Connect with us

Ongoing News

സാംബാ കിക്കോഫ്‌

Published

|

Last Updated

ജോഗ ബൊണീറ്റോ ! അതേ, ലോകത്തെ മനോഹരമായ ഗെയിമായ ഫുട്‌ബോളിന്റെ വിശ്വവിജയിയെ കണ്ടെത്താനുള്ള ഉത്സവത്തിന് ഇന്ന് ബ്രസീലില്‍ കൊടിയേറ്റം. ലോകകപ്പ് ചരിത്രത്തിലെ ഇരുപതാമത്തെ മാമാങ്കത്തിന് വേദിയാകുന്നത് ഫുട്‌ബോള്‍ രാജാക്കന്‍മാരായ ബ്രസീലിന്റെ മണ്ണാണെന്നത് ധന്യത. ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തരയോടെ ഉദ്ഘാടന ചടങ്ങ് ആരംഭിക്കും. രാത്രി ഒന്നരക്ക് (വെള്ളി പുലര്‍ച്ചെ) ബ്രസീല്‍-ക്രൊയേഷ്യ മത്സരത്തോടെ ഫിഫ ലോകകപ്പിന് കിക്കോഫ്. അടുത്ത മാസം പതിമൂന്നിന് ഫൈനല്‍. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസെഫ് ഉള്‍പ്പടെയുള്ള രാഷ്ട്രീയ പ്രമുഖരും ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ അടങ്ങുന്ന ഫിഫ ഡെലിഗേറ്റ്‌സും ലോക നേതാക്കളും ചടങ്ങില്‍ സംബന്ധിക്കും.
വി ആര്‍ വണ്‍ (ഒലെ, ഓല) – നമ്മളൊന്നാണ് എന്ന ലോകകപ്പ് ഗാനമാലപിച്ചു കൊണ്ട് പിറ്റ്ബുളും ബ്രസീലിയന്‍ പോപ്‌സിംഗര്‍ ക്ലോഡിയ ലെയ്റ്റയും ഗ്യാലറിക്കും ടി വി പ്രേക്ഷകര്‍ക്കും സംഗീത വിരുന്നൊരുക്കും. വിഖ്യാത ഗായിക ജെന്നിഫര്‍ ലോപസ് ചടങ്ങില്‍ പെങ്കെടുക്കില്ലെന്ന് അറിയിച്ചെങ്കിലും തീരുമാനം മാറ്റിയെന്നതാണ് പുതിയ വിവരം. ലോകകപ്പ് ഗാനം വേണ്ടത്ര ഹിറ്റായില്ലെന്ന ആക്ഷേപം സംഘാടകരുടെ ഭാഗത്ത് നിന്നുയര്‍ന്നതാണ് ജെന്നിഫര്‍ ലോപസിനെ പിണക്കിയതെന്ന് സംസാരമുണ്ട്.
വിവിധ വന്‍കരകളെ പ്രതിനിധാനം ചെയ്ത് 32 ടീമുകള്‍. എട്ട് ഗ്രൂപ്പുകളില്‍ നാല് ടീമുകള്‍ വീതം അണിനിരന്ന് പ്രാഥമിക റൗണ്ട്. ആകെ 64 മത്സരങ്ങള്‍. ഒരു മാസം നീളുന്ന ടൂര്‍ണമെന്റ് ടെലിവിഷന്‍ വിപണിയെ ലക്ഷ്യമിട്ട് നട്ടുച്ചക്ക് പോലും നടത്താനൊരുങ്ങുകയാണ് ഫിഫ. പ്രതിഷേധമുണ്ട്, പക്ഷേ വിപണിക്ക് മുന്നില്‍ തല കുനിക്കുകയേ രക്ഷയുള്ളൂ.
ബ്രസീല്‍ തോറ്റാല്‍ !
രാഷ്ട്രം വലിയൊരു മേളക്കൊരുങ്ങുമ്പോള്‍ ബ്രസീലിയന്‍ ജനത മുഴുവനായും ലോകകപ്പിനെ സ്വാഗതം ചെയ്യുന്നില്ല. ദേഷ്യം ലോകകപ്പിനോടല്ല. ധൂര്‍ത്തടിക്കുന്ന രാഷ്ട്രീയക്കാരോടും സര്‍ക്കാറിനോടുമാണ്.
മുന്‍ താരം റൊമാരിയോയും വിഖ്യാത സാഹിത്യകാരന്‍ പൗലോ കോയ്‌ലോയുമൊക്കെ ധൂര്‍ത്തിനെതിരെ ശബ്ദമുയര്‍ത്തിയിട്ടുണ്ട്.
വലിയ പ്രതീക്ഷയോടെ നില്‍ക്കുന്ന ബ്രസീല്‍ ലോകകപ്പില്‍ നേരത്തെ പുറത്തായാല്‍ എന്താകും സംഭവിക്കുക. ഒരു പക്ഷേ, ടൂര്‍ണമെന്റ് തന്നെ ഉപേക്ഷിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിയേക്കും.
