Connect with us

International

തിക്രിത്തും തീവ്രവാദികളുടെ നിയന്ത്രണത്തില്‍

Published

|

Last Updated

ബഗ്ദാദ്: ഇറാഖില്‍ മൂസ്വില്‍ നഗരത്തിന് പിന്നാലെ തിക്രിത് നഗരവും ഇസില്‍ തീവ്രവാദികള്‍ പിടിച്ചടക്കി. മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈന്റെ ജന്‍മനാടായ തിക്രത്തിന്റെ പല പ്രദേശങ്ങളുടെയും നിയന്ത്രണം ഇസില്‍ തീവ്രവാദ ഗ്രൂപ്പ് പിടിച്ചടക്കിയതായി ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മൂസ്വിലിനും തലസ്ഥാനമായ ബാഗ്ദാദിനും ഇടയിലുള്ള തിക്രിത്തില്‍ തീവ്രവാദികള്‍ ചെക്ക്‌പോയിന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ ജയിലില്‍ നിന്ന് 300 തടവുകാരെ ഇസില്‍ മോചിപ്പിച്ചിട്ടുണ്ട്. തീവ്രവാദികള്‍ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ പ്രധാനമന്ത്രി നൂരി അല്‍ മാലികി സൈന്യത്തോട് ഉത്തരവിട്ടു. ചുമതല നിര്‍വഹിക്കുന്നതില്‍ വീഴ്ച വരുത്തിയ സൈനികര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
മൂസ്വിലില്‍ നിന്ന് ഒരു സംഘം തീവ്രവാദികള്‍ തെക്ക് ബെയ്ജി നഗരത്തിലേക്കും തുടര്‍ന്ന് തിക്രിത്തിലേക്കും നീങ്ങുകയായിരുന്നു. തിക്രിത്തില്‍ രൂക്ഷ പോരാട്ടമാണ് നടക്കുന്നത്. നഗരത്തിന്റെ നാല് ഭാഗങ്ങളില്‍ കൂടിയാണ് തീവ്രവാദികള്‍ പ്രവേശിച്ചത്. ഒരു പോലീസ് സ്റ്റേഷന് ഇവര്‍ തീ വെച്ചിട്ടുണ്ട്.
അതേസമയം, മൂസ്വിലില്‍ നിന്ന് അഞ്ച് ലക്ഷം പേര്‍ നഗരം വിട്ടതായി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ (ഐ ഒ എം) എന്ന സംഘടന അറിയിച്ചു. തീവ്രവാദികളുടെ നീക്കം അപ്രതീക്ഷിതമായതിനാല്‍ അന്താരാഷ്ട്ര സഹായക ഏജന്‍സികള്‍ക്കും സ്ഥലത്തെത്താനായില്ല. കുര്‍ദിസ്ഥാന്‍ റീജ്യനല്‍ ഗവണ്‍മെന്റിന്റെ അധീനതയിലുള്ള അര്‍ബീലിലേക്കാണ് ജനങ്ങള്‍ പോകുന്നത്. എണ്ണ ശുദ്ധീകരണ നഗരമായ ബെയ്ജി കീഴടക്കാന്‍ ഇസില്‍ തീവ്രവാദികള്‍ ശ്രമിച്ചെങ്കിലും സൈന്യം തിരിച്ചടിച്ചതിനാല്‍ വിഫലമാകുകയായിരുന്നു. തങ്ങളോട് പൊരുതരുതെന്ന് പോലീസിനെയും സൈന്യത്തെയും ഇസില്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ആയുധം വെച്ച് കീഴടങ്ങാന്‍ ഗോത്ര നേതാക്കള്‍ക്കും നിര്‍ദേശം നല്‍കി.
കഴിഞ്ഞ ദിവസം മൂസ്വിലിലെ വിമാനത്താവളം, സര്‍ക്കാര്‍ കെട്ടിടങ്ങള്‍, ടി വി സ്റ്റേഷനുകള്‍, ബേങ്കുകള്‍ എന്നിവയുടെ നിയന്ത്രണം ഇസില്‍ ഏറ്റെടുത്തിരുന്നു. 2400 തടവുകാരെ മോചിപ്പിക്കുകയും ചെയ്തു. 20 ലക്ഷം ജനങ്ങളുള്ള ഈ നഗരം എണ്ണ കയറ്റുമതി കേന്ദ്രവുമാണ്. നേരത്തെ ഫലൂജ നഗരം ഇസില്‍ പിടിച്ചെടുത്തിരുന്നു.
മൂസ്വില്‍ നഗരവും നീനിവി പ്രവിശ്യയുടെ ഏതാനും ഭാഗങ്ങളും തീവ്രവാദി വിഭാഗം പിടിച്ചെടുത്തതിനെ തുടര്‍ന്ന് ദേശീയ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തണമെന്ന് പ്രധാനമന്ത്രി നൂരി അല്‍ മാലികി പാര്‍ലിമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ പാര്‍ലിമെന്റില്‍ ഇന്ന് ചര്‍ച്ച നടക്കും. അതേസമയം, അടിയന്തരാവസ്ഥ നൂരിക്ക് സര്‍വാധികാരത്തോടെ ഭരിക്കാന്‍ മാത്രമാണ് ഇടവരുത്തുകയെന്ന് പ്രതിപക്ഷം ഭയക്കുന്നുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ നടന്ന തിരഞ്ഞെടുപ്പില്‍ മൂന്നാമതും പ്രധാനമന്ത്രിയായി നൂരി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.

Latest