Connect with us

Ongoing News

മുഹിമ്മാത്ത് സനദ്ദാന സമ്മേളനത്തിന് പ്രൗഢമായ സമാപനം

Published

|

Last Updated

പുത്തിഗെ: അഞ്ച് ദിനങ്ങളിലായി മുഹിമ്മാത്തില്‍ നടന്നുവന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ എട്ടാം ഉറൂസ് മുബാറക്കിന് ആയിരങ്ങള്‍ സംഗമിച്ച ആത്മീയ സംഗമത്തോടെയും സനദ്ദാന മഹാ സമ്മേളനത്തോടെയും പ്രൗഢ സമാപനം.
ശക്തമായ മഴയെ അവഗണിച്ച് മുഹിമ്മാത്ത് നഗറില്‍ സംഗമിച്ച വിശ്വാസി സഹസ്രങ്ങള്‍ മുഹിമ്മാത്തിന്റെ വിദ്യാഭ്യാസ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ കാണിച്ച കാരുണ്യ വഴിയില്‍ സേവന നിരതരാകാനുള്ള പ്രതിജ്ഞയുമായാണ് രാത്രി വൈകി വിശ്വാസി സമൂഹം പിരിഞ്ഞത്. ഉറൂസിന്റെ തബറുകായി ആയിരങ്ങള്‍ക്ക് അന്നദാനം നടത്തി.
സമാപന സമ്മേളനം സമസ്ത സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ ഖാസി സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് അലി ബാഫഖി തങ്ങള്‍ സനദ്ദാനം നടത്തി. സമസ്ത ട്രഷറര്‍ കെ പി ഹംസ മുസ്‌ലിയാര്‍ സ്ഥാനവസ്ത്രങ്ങള്‍ വിതരണം ചെയ്തു. കേന്ദ്ര മുശവറാംഗം ഖാസി അലിക്കുഞ്ഞി മുസ്‌ലിയാര്‍ ഷിറിയ സനദ്ദാന പ്രഭാഷണം നടത്തി. സമാപന പ്രാര്‍ഥനക്ക് സയ്യിദ് ഇബ്‌റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേതൃത്വം നല്‍കി.
സയ്യിദ് ഇബ്‌റാഹീം അല്‍ ഹാദി സഖാഫി ചൂരി, സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ മലേഷ്യ, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹബീബ് അല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീര്‍ അഹ്ദല്‍ തങ്ങള്‍, കെ പി ഹുസൈന്‍ സഅദി, സി അബ്ദുല്ല മുസ്‌ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ഹാജി അമീറലി ചൂരി, സുലൈമാന്‍ കരിവെള്ളൂര്‍, സി കെ അബ്ദുല്‍ ഖാദിര്‍ ദാരിമി മാണിയൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതവും എം അന്തുഞ്ഞി മൊഗര്‍ നന്ദിയും പറഞ്ഞു. രാവിലെ റാത്തീബ് മജ്‌ലിസിലും മൗലിദിലും ഖത്മുല്‍ ഖുര്‍ആന്‍ ദുആയിലും ആയിരങ്ങള്‍ സംബന്ധിച്ചു.

Latest