Connect with us

Ongoing News

മനുഷ്യക്കടത്തിന് കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം

Published

|

Last Updated

തൃശൂര്‍: മതിയായ രേഖകളില്ലാതെ ബീഹാറില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ മനുഷ്യക്കടത്തിന് കേസെടുക്കാന്‍ തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിന് നിര്‍ദേശം നല്‍കി. കുട്ടികളെ കൊണ്ടുവന്ന ബീഹാര്‍ സ്വദേശിക്കെതിരെയും അനാഥാലയത്തിനെതിരെയും അന്വേഷണം നടത്തി നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. കുട്ടികളെ കൊണ്ടുവന്ന ബീഹാര്‍ സ്വദേശി സദ്ദാം അന്‍സാരി എന്നയാള്‍ക്കെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് സെക്ഷന്‍ 23 പ്രകാരം കേസെടുത്തിട്ടുണ്ട്.
തൊടുപുഴയിലെ ഒരു അനാഥാലയത്തിലെ 28 കുട്ടികളടക്കം 31 പേരെ തിങ്കളാഴ്ചയാണ് തൃശൂര്‍ ചെട്ടിയങ്ങാടി ഹനഫി മസ്ജിദില്‍ നിന്നും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കസ്റ്റഡിയിലെടുത്തത്. ഇതില്‍ മുതിര്‍ന്ന മൂന്ന് വിദ്യാര്‍ഥികളെ ഇന്നലെ വിട്ടയച്ചു.
കുട്ടികളെ ബീഹാറിലേക്ക് തിരിച്ചയക്കാനുള്ള നടപടികള്‍ ആരംഭിച്ചതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പി ഒ ജോര്‍ജ് പറഞ്ഞു. ജൂലൈ 13 വരെ റിസര്‍വേഷന്‍ ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ എമര്‍ജന്‍സി ടിക്കറ്റെടുത്ത് അഞ്ച് കുട്ടികളടങ്ങുന്ന സംഘങ്ങളായി കുട്ടികളെ കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. കുട്ടികളെ ബീഹാറിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. യതീംഖാനയില്‍ റമസാന്‍ അവധി തുടങ്ങാറായതിനാല്‍ നാട്ടിലേക്ക് തിരിച്ചുപോകുകയായിരുവെന്ന് കുട്ടികള്‍ പറഞ്ഞു.
തിങ്കളാഴ്ച വൈകീട്ട് 6.30നുള്ള എറണാകുളം-പട്‌ന എക്‌സ്പ്രസില്‍ പോകാനായിരുന്നു ഇവര്‍ തൃശൂരില്‍ എത്തിയത്.
ഉച്ച തിരഞ്ഞ് മൂന്നിന് തൃശൂരിലെത്തിയ കുട്ടികള്‍ വിശ്രമിക്കാനും നിസ്‌കരിക്കാനുമായി ചെട്ടിയങ്ങാടി പള്ളിയില്‍ എത്തുകയായിരുന്നു.

Latest