Connect with us

Editorial

വൈദ്യുത മേഖലയിലെ പ്രതിസന്ധി

Published

|

Last Updated

വൈദ്യുതി പ്രതിസന്ധിയുടെ കാര്യത്തില്‍ സര്‍ക്കാറിന് തെറ്റ് പറ്റിയിട്ടില്ലെന്നും ആ നിലയില്‍ വന്ന വാര്‍ത്തകള്‍ ദുരുദ്ദേശ്യപരമാണെന്നുമായിരുന്നു ഞായറാഴ്ച പാലക്കാട്ട് വകുപ്പ് മന്ത്രി പത്രലേഖകരോട് പറഞ്ഞത്. എന്നാല്‍ സര്‍ക്കാറിന്റെ പിടിപ്പുകേടും കെടുകാര്യസ്ഥതയുമാണ് കെ എസ് ഇ ബി ഇയിലെ പ്രതിസന്ധിക്കും വൈദ്യുതി ക്ഷാമത്തിനും കാരണമെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലി(സി എ ജി)ന്റെ പുതിയ റിപോര്‍ട്ടില്‍ പറയുന്നത്. 2012-13 സാമ്പത്തികവര്‍ഷത്തിലെ കണക്ക് പ്രകാരം കെ എസ് ഇ ബി 3758.17 കോടി രൂപ നഷ്ടത്തിലാണ്. വൈദ്യുതിക്ഷാമം നേരിടുന്നതിന് ഫലപ്രദമായ ആസൂത്രണമില്ലാത്തതാണ് ഈ നഷ്ടത്തിന് കാരണം. സംസ്ഥാനത്തിന്റെ ആവശ്യം വിലയിരുത്തി ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള വൈദ്യുതി വാങ്ങല്‍ കരാറുകള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ ഇത്രയും നഷ്ടം സംഭവിക്കില്ലായിരുന്നുവെന്ന് ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച സി എ ജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
ആസൂത്രണ മികവും സമയബന്ധിതമായ പ്രവര്‍ത്തനങ്ങളുമാണ് ഏതൊരു പദ്ധതിയുടെയും വിജയത്തില്‍ പ്രധാനം. കെ എസ് ഇ ബിക്കില്ലാതെ പോയതും ഈ ഗുണങ്ങളാണ്. വരുമാനത്തിന്റെ 62 ശതമാനവും വൈദ്യുതി വാങ്ങുന്നതിനായി ചെലവിടുന്ന ബോര്‍ഡ് ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ മാനിക്കാതെയുള്ള കരാറുകളും പ്രവര്‍ത്തനങ്ങളുമാണ് നടത്തിയത്. നേരത്തെ വൈദ്യുതി മിച്ച സംസ്ഥാനമായിരുന്ന കേരളം കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പുറത്തു നിന്ന് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തിന്റെ ആവശ്യം നിര്‍വഹിക്കുന്നത്. കേരളത്തിന്റെ വര്‍ധിച്ചുവരുന്ന വൈദ്യുതാവശ്യകത കണക്കിലെടുത്ത് അതിരപ്പള്ളി പദ്ധതി, ചീമേനി താപനിലയം തുടങ്ങി വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും കരാറുകളിലേര്‍പ്പെടുകയും ചെയ്തിരുന്നെങ്കിലും അവയൊന്നും പ്രാവര്‍ത്തികമാക്കാനായില്ല. കാറ്റില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള ശ്രമങ്ങളും അനാവശ്യ വിവാദങ്ങളെ തുടര്‍ന്ന് സ്തംഭനാവസ്ഥയിലായി. വൈദ്യുതി വാങ്ങുന്നതിനായി ബോര്‍ഡ് ഉണ്ടാക്കിയ സ്വാപ്പ് കരാര്‍ നടപ്പാക്കുന്നതിലും ഗുരുതരമായ വീഴ്ച സംഭവിച്ചു. മികച്ച വൈദ്യുതോത്പാദനമുള്ള സമയങ്ങളില്‍ വൈദ്യുതി വില്‍പ്പന നടത്തി പകരം കമ്മിയുള്ള അവസരങ്ങളില്‍ വൈദ്യുതി വാങ്ങുന്നതിനായാണ് ഈ കരാറില്‍ ഏര്‍പ്പെട്ടത്. ഇത് നടപ്പാക്കുന്നതില്‍ സംഭവിച്ച പാളിച്ച മുലം പകരം നല്‍കാന്‍ വൈദ്യുതിയില്ലാത്ത ഘട്ടങ്ങളില്‍ ഹ്രസ്വകാല വിപണിയില്‍ നിന്ന് ഉയര്‍ന്ന വിലക്ക് ബോര്‍ഡിന് വൈദ്യുതി വാങ്ങേണ്ടി വന്നു. ഇത് സംസ്ഥാനത്തിന് കനത്ത നഷ്ടം വരുത്തി.
