Connect with us

Kerala

നാല് ഡാമുകള്‍ തമിഴ്‌നാടിന് സ്വന്തം

Published

|

Last Updated

തിരുവനന്തപുരം; കേരളത്തിലെ നാല് ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാട് സ്വന്തമാക്കി. മുല്ലപ്പെരിയാര്‍, തുണക്കടവ്, പറമ്പിക്കുളം, പെരുവാരിപള്ളം ഡാമുകളുടെ ഉടമസ്ഥാവകാശമാണ് തമിഴ്‌നാട് ഏറ്റെടുത്തത്. നാഷനല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസിന്റെ രജിസ്റ്ററില്‍ ഈ നാല് ഡാമുകളും തമിഴ്‌നാട് ഉടമസ്ഥതയിലാണെന്ന് രേഖപ്പെടുത്തുകയും ചെയ്തു.

2013 ഡിസംബര്‍ 27ന് ചേര്‍ന്ന ദേശീയ ഡാം സുരക്ഷാ സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. തമിഴ്‌നാട് പ്രവര്‍ത്തിപ്പിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും ചെയ്യുന്ന ഡാമുകള്‍ എന്ന നിലയിലാണ് നേരത്തെ രേഖപ്പെടുത്തിയിരുന്നതെങ്കില്‍ ഉടമസ്ഥാവകാശവും വേണമെന്ന തമിഴ്‌നാടിന്റെ വാദം ഈ യോഗത്തില്‍ അംഗീകരിക്കുകയായിരുന്നു.
കേരളത്തെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുത്ത ചീഫ് എന്‍ജിനീയര്‍ പി ലതിക ഇതിനോട് വിയോജിച്ചതുമില്ല. നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ ജമീലാ പ്രകാശമാണ് ഇക്കാര്യം ഉന്നയിച്ചത്. യോഗത്തിന്റെ മിനുട്‌സ് ഉള്‍പ്പെടെയുള്ള രേഖകളും അവര്‍ സഭയില്‍ ഹാജരാക്കി. വിഷയം ഗുരുതരമാണെന്ന് കാണിച്ച് പ്രതിപക്ഷ അംഗങ്ങള്‍ സീറ്റില്‍ നിന്ന് എഴുന്നേറ്റ് ബഹളം വെച്ചതോടെ സഭാനടപടികള്‍ ഇരുപത് മിനുട്ടോളം തടസ്സപ്പെട്ടു.
ദേശീയ ഡാം സുരക്ഷാ സമിതിയുടെ 32ാമത് യോഗത്തിലാണ് നാല് ഡാമുകളുടെ ഉടമസ്ഥാവകാശം വേണമെന്ന് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ടത്. യോഗത്തില്‍ ഇതിനോട് കേരളം വിയോജിപ്പ് അറിയിച്ചില്ലെന്ന് മാത്രമല്ല, ഈ യോഗത്തിന്റെ മിനുട്‌സ് അയച്ചപ്പോള്‍ ഒപ്പിട്ട് തിരിച്ച് നല്‍കുകയും ചെയ്തു. യോഗത്തിന്റെ മിനുട്‌സില്‍ ഡാമുകളുടെ ഉടമസ്ഥാവകാശം തമിഴ്‌നാടിനു ലഭിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനു ശേഷം അപകടം മണത്ത സംസ്ഥാന സര്‍ക്കാര്‍ ഈ തീരുമാനം പുനഃപരിശോധിക്കണമെന്നും തമിഴ്‌നാടിന് ഡാമുകളുടെ ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് ഉള്‍പ്പെടുത്തിയ അടിക്കുറിപ്പ് ഒഴിവാക്കണമെന്നുമാവശ്യപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി 17ന് കത്തയച്ചിരുന്നു. ഏപ്രില്‍ 15ന് ഇതിന് ലഭിച്ച മറുപടിയില്‍ നാല് ഡാമുകളുടെയും ഉടമസ്ഥാവകാശം തമിഴ്‌നാടിനാണെന്ന് യോഗം അംഗീകരിച്ചതായി വ്യക്തമാക്കുന്നു.
