Connect with us

Eranakulam

മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്നു

Published

|

Last Updated

കൊച്ചി: കേരളത്തിലെ മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതിവിവരക്കണക്ക് ശേഖരിച്ചു വരികയാണെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. വീരാന്‍കുട്ടി. ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വിളിച്ച തെളിവെടുപ്പിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പുതുതായി അധികാരമേറ്റ കേന്ദ്ര സര്‍ക്കാറിലെ ന്യൂനപക്ഷക്ഷേമ മന്ത്രി മുസ്‌ലിംകള്‍ ന്യൂനപക്ഷമല്ലെന്ന പ്രസ്താവന നടത്തിയത് ആശങ്കയുണ്ടാക്കിയെന്നും എന്നാല്‍ ഭരണഘടന നിലനില്‍ക്കും കാലത്തോളം അക്കാര്യത്തില്‍ ഭയപ്പെടേണ്ടതില്ലെന്നുമാണ് കമ്മീഷന്റെ നിലപാട്. രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഇത്തരം നടപടികള്‍ തുടരുമെന്ന് പ്രഖ്യാപിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇതുവരെ സംസ്ഥാനത്ത് നടത്തിയ തെളിവെടുപ്പുകളിലായി രണ്ടായിരത്തോളം പരാതികളാണ് കമ്മീഷന് ലഭിച്ചത്. ഇക്കാര്യത്തില്‍ കമ്മീഷന്‍ സമയബന്ധിതമായി തീരുമാനമെടുത്തു വരികയാണ്. ഇതിനകം ആറ് ജില്ലകളില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കു നല്‍കുന്ന അവകാശങ്ങളും പരിരക്ഷകളും സംരക്ഷിക്കുകയാണ് കമ്മീഷന്റെ പ്രധാന ദൗത്യങ്ങളിലൊന്ന്. ഇക്കാര്യത്തിലുള്ള ഏത് വിഷയവും പരാതിയായി ലഭിച്ചാല്‍ കമ്മീഷന്‍ ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ന്യൂനപക്ഷ പ്രൊമോട്ടര്‍മാരുടെ വേതനം സംബന്ധിച്ച പ്രശ്‌നം താമസിയാതെ പരിഹരിക്കും. ഇതുസംബന്ധിച്ച് ഉത്തരവായിട്ടുണ്ട്. തിരഞ്ഞെടുപ്പ് കാലമായതിനാലാണ് തുടര്‍നടപടി വൈകിയത്. ന്യൂനപക്ഷ വിഭാഗങ്ങളിലെ എ പി എല്‍ കാര്‍ഡുകളെ ബി പി എല്‍ ആക്കുന്നതുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികളുമെന്ന് കമ്മീഷന്‍ അംഗമായ അഡ്വ. വി വി ജോഷി പറഞ്ഞു.
മുക്കത്തെ അനാഥാലയങ്ങളില്‍ തങ്ങള്‍ നേരിട്ട് അന്വേഷണം നടത്തിയതായും ഇക്കാര്യത്തിലുള്ള പ്രാഥമിക റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്കു നല്‍കിയതായും ചെയര്‍മാന്‍ പറഞ്ഞു. നടപടിക്രമങ്ങളില്‍ അപാകമുണ്ടായിട്ടുണ്ടെങ്കില്‍ നടപടി വേണം. എന്നാല്‍ തങ്ങളെ ആരും പ്രലോഭിപ്പിച്ചല്ല ഇവിടെ എത്തിച്ചതെന്നും മികച്ച പഠാനാന്തരീക്ഷമാണ് ആകര്‍ഷിച്ചതെന്നുമാണ് കുട്ടികള്‍ വ്യക്തമാക്കിയത്. അന്യ സംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികള്‍ എത്തുമ്പോള്‍ അവിടുത്തെ സമ്മതം കൂടി വാങ്ങണമെന്ന നിബന്ധന പാലിക്കേണ്ടതായിരുന്നുവെന്നും ഇക്കാര്യത്തിലുണ്ടായ അറിവില്ലായ്മയാണ് പ്രശ്‌നമായതെന്നും കമ്മീഷനംഗമായ അഡ്വ. മറിയുമ്മ വ്യക്തമാക്കി.
കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ സ്ഥിതി മെച്ചമാകാമെങ്കിലും സാമ്പത്തികവും സാമൂഹികവുമായി ഇനിയും ഏറെ മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ചടങ്ങില്‍ സംസാരിച്ച ജില്ലാ കലക്ടര്‍ എം ജി രാജമാണിക്യം ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിലും വനിതകളുടെ മുന്നേറ്റം സംബന്ധിച്ചും ശാസ്ത്രീയ പഠനം നടത്തേണ്ടതുണ്ട്. ജില്ലാ ഭരണകൂടം ആവശ്യമായ സഹായം ചെയ്യാമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര കമ്മീഷന്‍ മുന്‍ അംഗം വി വി അഗസ്റ്റിന്‍, അഡ്വ. ടി പി എം ഇബ്‌റാഹിം ഖാന്‍, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഇഖ്ബാല്‍ വലിയവീട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

Latest