പ്രസരണ നഷ്ടമാണ് സംസ്ഥാനത്തെ വൈദ്യുതി ക്ഷാമത്തിന്റെ രൂക്ഷതക്ക് മറ്റൊരു കാരണം. പ്രസരണ നഷ്ടത്തിന്റെ ദേശീയ ശരാശരി 10 ശതമാനമാണെങ്കില്‍ കേരളത്തില്‍ 30 ശതമാനം വരും. എര്‍ത്തിംഗും കേടായ മീറ്ററുകളും ട്രാന്‍സ്‌ഫോമറുകളുമാണ് പ്രസരണനഷ്ടം വരുത്തുന്നത്. സംസ്ഥാനത്തെ പ്രസരണ നഷ്ടം കുറക്കാനായി 2010-ല്‍ ഊര്‍ജിത വൈദ്യുത വികസന പരിഷ്‌കരണ പരിപാടിക്ക് കീഴില്‍ കേന്ദ്ര സര്‍ക്കാര്‍ 227 കോടി രൂപ അനുവദിച്ചിരുന്നു. പഴയ മീറ്ററുകളും , ട്രാന്‍സ്‌ഫോമറുകളും , വൈദ്യുതി ലൈനുകളും മാറ്റുക, ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ മൂന്ന് വര്‍ഷത്തിനകം പ്രസരണ നഷ്ടം 15 ശതമാനമായി കുറക്കാന്‍ ലക്ഷ്യം വെച്ചുള്ള ഈ പദ്ധതി ഒച്ചിന്റെ വേഗത്തിലാണ് നീങ്ങുന്നത്. കമ്പി പൊട്ടി വീണുള്ള അപകടവും പ്രസരണ നഷ്ടവും കുറക്കാന്‍ അലൂമിനിയം കണ്ടക്ടര്‍ ഒഴിവാക്കി സ്റ്റീല്‍ കേബിള്‍ ഉപയോഗിക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും പത്ത് ശതമാനം കമ്പികളേ ഇതുവരെ മാറ്റിയിട്ടുള്ളൂ.
പ്രസരണ നഷ്ടത്തിനനുസൃതമായി വൈദുതി നിരക്ക് ക്രമീകരിക്കണമെന്ന നിര്‍ദേശം വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ പരിഗണനയിലുണ്ട്. ഉയര്‍ന്ന വോള്‍ട്ടേജുള്ള ലൈനുകളില്‍ പ്രസരണനഷ്ടം കുറവും വോള്‍ട്ടേജ് കുറഞ്ഞ ലൈനുകളില്‍ കൂടുതലുമായതിനാല്‍ ഈ നിര്‍ദേശം നടപ്പിലായാല്‍ അധിക ഭാരം വഹിക്കേണ്ടി വരുന്നത് ചെറുകിട വ്യവസായികളായിരിക്കും. ഇപ്പോള്‍ തന്നെ ഇഴഞ്ഞു നീങ്ങുന്ന ചെറുകിട വ്യവസായ മേഖലക്ക് ഇത് കനത്ത ആഘാതമേല്‍പിക്കും. ആസൂത്രണരാഹിത്യത്തിന്റെയും കെടുകാര്യസ്ഥതയുടെയും കെടുതികള്‍ ഉപഭോക്താക്കളില്‍ അടിച്ചേല്‍പ്പിച്ചു വീണ്ടു അതേ പാതയില്‍ തന്നെ സഞ്ചരിക്കുന്ന ബോര്‍ഡിന്റെ ജനദ്രോഹപരമായ നടപടികള്‍ക്ക് അറുതി വരണമെങ്കില്‍ സംസ്ഥാനത്തിന്റെ വരും നാളുകളിലെ വര്‍ധിതമായ വൈദുതി ഉപഭോഗം മുന്നില്‍ കണ്ട് ദീര്‍ഘ വീക്ഷണത്തോടെയുള്ള പദ്ധതി ആവിഷ്‌കരണത്തിന് കെല്‍പ്പും അവ സമയബന്ധിതമായി നടപ്പാക്കാന്‍ ആര്‍ജവവുമുള്ള നേതൃത്വവും ഉദ്യോഗസ്ഥവൃന്ദവും ബോര്‍ഡിന്റെ തലപ്പത്ത് വരേണ്ടതുണ്ട്.

 

---- facebook comment plugin here -----

Latest