Connect with us

Ongoing News

ദേശീയ ഗെയിംസ്: യോഗ്യതാ നടപടിക്രമങ്ങള്‍ 90 ദിവസം മുമ്പ് സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനം വേദിയാകുന്ന ദേശീയ ഗെയിംസിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലെത്തിയെന്ന് ഒരുക്കങ്ങള്‍ നിരീക്ഷിച്ച് ടെക്‌നിക്കല്‍ കമ്മിറ്റി വിലയിരുത്തി. ദേശീയ ഒളിംപിക് കമ്മിറ്റിയുടെ സന്ദര്‍ശനത്തിന് ശേഷം മത്സരത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്നും ഗെയിംസ് ടെക്‌നിക്കല്‍ കമ്മിറ്റി ചെയര്‍മാന്‍ കെ മുരുഗന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഗെയിംസുമായി ബന്ധപ്പെട്ട യോഗ്യതാ നടപടിക്രമങ്ങള്‍ ഉദ്ഘാടനത്തിന്റെ 90 ദിവസം മുമ്പ് എല്ലാ സംസ്ഥാനങ്ങളും പൂര്‍ത്തിയാക്കി സമര്‍പ്പിക്കണമെന്ന് ടെക്‌നിക്കല്‍ കമ്മിറ്റി അറിയിച്ചു. ഷൂട്ടിംഗ് ഒഴികെ മറ്റ് മത്‌സരങ്ങള്‍ക്കുള്ള വേദി ഇതിനകം തയ്യാറായിക്കഴിഞ്ഞു. ഷൂട്ടിംഗിനുള്ള സ്ഥലം ഒക്ടോബര്‍- നവംബറോടു കൂടി പൂര്‍ത്തിയാവുമെന്നും അതിനുശേഷം ട്രയല്‍ മല്‍സരങ്ങള്‍ സംഘടിപ്പിക്കുമെന്നും തിരുവനന്തപുരത്ത് ചേര്‍ന്ന ടെക്‌നിക്കല്‍ കമ്മിറ്റിയുടെ ഉന്നതതല യോഗം തീരുമാനിച്ചു. മൈതാനത്തിന്റെ പണികള്‍ പുരോഗതിയിലാണ്. മല്‍സരങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികള്‍ എത്തിക്കാന്‍ രണ്ടുമാസമെങ്കിലും എടുക്കും.
മത്സരങ്ങളുടെ മുന്‍ഗണനാക്രമത്തില്‍ സാമഗ്രികള്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. 31 വിഭാഗങ്ങളിലുള്ള മല്‍സരങ്ങളില്‍ ഓരോ വിഭാഗത്തിലും പെട്ട മല്‍സരങ്ങള്‍ക്ക് ആവശ്യമായ ദിവസങ്ങളുടെ കാര്യം ധാരണയായിട്ടുണ്ട്. മല്‍സരാര്‍ഥികളുടേയും മല്‍സരം സംബന്ധിച്ച മറ്റു വിഷയങ്ങളുടേയും അക്രഡിറ്റേഷന്‍ സമയബന്ധിതമായി സംസ്ഥാന ഒളിംപിക് അസോസിയേഷനുകള്‍ പൂര്‍ത്തീകരിക്കണം. മല്‍സരാര്‍ഥികള്‍, സാങ്കേതിക ഓഫിസര്‍മാര്‍, കോച്ചുമാര്‍, മാനേജര്‍മാര്‍ എന്നിവരുടെ എണ്ണം നിര്‍ദ്ദിഷ്ട ദിവസത്തിനു മുമ്പ് സംസ്ഥാനങ്ങള്‍ പൂര്‍ത്തിയാക്കണം. മല്‍സരങ്ങള്‍ക്കാവശ്യമായ ഉപകരണങ്ങളുടെ പട്ടിക മത്സര വിഭാഗം ഡയറകടര്‍ അംഗീകരിച്ചിട്ടുണ്ടെന്നും സമിതി അറിയിച്ചു. ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ നല്ല രീതിയില്‍ പൂര്‍ത്തീകരിച്ച സംസ്ഥാന സംഘാടക സമിതിയെ ഗെയിംസ് വിദഗ്ധ സമിതി അഭിനന്ദിച്ചു. ഗെയിംസിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയ സംസ്ഥാന സര്‍ക്കാരിനെയും കായിക വകുപ്പിനെയും സമിതി നന്ദി അറിയിച്ചു. എല്ലാ വിഭാഗത്തിന്റേയും ഒത്തൊരുമയോടെ മാത്രമേ ദേശീയ ഗെയിംസ് പൂര്‍ണ വിജയത്തില്‍ എത്തിക്കാന്‍ കഴിയൂവെന്നും ടെക്‌നിക്കല്‍ സമിതി അധ്യക്ഷന്‍ കെ മുരുകന്‍ അറിയിച്ചു. കോഡിനേഷന്‍ കമ്മിറ്റി അധ്യക്ഷന്‍ എസ് എം ബാലി (ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍), രാകേഷ് ഗുപ്ത (ജോ.സെക്രട്ടറി), എം എം അബ്ദുര്‍റഹ്മാന്‍ (സംസ്ഥാന ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്റ), പി എ ഹംസ (സെക്രട്ടറി, സംസ്ഥാന ഒളിംപിക് അസോസിയേഷന്‍) പങ്കെടുത്തു.