Connect with us

Gulf

ലോക ഫുട്‌ബോള്‍ മാമാങ്കം

Published

|

Last Updated

WORLD CUPഷാര്‍ജ: ഫുട്‌ബോളിന്റെ ഈറ്റില്ലമായ ബ്രസീലിലെ സാവോപോളോയില്‍ ലോക ഫുട്‌ബോള്‍ മാമാങ്കത്തിനു പന്തുരുളാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, കാല്‍പ്പന്തു പ്രേമികളായ പ്രവാസികളും തികഞ്ഞ ആവേശത്തില്‍. വെള്ളിയാഴ്ച രാത്രിയാണ് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ ആവേശത്തോടെയും താത്പര്യത്തോടെയും കാത്തിരിക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കം കുറിക്കുക.

ഒരു മാസത്തിലധികം നീണ്ടുനില്‍ക്കുന്ന ഫുട്‌ബോള്‍ പോരാട്ടത്തില്‍ ലോകത്തെ പ്രഗത്ഭരും കരുത്തരുമായ 48 ടീമുകള്‍ മാറ്റുരക്കും. എട്ടു ഗ്രൂപ്പുകളിലായാണ് മത്സരം. എ, ബി, സി, ഡി, ഇ, എഫ്, ജി, എച്ച് എന്നിവയാണ് ഗ്രൂപ്പുകള്‍. ആതിഥേയരായ ബ്രസീല്‍ ബി ഗ്രൂപ്പിലാണ്. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ഈ മാസം 28 മുതല്‍ ജുലൈ രണ്ടുവരെയും ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ ജൂലൈ നാല് മുതല്‍ ആറുവരെയുമാണ്. ഒമ്പതിനും 10നും സെമി ഫൈനല്‍ മത്സരവും 13നു ലൂസേഴ്‌സ് ഫൈനലും അരങ്ങേറും.
ജൂലൈ 14നാണ് ഫൈനല്‍ പോരാട്ടം. പ്രശസ്തമായ മാറക്കാന സ്റ്റേഡിയത്തില്‍ പ്രാദേശിക സമയം 12.30നാണ് ലോകകപ്പ് ജേതാക്കളെ തിരഞ്ഞെടുക്കാനുള്ള അന്തിമപോരാട്ടം. ലോകമൊട്ടുക്കുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാവുകളാണ്. യു എ ഇയില്‍ അര്‍ധരാത്രിയാണ് മത്സരം ദൃശ്യമാകുക. അതുകൊണ്ടുതന്നെ ഫുട്‌ബോളിനെ നെഞ്ചിലേറ്റുന്നവര്‍ക്കു കരുത്തന്‍മാരുടെ പോരാട്ടം കാണാന്‍ ഉറക്കമൊഴിച്ചിരിക്കേണ്ടിവരും. മത്സരം കാണാന്‍ പലയിടത്തും കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിക്കും. പ്രത്യേകിച്ച് സ്‌പോര്‍ട്‌സ് ക്ലബ്ബുകളിലും ഭക്ഷണ ശാലക്കുമുന്നിലുമായിരിക്കും സ്‌ക്രീനുകള്‍ സ്ഥാപിക്കുക. സാധാരണ ഫുട്‌ബോള്‍ മത്സരങ്ങള്‍ അരങ്ങേറുമ്പോള്‍ പോലും ഇത്തരം സ്‌ക്രീനുകള്‍ സ്ഥാപിക്കാറുണ്ട്.
ഫുട്‌ബോള്‍ കമ്പക്കാരായ ഒട്ടനേകം മലയാളികള്‍ പ്രവാസ ഭൂമിയിലുണ്ട്. ഇവരൊക്കെയും ആവേശത്തിലാണ്. ലോക കാല്‍പ്പന്ത് കളിയാണ് ഇവരുടെ പ്രധാന ചര്‍ച്ചാവിഷയം. താമസസ്ഥലങ്ങളില്‍ കൂറ്റന്‍ സ്‌ക്രീനുകള്‍ സ്ഥാപിച്ച് ഒന്നിച്ചിരുന്നു മത്സരം കാണാനുള്ള തയ്യാറെടുപ്പുകള്‍ പലരും നടത്തുന്നുണ്ട്. മറ്റുചിലരാകട്ടെ മത്സരം സംപ്രേഷണം ചെയ്യുന്ന ചാനലുകളുടെ കണക്ഷനുകള്‍ എടുത്തുവരികയാണ്. പ്രശസ്തമായ മിക്ക ചാനലുകളും ലോക കപ്പ് തത്സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.
കേരളത്തിലെ ഫുട്‌ബോളിന്റെ ഈറ്റില്ലങ്ങളായ മലപ്പുറത്തെയും കോഴിക്കോട്ടെയുമെല്ലാം ഫുട്‌ബോള്‍ ആരാധകര്‍ കിക്കോഫിനു വേണ്ടി കാത്തിരിക്കുകയാണ്. അര്‍ധരാത്രിയില്‍ മത്സരമായതിനാല്‍ തങ്ങളുടെ ജോലിയെ ബാധിക്കുമോയെന്ന് ആശങ്കപ്പെടുന്ന ഫുട്‌ബോള്‍ പ്രേമികളുമുണ്ട്. എന്തുതന്നെയായാലും മത്സരം കാണാന്‍ തന്നെയാണ് പലരുടെയും തീരുമാനം. നാലു വര്‍ഷത്തിലൊരിക്കല്‍ അരങ്ങേറുന്ന ഫുട്‌ബോള്‍ മാമാങ്കത്തിനു കഴിഞ്ഞതവണ ആതിഥ്യമരുളിയത് സൗത്ത് ആഫ്രിക്കയായിരുന്നു. സ്‌പെയിനായിരുന്നു ജേതാക്കള്‍. ഇറ്റലിയെയാണ് കരുത്തരായ സ്‌പെയിന്‍ തകര്‍ത്തത്. ഇത്തവണ കപ്പ് ആരുനേടുമെന്നത് പ്രവചനാതീതമാണ്. മത്സര രംഗത്തുള്ള ഓരോ ടീമും ശക്തരും പ്രഗത്ഭരുമാണ്. അതുകൊണ്ടുതന്നെ ജേതാക്കള്‍ ആരെന്ന് കാത്തിരുന്നുകാണാം.