Connect with us

Eranakulam

ആറന്മുള വിമാനത്താവള പദ്ധതിയുമായി കെ ജി എസ് മുന്നോട്ട്

Published

|

Last Updated

കൊച്ചി: ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് കെ ജി എസ് ആറന്‍മുള ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ജിജി ജോര്‍ജ്. ആറന്മുള വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട് തിടുക്കപ്പെട്ട് എടുത്ത തീരുമാനങ്ങളില്‍ ചില പാളിച്ചകള്‍ പറ്റിയിട്ടുണ്ട്. നിയമപരമായും ഭരണപരമായും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

നിലവിലെ പ്രശ്‌നങ്ങള്‍ രണ്ടോ മൂന്നോ മാസത്തിനുള്ളില്‍ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടു കഴിഞ്ഞാല്‍ 2016 ല്‍ വിമാനത്താവളത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ വീഴ്ചകള്‍ വന്നുവെന്നും ജനങ്ങളെ വെല്ലുവിളിച്ച് പദ്ധതി നടപ്പാക്കാന്‍ ശ്രമിക്കില്ലെന്നും ജിജി ജോര്‍ജ് പറഞ്ഞു. പാരിസ്ഥിതികാഘാതം പഠിക്കാന്‍ രാജ്യത്തെ ഒന്നാംകിട ഏജന്‍സിയെ എല്‍പ്പിച്ചുവെന്നും ഹരിത ട്രിബ്യൂണല്‍ ചൂണ്ടിക്കാട്ടിയ ന്യൂനതകള്‍ പരിഹരിച്ചു വീണ്ടും ട്രിബ്യൂണലിനെയോ സുപ്രീംകോടതിയേയോ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഇടത് മുന്നണി സര്‍ക്കാര്‍ 17 ഉത്തരവുകളാണ് ആറന്മുള പദ്ധതിക്ക് വേണ്ടി പുറപ്പെടുവിച്ചത്. ഇടത് സര്‍ക്കാറിന്റെ നാലാമത്തെയും അഞ്ചാമത്തെയും ആഘോഷങ്ങളില്‍ പ്രധാന പദ്ധതിയായി ഉയര്‍ത്തിക്കാട്ടിയിരുന്നത് ആറന്മുള പദ്ധതി ആയിരുന്നുവെന്ന് ജിജി ജോര്‍ജ് ചൂണ്ടിക്കാട്ടി. 2010 ഒക്‌ടോബര്‍ എട്ടിന് ചേര്‍ന്ന മന്ത്രിസഭായോഗം ആറന്മുള പദ്ധതിക്ക് സമ്മതപത്രം നല്‍കിയിരുന്നുവെന്നും പരിസ്ഥിതിക്ക് ഇണങ്ങുന്ന വിമാനത്താവളമാണ് ആറന്മുളയെന്ന് കുറിപ്പ് ഇറക്കിയതായും ജിജി പറഞ്ഞു. വിമാനത്താവളം യാഥാര്‍ഥ്യമാക്കുന്നത് സംബന്ധിച്ച് 2010 ഡിസംബര്‍ 20 ന് സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ ചര്‍ച്ച നടന്നിരുന്നു. ഇതേ തുടര്‍ന്ന് പദ്ധതി പ്രദേശം വ്യവസായ മേഖലയായി സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ഇവിടെ വിവിധ വകുപ്പുകളുടെ ഏകോപനത്തിനു ഏക ജാലക സംവിധാനം ഏര്‍പ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തു. ഇത്രയും കഴിഞ്ഞപ്പോഴാണ് പദ്ധതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നതെന്നും ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും ജിജി ജോര്‍ജ് സമ്മതിച്ചു. ഇക്കാര്യത്തില്‍ വസ്തുതകള്‍ ആരെ വേണമെങ്കിലും ബോധ്യപ്പെടുത്താമെന്നും കെ ജി എസ് ഗ്രൂപ്പിന് പിടിവാശിയില്ലന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള ക്ഷേത്രത്തിനോ പൈതൃക ഗ്രമത്തിനോ കോട്ടം തട്ടുന്ന ഒരു പ്രവൃത്തിയും തങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. പദ്ധതി തിടുക്കപ്പെട്ട് നടപ്പാക്കണമെന്ന സാഹചര്യങ്ങള്‍ ഉടലെടുത്തതിനെത്തുടര്‍ന്നാണ് പലകാര്യങ്ങളിലും ചെറിയ വീഴ്ചകള്‍ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആദ്യ ഘട്ടത്തില്‍ 550 കോടി രൂപ ചെലവു വരുന്ന പദ്ധതി നടപ്പായാല്‍ 1500 പേര്‍ക്ക് നേരിട്ടും 6000 പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കാനാകുമെന്നു ജിജി ജോര്‍ജ് പറഞ്ഞു. പാരിസ്ഥിതിക ആഘാതം താരതമ്യേന കുറവുള്ള പദ്ധതിയാണ് ആറന്മുളയെന്നു ജിജി ചൂണ്ടിക്കാട്ടി.
നെടുമ്പാശ്ശേരി വിമാനത്താവളത്തിനായി 3,824 പേരുടെ ഭൂമിയും 822 വീടുകളും ഏറ്റെടുക്കേണ്ടി ന്വന്നു. മൂന്ന് ക്ഷേത്രങ്ങളും രണ്ട് പള്ളികളും നീക്കം ചെയ്തു. നാല് പ്രധാന റോഡുകള്‍ ഇല്ലാതായി. 400 ഭൂ ഉടമകളാണ് നെടുമ്പാശ്ശേരി പദ്ധതിക്കെതിരെ കോടതിയെ സമീപിച്ചത്. എന്നാല്‍ ആറന്മുള പദ്ധതിക്ക് വേണ്ടി ഒരു കുടുംബത്തെ പോലും കുടിയൊഴിപ്പിക്കേണ്ടി വരില്ല. പാരിസ്ഥിതികമായ ഒരു പ്രശ്‌നവും ഇവിടെയില്ലെന്ന് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും ജിജി ജോര്‍ജ് അവകാശപ്പെട്ടു.