മാത്രമല്ല, കേരളത്തിന്റെ പ്രതിനിധി എന്‍ സി ഡി എസ് യോഗത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാത്തതിനാലാണ് തമിഴ്‌നാടിന്റെ ആവശ്യം അംഗീകരിച്ചതെന്നും മറുപടിക്കത്തിലുണ്ട്. കേരളത്തിന്റെ പുതിയ ആവശ്യത്തിന്‍മേല്‍ തമിഴ്‌നാടിന്റെ അഭിപ്രായം ആരായും എന്ന് മാത്രമാണ് മറുപടിയിലുള്ളത്. അന്തര്‍സംസ്ഥാന നദീജല പ്രശ്‌നമായതിനാല്‍ തമിഴ്‌നാടിന്റെ മറുപടി ലഭിച്ച ശേഷമേ കേരളത്തിന്റെ ആവശ്യത്തില്‍ തീരുമാനമെടുക്കാനാകൂ എന്നാണ് എന്‍ സി ഡി എസ് സ്വീകരിച്ചിരിക്കുന്ന നിലപാട്.
ഉടമസ്ഥാവകാശം ലഭിച്ചതിന് പിന്നാലെ കേരളം മൂന്ന് ഡാമുകളില്‍ സുരക്ഷാ പരിശോധന നടത്തുന്നതും തമിഴ്‌നാട് തടഞ്ഞിട്ടുണ്ട്. പറമ്പിക്കുളം, തൂണക്കടവ്, പെരുവാരിപ്പള്ളം ഡാമുകളില്‍ സംസ്ഥാന ഡാം സുരക്ഷാ അതോറിറ്റി കഴിഞ്ഞ മാസം പരിശോധന നടത്താന്‍ തീരുമാനിച്ചതാണ്. ഇക്കാര്യം തമിഴ്‌നാടിനെ അറിയിച്ചപ്പോള്‍ ഡാമുകളുടെ ഉടമസ്ഥാവകാശവും നടത്തിപ്പും അറ്റകുറ്റപ്പണിയും തങ്ങള്‍ക്കാണെന്നും ഡാമുകളുടെ സുരക്ഷയെപ്പറ്റി കേരള ഡാം സുരക്ഷാ അതോറിറ്റി ഒരുകാലത്തും പരിശോധിക്കേണ്ട ആവശ്യമില്ലെന്നുമാണ് തമിഴ്‌നാട് പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചത്.
അതേസമയം, ഡാമുകളുടെ നടത്തിപ്പും അറ്റകുറ്റപ്പണിയും നടത്തുന്നതു തമിഴ്‌നാടാണെന്നത് പരിഗണിച്ചും അവരുടെ അഭ്യര്‍ഥന പ്രകാരം ഉടമസ്ഥാവകാശം നാഷനല്‍ രജിസ്റ്റര്‍ ഓഫ് ലാര്‍ജ് ഡാംസില്‍ അടിക്കുറിപ്പായി ചേര്‍ക്കുന്നതു സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകാത്തതിനാലുമാണ് കേരളത്തിന്റെ പ്രതിനിധി എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്നതെന്നാണ് മന്ത്രി നിയമസഭയില്‍ നല്‍കിയ വിശദീകരണം.
തനിക്ക് ലഭിച്ച വിവരം അനുസരിച്ച് നാല് ഡാമുകളുടെയും ഓപറേറ്റഡ് ആന്‍ഡ് മെയിന്റെയിന്‍ഡ് ബൈ എന്ന് കാര്യം മാത്രമേ ഉദ്യോസ്ഥര്‍ നല്‍കിയിട്ടുള്ളൂവെന്ന് മന്ത്രി വിശദീകരിച്ചു. ഇത് ചതിയാണെന്നും ഗ്യാലറിയിലിരിക്കുന്നവര്‍ മറുപടി നല്‍കണമെന്നും ബി എസ് ബിജി മോള്‍ ആവശ്യപ്പെട്ടു. അടിക്കുറിപ്പിന് എതിരായ നിലപാട് സ്വീകരിച്ച് കത്തയച്ചിട്ടുണ്ടെന്ന് മന്ത്രി വിശദീകരിച്ചു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷ അംഗങ്ങളെല്ലാം നടുത്തളത്തിലേക്ക് നീങ്ങി.
മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. ഇക്കാര്യത്തില്‍ സംസ്ഥാന താത്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഇത് സംബന്ധിച്ച് വിശദമായി പരിശോധിച്ച ശേഷം ഇന്ന് നിയമസഭയില്‍ നിലപാട് വിശദീകരണം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

---- facebook comment plugin here -----

Latest