Connect with us

Kozhikode

ബി കോം ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: നാല് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ ബി കോം അവസാന വര്‍ഷ പരീക്ഷയുടെ ചോദ്യ പേപ്പര്‍ ചോര്‍ത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റില്‍. മറ്റ് നാല് പേരെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. സര്‍വകലാശാലാ വൈസ് ചാന്‍സലറുടെ പരാതിയില്‍ കുന്ദമംഗലം എസ് ഐ സജീവും സംഘവുമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിദ്യാര്‍ഥികളായ ചേന്ദമംഗല്ലൂര്‍ ചെറുകുന്നത്ത് ഹൗസില്‍ ഹാശിം (22), കുന്ദമംഗലം കൈത്തൊടിക വീട്ടില്‍ അസ്ഹര്‍ ശരീഫ് (21), പൊറ്റശ്ശേരി കണ്ണങ്കര ശമീര്‍ (20), പടനിലം മസ്‌ക്കയില്‍ വീട്ടില്‍ മുഹമ്മദ് ഡാനിഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ മാര്‍ച്ച് 19, 20 തീയതികളിലായി നടന്ന ബി കോം ഫൈനല്‍ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പറാണ് ചോര്‍ന്നത്. കളന്‍തോട് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലെ ബി കോം പരീക്ഷക്കിടെ കോപ്പിയടിച്ചതിന് രണ്ട് പേരെ പിടികൂടിയിരുന്നു. കോപ്പിയടിക്കാനായി ഇവര്‍ കൊണ്ടുവന്ന പേപ്പറില്‍ പരീക്ഷക്ക് ചോദിച്ച ഒന്ന് മുതല്‍ 40 വരെയുള്ള ചോദ്യത്തിന്റെ ഉത്തരങ്ങള്‍ ഉണ്ടായിരുന്നു.
സംഭവം കോളജ് പ്രിന്‍സിപ്പല്‍ കാലിക്കറ്റ് സര്‍വകലാശാലാ രജിസ്ട്രാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തു. രജിസ്ട്രാര്‍ അറിയിച്ചതിനെ തുടര്‍ന്ന് വൈസ് ചാന്‍സലര്‍ മലപ്പുറം എസ് പിയെ വിവരം അറിയിക്കുകയും തേഞ്ഞിപ്പലം പോലീസ് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച് സംഭവം നടന്നത് കളന്‍തോട് ആയതിനാല്‍ കേസ് കുന്ദമംഗലം പോലീസിന് കൈമാറുകയുമായിരുന്നു. ബി കോം ആറാം സെമസ്റ്ററിലെ രണ്ട് പേപ്പറുകള്‍ ചോര്‍ന്നുവെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍ ഈ പരീക്ഷകള്‍ വൈസ് ചാന്‍സലര്‍ റദ്ദാക്കിയിരുന്നു. മുക്കം എം എ എം ഒ കോളജില്‍ പരീക്ഷ എഴുതിയ ഡാനിഷ് വഴിയാണ് തങ്ങള്‍ക്ക് ചോദ്യ പേപ്പര്‍ ലഭിച്ചതെന്ന് മറ്റ് മൂന്ന് പേര്‍ പോലീസിന് മൊഴി നല്‍കി. ഡാനിഷില്‍ നിന്ന് തെളിവെടുത്തപ്പോള്‍ ജില്ലയിലെ മറ്റൊരു കോളജില്‍ നിന്നാണ് ചോദ്യ പേപ്പര്‍ ചോര്‍ന്നതെന്ന് ബോധ്യമായതായി പോലീസ് പറഞ്ഞു. കേസിന്റെ വിശദമായ അന്വേഷണം നടക്കുകയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്നും കുന്ദമംഗലം പോലീസ് അറിയിച്ചു.

Latest