Connect with us

Kannur

കൃഷിയിടത്തില്‍ ഇനി പാരമ്പര്യത്തിന്റെ പെരുമയും

Published

|

Last Updated

കണ്ണൂര്‍: “തവള കരഞ്ഞു, മഴ പെയ്തു തവളക്കണ്ണന്‍ ഞാറായി, ഞാറുപറിച്ച് നടുന്നതിനായ് കന്നുപൂട്ടി, നിലമൊരുക്കി….” ഒരു കാലത്ത് നാട്ടിക്കണ്ടത്തില്‍ നിന്നുയര്‍ന്നുകേട്ട നാട്ടിപ്പാട്ടുകളിലൊന്നാണിത്. നാടുമാറിയപ്പോള്‍ മണ്‍മറഞ്ഞ നാട്ടിപ്പാട്ടിനൊപ്പം നാട്ടുനെല്ലിനങ്ങളും പേരിന്റെ പെരുമയിലൊതുങ്ങി. എന്നാല്‍ പുതിയ കാലത്തും നാട്ടുപഴമയുടെ പെരുമയുമായി ഒരു കര്‍ഷകന്‍ തിരിച്ചെത്തിയപ്പോള്‍ അത് പാരമ്പര്യത്തിന്റെ അടയാളപ്പെടുത്തലിനപ്പുറം കൃഷിയിടങ്ങളില്‍ പ്രൗഢിയുള്ള നെല്ലിനത്തിന്റെ തിരിച്ചുവരവ് കൂടിയായി.
വെസ്റ്റ് എളേരി പഞ്ചായത്തിലെ കുറുഞ്ചേരി കുഞ്ഞമ്പു നായര്‍ എന്ന വയോധികനായ കര്‍ഷകനാണ് തവളക്കണ്ണന്‍ എന്ന പരമ്പരാഗത നെല്ലിനത്തെ വീണ്ടും കൃഷിയിടത്തിലവതരിപ്പിച്ചത്. രുചി കൊണ്ടും ധാന്യത്തിന്റെ കൂടിയ അളവ് കൊണ്ടും കര്‍ഷകര്‍ക്ക് പ്രിയപ്പെട്ട “തവളക്കണ്ണന്‍” ഏറെക്കാലം മുമ്പേ നമ്മുടെ പാടശേഖരങ്ങളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. കണ്ണിന്റെ ആകൃതിയിലുള്ള ധാന്യമണികളുള്ള ഇതിന്റെ ചോറു വേവിച്ചെടുത്താല്‍ രുചിയും ഗുണയും നഷ്ടപ്പെടുത്താതെ കൂടുതല്‍ സമയം സൂക്ഷിച്ചെടുക്കാമെന്നതാണ് ഈ നെല്ലിന്റെ പ്രധാന പ്രത്യേകത. അതുകൊണ്ട് തന്നെ മുന്‍കാലങ്ങളില്‍ നെല്‍ വയലുകളില്‍ തവളക്കണ്ണന് തന്നെയായിരുന്നു പ്രധാന സ്ഥാനം. എന്നാല്‍ ആധുനിക നെല്ലിനങ്ങളുടെ വരവോടെ തവളക്കണ്ണന്‍ നമ്മുടെ പാടശേഖരങ്ങളില്‍ നിന്നും അപ്രത്യക്ഷമായി.
പാരമ്പര്യ നെല്ലിനങ്ങള്‍ എക്കാലത്തും കൃഷി ചെയ്ത കുഞ്ഞമ്പു നായര്‍ അടുത്തിടെ പബ്ലിക് റിലേഷന്‍സ് വകുപ്പ് ജീവനക്കാര്‍ ഒരു പരിപാടിക്കായി എത്തിയപ്പോഴാണ് തവളക്കണ്ണന്‍ വിത്തിന്റെ പ്രത്യേകതയെക്കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ചത്. കൈമോശം വന്ന ഈ വിത്ത് കിട്ടാനില്ലാത്തതിനാല്‍ തവളക്കണ്ണന്റെ കൃഷി ഇപ്പോള്‍ നടത്താനാവുന്നില്ലെന്ന് കുഞ്ഞമ്പു നായര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് കണ്ണൂരിലെ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ജീവനക്കാര്‍ പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഏറെ പ്രത്യേകതുള്ള ഈ നാടന്‍ നെല്ലിന്‍ വിത്തിനം കുഞ്ഞമ്പുനായര്‍ക്ക് എത്തിച്ച് നല്‍കുകയായിരുന്നു. കാര്‍ഷിക ഗവേഷക ഡോ. ടി വനജയുടെ നിര്‍ദേശപ്രകാരം പട്ടാമ്പി നെല്ല് ഗവേഷണ കേന്ദ്രത്തിലെ പ്ലാന്റ് പ്രീഡിംഗ് ആന്‍ഡിജനറ്റിക്‌സ് വിഭാഗം അസി. പ്രൊഫ. ഡോ. പി സിന്ധുമോളാണ് തവളക്കണ്ണന്‍ വിത്തിന്റെ വെളുപ്പും ചുവപ്പും ഇനങ്ങള്‍ ലഭ്യമാക്കി കുഞ്ഞമ്പുനായര്‍ക്ക് നല്‍കിയത്.
കൃഷിയിറക്കലിലും തുടര്‍ന്നുള്ള ഘട്ടങ്ങളിലും കാര്‍ഷിക സര്‍വകലാശാലയുടെ ഭാഗത്തുനിന്ന് ആവശ്യമായ എല്ലാവിധ സഹായങ്ങളും പിന്നീട് കുഞ്ഞമ്പു നായര്‍ക്ക് ലഭിച്ചു. പട്ടാമ്പിയില്‍ നിന്നു ലഭിച്ച നൂറു ഗ്രാം വിത്തില്‍ നിന്ന് പരമാവധി ഫലം കണ്ടെത്തി ധാന്യവും വിത്തും വരുംതലമുറകള്‍ക്കായി കാത്തുവെക്കാനുറച്ചിരിക്കുകയാണ് ഇപ്പോള്‍ കുഞ്ഞമ്പുനായരും മകന്‍ മുരളീധരനും.
ഉള്ളറിഞ്ഞു ചെയ്താല്‍ നെല്‍കൃഷി ഒരിക്കലും നഷ്ടമാവില്ലെന്നാണ് സ്വന്തം അനുഭവങ്ങളിലൂടെ കുഞ്ഞമ്പുനായര്‍ സാക്ഷ്യപ്പെടുത്തുന്നത്. ജില്ലാതലത്തില്‍ മാതൃകാ കര്‍ഷകനുള്ള ആദരവും നിരവധി അവാര്‍ഡുകളും ഇദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.