Connect with us

Alappuzha

വനിതാ പോലീസില്‍ നിന്ന് പാര്‍ക്കിംഗ് ഫീ വാങ്ങിയതിന് മര്‍ദനം: ഡി ഐ ജി മൊഴിയെടുത്തു

Published

|

Last Updated

ആലപ്പുഴ: കടപ്പുറത്ത് പാര്‍ക്കിംഗ് ഫീസുമായി ബന്ധപ്പെട്ട് പോലീസിന്റെ മര്‍ദനത്തിനിരയായ വിദ്യാര്‍ഥിയില്‍ നിന്നും മനുഷ്യാവകാശ കമ്മീഷന്‍ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡി ഐ ജി എസ് ശ്രീജിത്ത് മൊഴിയെടുത്തു. കുതിരപ്പന്തി പൊഴിക്കടവില്‍ ബാലചന്ദ്രന്റെ മകന്‍ അരുണ്‍കുമാറില്‍ (17) നിന്നുമാണ് ഇന്നലെ വൈകീട്ട് 5.30 ആലപ്പുഴ ജനറല്‍ ആസ്പത്രിയില്‍വെച്ച് മൊഴിയെടുത്തത്. അരമണിക്കൂറോളം അരുണ്‍കുമാറുമായി സംസാരിച്ച ശ്രീജിത്ത് ഒരുമാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഗ്രേഡ് എസ് ഐ കൃഷ്ണകുമാര്‍, വനിതാ പോലീസ് ജെസീന്ത എന്നിവരില്‍ നിന്നും ഡി ഐ ജി മൊഴിയെടുത്തു.
കഴിഞ്ഞ ഒന്നിന് സൗത്ത് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജെസീന്ത കുടുംബവുമായി ബീച്ചില്‍ എത്തിയപ്പോള്‍ ഇവിടെ പാര്‍ക്കിംഗ് ഫീസ് വാങ്ങാന്‍ നിന്നിരുന്ന അരുണ്‍കുമാര്‍ 20 രൂപ വാങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ ഇടപെട്ട് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് വാങ്ങിയ ഫീസ് തിരിച്ചു നല്‍കാന്‍ തയ്യാറായെങ്കിലും വാങ്ങാതെ പോയി. ഈ സംഭവത്തിന് പിന്നാലെ യുവതിയെ ഫോണില്‍ വിളിച്ച് ശല്യം ചെയ്‌തെന്ന പരാതിയില്‍ കഴിഞ്ഞ വെള്ളിയാഴ്ച അരുണ്‍കുമാറിനെയും മറ്റ് രണ്ട് കൂട്ടുകാരെയും ബീച്ചില്‍ നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്ത് ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
സംഭവം മാധ്യമങ്ങളിലൂടെ പുറത്ത് വന്നതോടെ വിഷയത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇടപെട്ടു. തുടര്‍ന്ന് സൗത്ത് സ്‌റ്റേഷനിലെ വനിതാ കോണ്‍സ്റ്റബിള്‍ ജെസീന്ത, ഗ്രേഡ് എസ് ഐ കൃഷ്ണകുമാര്‍ എന്നിവരെ എസ് പി ബാലചന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Latest