Connect with us

International

കറാച്ചി ആക്രമണത്തിന് പിന്നില്‍ തങ്ങളെന്ന് ഉസ്‌ബെക്ക് തീവ്രവാദികള്‍

Published

|

Last Updated

കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആക്രമണം നടത്തിയത് തങ്ങളാണെന്ന അവകാശവാദവുമായി ഉസ്‌ബെക്കിസ്ഥാന്‍ തീവ്രവാദികള്‍ രംഗത്ത്. ആക്രമണം നടത്തിയ, എ കെ 47 തോക്കുകളുമേന്തി തലയില്‍ കറുത്ത തുണി കെട്ടിയ പത്ത് പേരുടെ ചിത്രം ദി ഇസ്‌ലാമിക് മൂവ്‌മെന്റ് ഓഫ് ഉസ്ബക്കിസ്ഥാന്‍ (ഇമു) എന്ന സംഘടന അവരുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സൈന്യം നടത്തിയ വ്യോമാക്രമണങ്ങള്‍ക്ക് പ്രതികാരമായാണ് ഇതെന്ന വിശദീകരണവുമുണ്ട്. ആക്രമണം നടത്തിയ പത്ത് പേരടക്കം 39 പേരാണ് ഞായറാഴ്ച നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
അക്രമികളുടെ ഡി എന്‍ എ ടെസ്റ്റ് നടത്തിയതില്‍ ഇവര്‍ ഉസ്‌ബെക്കുകാരാണെന്ന പ്രാഥമിക നിഗമനം പാക് അധികൃതര്‍ പങ്ക് വെച്ചിട്ടുണ്ട്. വടക്കന്‍ വസീറിസ്ഥാന്‍ ഗോത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇമു വന്‍തോതില്‍ തീവ്രവാദ പരിശീലനം നല്‍കുന്ന സംഘടനയാണ്. അല്‍ഖാഇദ, താലിബാന്‍ തീവ്രവാദികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇമു നേരത്തെ സംഘടിത ആക്രമണം നടത്തിയിരുന്നു. ഞായറാഴ്ച അര്‍ധ രാത്രിയിലെ ആക്രമണത്തിന് പിന്നാലെ ഇതേ വിമാനത്താവളത്തിലെ സുരക്ഷാ ട്രെയിനിംഗ് അക്കാദമിക്ക് നേരെ ചൊവ്വാഴ്ച ആക്രമണം നടന്നിരുന്നു.
അതിനിടെ, ആക്രമണങ്ങള്‍ നടത്തിയതിന് തഹ്‌രീകെ താലിബാനെതിരെ പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. തീവ്രവാദവിരുദ്ധ നിയമം അനുസരിച്ച് താലിബാന്റെ മുതിര്‍ന്ന നേതാവ് മുല്ല ഫസലുല്ല അടക്കമുള്ളവരെ ഉള്‍പ്പെടുത്തി കറാച്ചി എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. താലിബാന്‍ ഒളിസങ്കേതങ്ങളില്‍ വ്യോമാക്രമണം ശക്തമാക്കാന്‍ പാക് സൈന്യം തീരുമാനിച്ചിട്ടുണ്ട്. റാവല്‍പിണ്ടിയില്‍ നടന്ന സൈന്യത്തിന്റെ ഉന്നത തല യോഗത്തില്‍ ആര്‍മി സ്റ്റാഫ് ജനറല്‍ മേധാവി റഹീല്‍ ശരീഫാണ് തീരുമാനം കൈക്കൊണ്ടത്.

---- facebook comment plugin here -----

Latest