Connect with us

Ongoing News

ലോകകപ്പിന് നാളെ തുടക്കം

Published

|

Last Updated

ബ്രസീലിയ:വിശ്വ ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലേക്ക് ആനയിച്ച് ലോകകപ്പിന് നാളെ ബ്രസീലില്‍ തുടക്കമാകും.ദേശ-ഭാഷാ-ജാതി-വര്‍ണ വ്യത്യാസങ്ങള്‍ മറന്ന് ലോകത്തെ ഒരു ഫുട്‌ബോളിനോളം ചെറുതാക്കുന്ന അത്ഭുത കായിക മാമാങ്കത്തിന് ആതിഥേയരായ ബ്രസീലും ക്രൊയേഷ്യയും ഏറ്റുമുട്ടുന്നതോടെ തുടക്കമാകും.ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളും എത്തിയതോടെ ഉത്സവ പ്രതീതിയാണ് ബ്രസീലിലെ നഗരങ്ങളിലെങ്ങും.

64 വര്‍ഷത്തിന് ശേഷം തങ്ങളുടെ നാട്ടിലെത്തുന്ന ലോകകപ്പില്‍ ആറാം കിരീടമാണ് മഞ്ഞപ്പട ലക്ഷ്യമിടുന്നത്.സൂപ്പര്‍ താരം നെയ്മറിലാണ് അവരുടെ പ്രതീക്ഷകള്‍ മുഴുവന്‍.1950ല്‍ ബ്രസീലില്‍ നടന്ന ലോകകപ്പില്‍ ഫൈനലില്‍ ഉറുഗ്വായ്‌യോട് തോറ്റ മാറക്കാനയില്‍ തന്നെയാണ് ഇത്തവണത്തെ ഫൈനലും. പഴയ നാണക്കേട് മായ്ക്കാനുറച്ച് തന്നെയാണ് ഇത്തവണ ബ്രസീല്‍ ഇറങ്ങുന്നത്.ബയേണ്‍ മ്യൂണിക്ക് താരം മരിയോ മന്‍സുകിച്ച് ആണ് ക്രൊയേഷ്യയുടെ കുന്തമുന.1998ല്‍ മൂന്നാം സ്ഥാനം നേടിയതാണ് ക്രൊയേഷ്യയുടെ ലോകകപ്പിലെ മികച്ച പ്രകടനം.

അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയുടേയും പോര്‍ച്ചുഗലിന്റെ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടേയും ഇംഗ്ലണ്ടിന്റെ വെയിന്‍ റൂണിയുടേയും സ്‌പെയിനിന്റെ സാവി-ഇനിയസ്റ്റ കൂട്ടുകെട്ടിന്റേയും മാസ്മരിക പ്രകടനങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.മിറോസ്ലാവ് ക്ലോസെ ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോയുടെ റെക്കോര്‍ഡ് മറികടക്കുമോ? ഇവര്‍ക്കെല്ലാം മുകളില്‍ പുതിയൊരു താരം ഉയര്‍ന്നു വരുമോ? ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ ആരായിരിക്കും? ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള  മറുപടിയുടേത് കൂടിയാണ് അടുത്ത ഒരു മാസം.

1930ലാണ് ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിച്ചത്.ഉറുഗ്വായ് ആണ് ആദ്യ ജേതാക്കള്‍.ബ്രസീലില്‍ നടക്കുന്നത് ഇരുപതാമത് ലോകകപ്പ് ആണ്.പത്തെണ്ണം യൂറോപ്പ്യന്‍ ടീമുകള്‍ സ്വന്തമാക്കിയപ്പോള്‍ ഒന്‍പതെണ്ണം ലാറ്റിന്‍ടീമുകള്‍ കൈയടക്കി.ജൂലൈ 13നാണ് ഫൈനല്‍.