Connect with us

Ongoing News

കെ എസ് ആര്‍ ടി സി പുനരുദ്ധാരണ പാക്കേജിന് തത്വത്തില്‍ അംഗീകാരം

Published

|

Last Updated

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സിയെ രക്ഷിക്കുന്നതിന് പ്രത്യേക പുനരുദ്ധാരണ പാക്കേജിന് തത്വത്തില്‍ അംഗീകാരം. എല്‍ ഐ സി യുമായി ചേര്‍ന്ന് തീരുമാനിച്ച പദ്ധതി തള്ളിയാണ് പുതിയ പാക്കേജ് രൂപവത്കരിച്ചിട്ടുള്ളത്. കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം അടുത്ത മന്ത്രിസഭാ യോഗത്തില്‍ പാക്കേജിന് അന്തിമ അനുമതി നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാറും കെ എസ് ആര്‍ ടി സിയും സംയുക്തമായി നടപ്പിലാക്കുന്ന പാക്കേജിനാണ് തത്വത്തില്‍ അംഗീകാരമായത്. പുതിയ പാക്കേജിനെക്കുറിച്ച് തൊഴിലാളി യൂനിയനുകളുടമായി ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയെ യോഗം ചുമതലപ്പെടുത്തി. ഇതിന് ശേഷം സര്‍ക്കാറിന് മുന്നില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. തുടര്‍ന്നായിരിക്കും അന്തിമ അനുമതി.
നിലവിലെ പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുന്നതിന് അടിയന്തര ധനസഹായമായി 50 കോടി രൂപ അനുവദിക്കാനും യോഗത്തില്‍ തീരുമാനമായി. ഏപ്രില്‍ മാസത്തെ 25 കോടിയും മെയ് മാസത്തെ 37 കോടിയും ഉള്‍പ്പെടെ 62 കോടി രൂപയാണ് നിലവില്‍ പെന്‍ഷന്‍ കുടിശ്ശിക. ഇത് ഇന്നു തന്നെ നല്‍കും. സര്‍ക്കാര്‍ അനുവദിച്ച 50 കോടിക്ക് പുറമേ 12 കോടി രൂപ കെ എസ് ആര്‍ ടി സി കണ്ടെത്തി പെന്‍ഷന്‍ കുടിശ്ശിക കൊടുത്തു തീര്‍ക്കും.
ഇന്നലെ രാവിലെ ഗതാഗത മന്ത്രി നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് മന്ത്രിസഭാ യോഗത്തിലും ഈ വിഷയം ചര്‍ച്ച ചെയ്തത്. കെ എസ് ആര്‍ ടി സിയില്‍ പൊതുവായി ഒരു സ്‌കീം നടപ്പാക്കുകയെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ജീവനക്കാരും യൂനിയന്‍ നേതാക്കളുമായി ഗതാഗത മന്ത്രി ചര്‍ച്ച നടത്തിയ ശേഷം തൊഴിലാളി താത് പര്യങ്ങള്‍ പരിഗണിച്ച് പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്ന കാര്യത്തില്‍ അടുത്ത മന്ത്രിസഭാ യോഗം അന്തിമ തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ജീവനക്കാരുടെ സംഘടനയുമായും തൊഴിലാളി യൂനിയന്‍ നേതാക്കളുമായും സംസാരിച്ച് പാക്കേജിന് പിന്തുണ നേടും. കെ എസ് ആര്‍ ടി സിയെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവുകയെന്നത് സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അതിനായി സര്‍ക്കാര്‍ എല്ലാവിധ പിന്തുണയും നല്‍കും. ജീവനക്കാരെ വിശ്വാസത്തിലെടുത്താകും മുമ്പോട്ടു പോകുക. എല്‍ ഐ സിയുമായി ചേര്‍ന്ന് പെന്‍ഷന്‍ പദ്ധതി നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചതില്‍ നിന്നും പരിഷ്‌കരിച്ച പാക്കേജാണ് പരിഗണനയിലുള്ളതെ ന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാ മാസവും പെന്‍ഷന്‍ നല്‍കാനായി സര്‍ക്കാറിന് സഹായം നല്‍കാനാകില്ല. ചെലവ് കുറച്ചും വരുമാനം വര്‍ധിപ്പിച്ചും സാമ്പത്തിക പ്രതിസന്ധി മറികടക്കുകയെന്നതാണ് കോര്‍പറേഷന് മുന്നിലുള്ള വഴി. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും കോര്‍പറേഷന് വരുമാനം വര്‍ധിപ്പിക്കുകയുമാണ് കെ എസ് ആര്‍ ടി സിയുടെ പാക്കേജിന്റെ ലക്ഷ്യം. ഇതിനായി ബസ് സ്റ്റേഷനുകളില്‍ വരുമാന വര്‍ധനക്കുള്ള സംവിധാനങ്ങള്‍ ഒരുക്കും.

Latest