Connect with us

Malappuram

കളി അങ്ങ് മാറക്കാനയില്‍ ആവേശം ഇങ്ങ് മലപ്പുറത്ത്

Published

|

Last Updated

മലപ്പുറം: അങ്ങ് മാറാക്കാനയില്‍ ലോക ഫുട്‌ബോള്‍ താരങ്ങള്‍ ബ്രസൂക്ക കാലില്‍ ആവാഹിച്ച് എതിര്‍ വല ചലിപ്പിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ഇവിടെ മലപ്പുറത്തുകാരും ആ സ്വപ്‌ന മാമാങ്കത്തില്‍ അലിഞ്ഞ് ചേരാന്‍ തയ്യാറായി കഴിഞ്ഞു.
ഇന്ന് അര്‍ധ രാത്രി ഇന്ത്യന്‍ സമയം 1.30ന് സാവോപോളോ സ്റ്റേഡിയത്തില്‍ തുടങ്ങുന്ന ലോകകപ്പിനെ മാസങ്ങള്‍ക്ക് മുമ്പ് തന്നെ ജില്ലയിലെ ഫുട്‌ബോള്‍ പ്രേമികള്‍ വരവേറ്റു കഴിഞ്ഞിരുന്നു. ഓരോ ടീമുകള്‍ക്കും വേണ്ടി ആര്‍ത്തുവിളിക്കാന്‍ പണ്ടെ മലപ്പുറത്തുകാര്‍ക്ക് ഹരമാണ്. ടീമുകള്‍ക്ക് വേണ്ടി വാദിക്കാനും തങ്ങളുടെ ഇഷ്ട ടീമിന്റെ പോരിശകള്‍ പറഞ്ഞ് ഫലിപ്പിക്കാനും വേണ്ടി പാടുപെടുന്ന ഫുട്‌ബോള്‍ പ്രേമികളെയാണ് ഓരോ കവലകളിലും ഇപ്പോള്‍ കാണാന്‍ കഴിയുക. വാഹനങ്ങളില്‍ ചായമടിച്ചും തെരുവോരങ്ങളില്‍ ഫഌക്‌സുകളും തോരണങ്ങളും സ്ഥാപിച്ചും പരസ്പരം മത്സരിക്കുന്ന ബ്രസീല്‍ ആരാധകരും അര്‍ജന്റീനീയന്‍ ആരാധകരുമാണ് പ്രധാനമായും തങ്ങളുടെ ടീമുകളുടെ മഹിമ പറഞ്ഞ് കൊമ്പുകോര്‍ക്കുന്നത്. മാത്രമല്ല ഇറ്റലി, സ്‌പെയിന്‍, ഇംഗ്ലണ്ട്, ജര്‍മനി, ഫ്രാന്‍സ്, ഹോളണ്ട്, പോര്‍ച്ചുഗല്‍ എന്നീ ടീമുകള്‍ക്കും ജില്ലയില്‍ ആരാധകരുണ്ട്. പ്രായമായവര്‍ മുതല്‍ കൊച്ചു കുട്ടികള്‍ വരെ കാതങ്ങള്‍ അകലെ നടക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന്റെ ചര്‍ച്ചാ വിശേഷങ്ങളിലാണ്.
നാട്ടിലെങ്ങും റോഡ് ഷോകളും ഫുട്‌ബോള്‍ സൗഹൃദ മത്സരങ്ങളും ഇതിനകം നടന്നുകഴിഞ്ഞു. പല സ്‌കൂളുകളിലും ഇന്നലെ വിദ്യാര്‍ഥികള്‍ ലോക ഫുട്‌ബോളിന്റെ ആവേശം വാരി വിതറി നിരത്തിലിറങ്ങിയിരുന്നു. സ്‌കൂളുകളില്‍ യൂനിഫോമിന് പകരം ഇഷ്ട ടീമുകളുടെ ജേഴ്‌സി അണിഞ്ഞാണ് വിദ്യാര്‍ഥികള്‍ ക്ലാസിലെത്തിയത്. ആ ആവേശം ഇന്ന് മുതല്‍ ഒരു മാസക്കാലം പതിന്‍മടങ്ങാകും.
മത്സരം അടുത്തതോടെ പണത്തിനും സ്വന്തം വാഹനത്തിനും വരെ പന്തയങ്ങളുടെ പൊടിപൂരമാണ്. മാത്രമല്ല ആട്, കാള, കുഴിമന്തി, ബിരിയാണി എന്നിവക്ക് വരെ പന്തയങ്ങള്‍ മുറുകുന്നു. തങ്ങള്‍ കാത്തിരിക്കുന്ന സ്വപ്‌ന മത്സരങ്ങള്‍ കാണാന്‍ എല്‍ സി ഡി സ്‌ക്രീനുകളും ക്ലബുകളില്‍ ഒരുങ്ങി കഴിഞ്ഞു. മാത്രമല്ല ലോകകപ്പ് പ്രമാണിച്ച് പ്രത്യേകം ടെന്റുകള്‍ കെട്ടിയും മത്സരം കാണാനുള്ള ആവേശത്തിലാണ് ഫുട്‌ബോള്‍ സ്‌നേഹികള്‍.
മേല്‍മുറി ഇരുപത്തിഴേയിങ്ങലിലെ പടിഞ്ഞാറെ മുക്കില്‍ ഇത്തരം ഒരു ടെന്റ് നിര്‍മിച്ചിരിക്കുകയാണ് ഇവിടുത്തെ വെസ്റ്റ് കോര്‍ണര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ്. കളി കാണാന്‍ എല്‍ സി ഡി പ്രൊജക്ടറാണ് ഇവിടെ സംവിധാനിച്ചിട്ടുള്ളത്. മാത്രമല്ല ഉദ്ഘാടന മത്സരമായ ഇന്ന് ബ്രസീല്‍ ആരാധകരുടെ വക കളി കാണാനെത്തുന്നവര്‍ക്ക് രുചിയേറും ബിരിയാണിയും തയ്യാറാകും.
കൂടാതെ ഓരോ ദിവസവും വിവിധ തരത്തിലുള്ള പായസത്താലും മധുരം നുണയാം. ചില കബ്ലുകളില്‍ കട്ടനും കപ്പയും മത്തിക്കറിയുമാണ് തയ്യാറാക്കുന്നത്. ഇത്തരത്തില്‍ ജില്ലയിലെ പല ക്ലബ്ബുകളുടെയും മറ്റു കൂട്ടായ്മകളുടെയും നേതൃത്വത്തില്‍ മത്സരം കാണാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്. ഇനി സാവോപോളോയില്‍ പന്തുരുണ്ടാല്‍ മാത്രം മതി ഇവിടുത്തെ ഫുട്‌ബോള്‍ പ്രേമികളുടെ ചങ്കിടിപ്പ് കൂടാന്‍.

Latest