Connect with us

Gulf

അബുദാബി ചേംബര്‍ തിരഞ്ഞെടുപ്പ് നാളെ

Published

|

Last Updated

അബുദാബി: ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് നാളെ (വ്യാഴം) രാവിലെ ഒമ്പതു മുതല്‍ രാത്രി എട്ടു വരെ മൂന്നു കേന്ദ്രങ്ങളിലായി നടക്കും. 25 ശതമാനം വോട്ട് രേഖപ്പെടുത്തിയില്ലെങ്കില്‍ രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ജൂണ്‍ 26ന് നടക്കും. ഒമ്പത് വിദേശികള്‍ ഉള്‍പ്പെടെ 72 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. 15 അംഗങ്ങളുള്ള ഡയറക്ടര്‍ ബോര്‍ഡിലേക്ക് 13 സ്വദേശികളേയും രണ്ട് വിദേശികളെയുമാണ് തിരഞ്ഞെടുക്കുക.
പ്രമുഖ വ്യവസായിയും നിലവില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായ പത്മശ്രി എം എ യൂസുഫലി വീണ്ടും മത്സരിക്കുന്നുണ്ട്. ചേംബര്‍ തിരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി വിജയിച്ചിട്ടുള്ള ഏക വിദേശിയാണ് യൂസുഫലി. തട്ടത്താഴത്ത് ഹുസൈന്‍ ആണ് മത്സര രംഗത്തുള്ള മറ്റൊരു മലയാളി. ഹുസൈന്‍ കഴിഞ്ഞ തവണയും മത്സരിച്ചിരുന്നു. ഇബ്രാഹിമി റസ്റ്റോറന്റ് ഗ്രൂപ്പ് എം ഡി ഖാന്‍ സമാന്‍ സുറൂറും മത്സര രംഗത്ത് സജീവമായുണ്ട്. 26ന് ക്വാറം തികഞ്ഞില്ലെങ്കിലും തിരഞ്ഞെടുപ്പ് നടത്തും. വോട്ടെടുപ്പ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഫലപ്രഖ്യാപനം വരും. അബുദാബി കിരീടാവകാശിയും യു എ ഇ സായുധ സേന ഡെപ്യൂട്ടി സുപ്രിം കമാന്‍ഡറും അബുദാബി എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അബുദാബി നിയമ വകുപ്പിലെ പ്രത്യേകം നിയോഗിക്കപ്പെട്ട ജഡ്ജിയുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നത്.
തിരഞ്ഞെടുപ്പ് നടത്തിപ്പിന് മേല്‍നോട്ട സമിതി രൂപീകരിച്ചിട്ടുണ്ട്. സൂക്ഷ്മ പരിശോധനക്ക് ശേഷം 63 സ്വദേശികളും ഒമ്പത് വിദേശികളും ഉള്‍പ്പെടുന്ന അന്തിമ സ്ഥാനാര്‍ഥി പട്ടികയാണ് മത്സരരംഗത്തുള്ളത്. അബുദാബി നാഷണല്‍ എക്‌സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ എക്‌സിബിഷന്‍ സെന്റര്‍, മദീന സായിദ് സിറ്റിയിലെ പുതിയ വിവാഹ ഹാള്‍ എന്നിവിടങ്ങളിലാണ് പോളിംഗ് സ്റ്റേഷനും കൗണ്ടിംഗ് സെന്ററുകളും ക്രമീകരിക്കുക. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പോളിംഗ് സമയം.

---- facebook comment plugin here -----

Latest