യമില്ലാത്ത കുട്ടികളെ ആവശ്യമായ ചികിത്സ നല്‍കി വിട്ടയച്ചു. കടുങ്ങല്ലൂര്‍ പ്രദേശത്തുള്ള കുട്ടികള്‍ അരീക്കോട്, കിഴിശ്ശേരി ഹൈസ്‌കൂളുകളിലേക്കാണ് തുടര്‍ പഠനത്തിനു പോകാറുണ്ടായിരുന്നതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. ചീക്കോട് സ്‌കൂള്‍ മാനേജ് മെന്റ് ഈ റൂട്ടില്‍ ബസ് സര്‍വീസ് നടത്തി കുട്ടികളെ തങ്ങളുടെ സ്‌കൂളിലേക്ക് ആകര്‍ഷിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു.

Latest