പ്രക്ഷോഭകര്‍ തലങ്ങും വിലങ്ങും ആക്രമമഴിച്ചു വിടുമെന്ന കാര്യം നിസ്തര്‍ക്കം. സര്‍ക്കാര്‍ അത് മുന്നില്‍ കണ്ടുകൊണ്ടു തന്നെ വന്‍ സുരക്ഷയൊരുക്കുന്നു. അതിന്റെ സമ്മര്‍ദം നെയ്മറിന്റെ മുഖത്തും സ്‌കൊളാരിയുടെ ചേഷ്ടകളിലുമൊക്കെ കണ്ടു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സെര്‍ബിയക്കെതിരായ സന്നാഹ മത്സരത്തില്‍ ബ്രസീല്‍ തപ്പിത്തടഞ്ഞപ്പോള്‍ സാവോപോളോ സ്റ്റേഡിയത്തില്‍ ബ്രസീല്‍ അനുകൂലികള്‍ കൂവി. അതൊരു മുന്നറിയിപ്പായിരുന്നു. ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫും ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്ററും ഇന്ന് ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചാലറിയാം പ്രതിഷേധക്കാറ്റിന്റെ കരുത്ത്. നാട്ടുകാര്‍ കൂവി വിളിക്കുമെന്നുറപ്പിക്കാം. ശമ്പളവര്‍ധനയും അടിസ്ഥാന സൗകര്യവികസനവും ആവശ്യപ്പെട്ട് ജനം ഒന്നടങ്കം തെരുവിലിറങ്ങിയിരിക്കുകയാണ്. ഞങ്ങള്‍ക്ക് സ്റ്റേഡിയങ്ങളല്ല വേണ്ടത്, ആശുപത്രികളും പാര്‍പ്പിടങ്ങളുമാണെന്ന് ഫവേലകളിലെ (ചേരി) ജനങ്ങള്‍ മുദ്രാവാക്യം മുഴക്കുന്നു.
ചൂടേറുന്നു
പ്രതിഷേധച്ചൂട് ഒരു ഭാഗത്ത്. പ്രകൃതിയുടെ ചൂട് മറുഭാഗത്ത്. ബ്രസീലില്‍ താരോദയമാകാന്‍ ഒരുങ്ങുന്നത് ശരിക്കും വിയര്‍പ്പൊഴുക്കേണ്ടി വരും. യൂറോപ്പുകാര്‍ക്കാണ് കാലാവസ്ഥ എട്ടിന്റെ പണി കൊടുക്കുകയെന്ന് അമേരിക്കന്‍ ഭൂഖണ്ഡക്കാര്‍ പരക്കെ വിശ്വസിക്കുന്നു. അതിന്റെ ബലത്തിലാണ് ബ്രസീലും അര്‍ജന്റീനയും ഉറുഗ്വെയുമൊക്കെ കുതിച്ചേക്കാമെന്ന് നിരീക്ഷിക്കുന്നത്. എന്നാല്‍, ഈ ബ്രസീലും അര്‍ജന്റീനയിലുമൊക്കെ കളിക്കുന്ന ഭൂരിഭാഗം പേരും യൂറോപ്പിലാണ് വര്‍ഷം നീളുന്ന ക്ലബ്ബ് സീസണ്‍ കളിക്കുന്നത്. കാലാവസ്ഥ അവര്‍ക്കും ബാധകമാകില്ലേ എന്ന ചോദ്യം മറുഭാഗത്തുണ്ട്.
അമേരിക്കയുടെ മിഡ്ഫീല്‍ഡര്‍ മൈക്കല്‍ ബ്രാഡ്‌ലി കഴിഞ്ഞ ദിവസം പറഞ്ഞത് ചൂട് അവര്‍ക്കൊരു പ്രശ്‌നമേയല്ലെന്നാണ്. വെയിലാണെങ്കില്‍ വെയില്, മഴയെങ്കില്‍ മഴ. രണ്ടും കല്പിച്ചാണ് വന്നിരിക്കുന്നതത്രെ അമേരിക്കന്‍ ടീം. തെക്കേ അമേരിക്കയിലെ കാലാവസ്ഥ അമേരിക്കക്കാര്‍ക്ക് പരിചിതം. യൂറോപ്യന്‍മാര്‍ വിയര്‍ക്കുക തന്നെ ചെയ്യുമെന്ന് ബ്രാഡ്‌ലി ഉറച്ച് വിശ്വസിക്കുന്നു.
ഇംഗ്ലണ്ട് കോച്ച് റോയ് ഹൊഗ്‌സനും കാലാവസ്ഥ ചതിക്കുമെന്ന മുന്നറിയിപ്പ് നല്‍കുന്നു. റഷ്യയുടെ സ്ഥിതിയാണ് കഷ്ടം. മഞ്ഞ് പെയ്തുറഞ്ഞ ഗ്രൗണ്ടിലാകും അവിടെ ചിലപ്പോള്‍ ലീഗ്.
റഷ്യന്‍ ടീമിലാണെങ്കില്‍ റഷ്യയില്‍ ലീഗ് കളിക്കുന്നവരാണേറെയും. മഴ ഇടച്ച് ചാറിപ്പോകുന്നുവെന്ന വാര്‍ത്ത യൂറോപ്പുകാരെ സന്തോഷിപ്പിക്കുന്നുണ്ട്. സംഘാടകര്‍ക്ക് പക്ഷേ, അത്ര സുഖം പോരെ മഴയുടെ വരവില്‍. ഒന്ന് തട്ടിക്കൂട്ടിയെടുക്കുമ്പോള്‍ മഴ വന്നാലെങ്ങനെയാ…എല്ലാം ചളിക്കുളമാകില്ലേ. സാവോ പോളോ സ്റ്റേഡിയത്തിന് പുറത്തെ കാഴ്ച ഇപ്പോള്‍ അങ്ങനെയത്രെ.