Connect with us

Ongoing News

തന്ത്രപ്രധാന സൈറ്റുകള്‍ക്ക് സുരക്ഷയൊരുക്കും

Published

|

Last Updated

തിരുവനന്തപുരം: വിചാരണത്തടവുകാരെ ജയിലില്‍ നിന്ന് കോടതിയിലേക്ക് കൊണ്ടു പോകുമ്പോഴുള്ള സുരക്ഷാ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ വിചാരണ നടപടികള്‍ ജയിലില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നടത്താന്‍ തീരുമാനിച്ചതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു. ഇത് സംബന്ധിച്ച് നടപടി സ്വീകരിക്കാന്‍ ഡി ജി പിക്ക് നിര്‍ദ്ദേശം നല്‍കിയതായും ചെന്നിത്തല പറഞ്ഞു. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ കോടതിയിലേക്ക് കൊണ്ടു പോയി തിരികെ കൊണ്ടു വരുന്നതിനിടെ മാഹിയില്‍ നിന്ന് വാങ്ങിയ മദ്യക്കുപ്പികള്‍ പോലീസ് ജീപ്പില്‍ കണ്ടെത്തിയ സംഭവത്തില്‍ എ എസ് ഐ എ ആര്‍ ശേഖരനേയും സീനിയര്‍ സി പി ഒ മോഹനകുമാരനേയും സസ്‌പെന്റ് ചെയ്യുകയും ഇവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കേസിലെ പ്രതിയായ അണ്ണന്‍ സുജിത്തിനെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്ന് മൊബൈല്‍ ഫോണും ചാര്‍ജറും സിംകാര്‍ഡും കണ്ടെടുത്ത സംഭവവും ഉണ്ടായി. ഇതേ കുറിച്ച് ജില്ലാ സൈബര്‍ സെല്‍ അന്വേഷണം നടത്തി വരികയാണ്. ഈ സാഹചര്യത്തിലാണ് ജയിലുകളില്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഹൈബി ഈഡന്റെ സബ്മിഷന് മറുപടിയായി മന്ത്രി വ്യക്തമാക്കി. സര്‍ക്കാരിന്റെ കീഴിലുള്ള ആയുര്‍വേദ മരുന്ന് കമ്പനിയായ ഔഷധിയുടെ വെബ്‌സൈറ്റ് പാകിസ്ഥാനിലെ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന വെബ്‌സൈറ്റുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി സഭയെ അറിയിച്ചു. ഷാഫി പറമ്പിലിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

 

---- facebook comment plugin here -----

Latest