Connect with us

International

കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന് ഐ സി സിയോട് മധ്യ ആഫ്രിക്കന്‍ സര്‍ക്കാര്‍

Published

|

Last Updated

ബാങ്കുയി: ഒരു വര്‍ഷത്തിലേറെ നീണ്ടുനിന്ന അക്രമപ്രവര്‍ത്തനത്തിനിടെ നടന്ന ഗൗരവമായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയോട് അപേക്ഷിച്ചതായി മധ്യ ആഫ്രിക്കന്‍ സര്‍ക്കാര്‍. ഗൗരവതരമായ കുറ്റക്യത്യങ്ങള്‍ ചെയ്തവരെ നിയമനടപടിക്ക് വിധേയരാക്കാനും ശിക്ഷിക്കാനും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ ഇടപെടല്‍ ഒഴിവാക്കാനാകാത്തതാണെന്ന് നീതിന്യായ വകുപ്പ് മന്ത്രി ഇസബെല്ലി ഗൗഡ്‌യൂലി സര്‍ക്കാര്‍ റേഡിയോവില്‍ പ്രസ്താവിച്ചു.
2012 ആഗസ്റ്റ് ഒന്ന് മുതല്‍ രാജ്യത്ത് നടന്ന കുറ്റകൃത്യങ്ങള്‍ അന്വേഷിക്കണമെന്ന് കാണിച്ച് മെയ് 30ന് ഐ സി സിക്ക് ഔദ്യോഗിക അഭ്യര്‍ഥന നല്‍കിയിട്ടുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു. സെലിക മുസ്‌ലിം വിമതര്‍ താത്കാലികമായി രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത 2013 മാര്‍ച്ച് മുതല്‍ 2014 ജനുവരി വരെയുള്ള കാലത്തെ പീഡനങ്ങള്‍ സംബന്ധിച്ച് ഫെബ്രുവരി ഏഴിന് ഐ സി സി പ്രോസിക്യൂട്ടര്‍ ഫോറ്റോ ബെന്‍സൗഡ പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. ഐ സി സി അംഗങ്ങള്‍ കഴിഞ്ഞ മാസം രാജ്യം സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
മുസ്‌ലിം ജനതക്ക് നേരെ ആന്റി ബലാക കൃസ്ത്യന്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണവും അന്വേഷണത്തിലുള്‍പ്പെടും. രാജ്യത്ത് മുന്‍ കാലങ്ങളില്‍ നടന്ന അക്രമപ്രവര്‍ത്തനങ്ങള്‍ ഐ സി സി അന്വേഷിച്ചുവരികയാണ്. ആയിരക്കണക്കിന് പേര്‍ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേര്‍ പലായനം ചെയ്യാന്‍ ഇടയാക്കുകയും ചെയ്ത പുതിയ ആക്രമണങ്ങള്‍ സംബന്ധിച്ചാണ് ഇപ്പോള്‍ അന്വേഷണത്തിനാവശ്യമുയര്‍ന്നിരിക്കുന്നത്. രാജ്യത്ത് നടന്ന കലാപങ്ങള്‍ക്കിടെ കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് യു എന്‍ നിയോഗിച്ച കമ്മീഷനും കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

Latest