Connect with us

Editorial

വിപത്കരം ഫഌക്‌സ് ബോര്‍ഡുകള്‍

Published

|

Last Updated

ഫഌക്‌സ് ബോര്‍ഡുകള്‍ കൊണ്ട് നിറഞ്ഞിരിക്കയാണ് നാടും നഗരവും. വിവിധ പാര്‍ട്ടികളും സംഘടനകളും സ്ഥാപിച്ച വര്‍ണാഭമായ ഫഌക്‌സ് ബോര്‍ഡുകള്‍ നിരത്തുകളിലും കവലകളിലം ഊടുവഴികളില്‍ പോലും സുലഭം. വിവരങ്ങള്‍ അറിയിക്കാനും ആശംസകള്‍ നേരാനും പ്രതിഷേധിക്കാനും അനുശോചിക്കാനുമെല്ലാം ഏവര്‍ക്കും ഫഌക്‌സ് ബോര്‍ഡുകള്‍ തന്നെ വേണം. രാഷ്ട്രീയക്കാരാണ് ഇതിന്റെ ഉപയോഗത്തില്‍ മുന്നില്‍. കേന്ദ്ര മന്ത്രിമാര്‍ മുതല്‍ പഞ്ചായത്ത് അംഗങ്ങള്‍ വരെയുള്ള ജനപ്രതിനിധികളുടെ വികസന, സേവന പ്രവര്‍ത്തനങ്ങള്‍ നാട്ടുകാരെ അറിയിക്കുന്നത് ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചാണ്. തിരഞ്ഞെടുപ്പ് കാലത്ത് ഫഌക്‌സ് ബോര്‍ഡുകളുടെ പ്രളയമായിരുന്നു എങ്ങും. നമ്മുടെ വഴിയോരങ്ങളെയാകെ കൈയടക്കിയ ഈ ബോര്‍ഡുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞു മാസങ്ങള്‍ കടന്നു പോയിട്ടും നീക്കം ചെയ്യപ്പെടാതെ കിടക്കുകയാണ്.
പ്ലാസ്റ്റിക്കിന്റെയും പോളിവിനൈല്‍ ക്‌ളോറൈഡന്റിന്റെയും മിശ്രിതമായ ഫഌക്‌സുകളാല്‍ നിര്‍മിതമായ പരസ്യ ബോര്‍ഡുകള്‍ സ്വതന്ത്ര സഞ്ചാരത്തിനും കാഴ്ചക്കും തടസ്സം സൃഷ്ടിക്കുന്നതിന് പുറമെ പരിസ്ഥിതിക്കും കടുത്ത ആഘാതം ഏല്‍പ്പിക്കുന്നതായി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡും വ്യാഴാഴ്ച ഇക്കാര്യം ഹൈക്കോടതിയില്‍ ബോധിപ്പിക്കുകയുണ്ടായി. നിരത്തുകളിലെ ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ കോടതിയില്‍ സമര്‍പ്പിച്ച ഹരജിയുമായി ബന്ധപ്പെട്ട് നല്‍കിയ വിശദീകരണത്തിലാണ് ഫഌക്‌സ് ബോര്‍ഡുകളുടെ പെരുപ്പം വലിയൊരു പാരിസ്ഥിതിക പ്രശ്‌നായി മാറിയിരിക്കയാണെന്നും ഇതിനെതിരെ അടിയന്തര നടപടി സ്വീകരിക്കാന്‍ പരിസ്ഥിതി വകുപ്പിന് നിര്‍ദേശം നല്‍കിയതായും ബോര്‍ഡ് സെക്രട്ടരി കോടതിയെ ബോധിപ്പിച്ചത്.
പുനരുപയോഗിക്കാന്‍ സാധിക്കാത്ത വസ്തുവാണ് ഫഌക്‌സ് ഷീറ്റുകള്‍. ദ്രവിച്ചു പോകാത്ത ഇവ പഴകിയാല്‍ കത്തിക്കുകയോ, ഭൂമിയിലോ ജലാശയങ്ങളിലോ നിക്ഷേപിക്കുകയോ മാത്രമേ നിര്‍വാഹമുള്ളു. രണ്ടായാലും പ്രത്യാഘാതം ഗുരുതരം. കത്തിച്ചാല്‍ അതീവ മാരകമായ വിഷവാതകങ്ങള്‍ പുറപ്പെടുവിക്കുകയും അവ മനുഷ്യന്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളില്‍ ക്യാന്‍സര്‍, ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയ മാറാരോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും. മണ്ണിലോ വെള്ളത്തിലോ ഇവ കലര്‍ന്നാല്‍ അവയിലെ ജീവാംശം നശിപ്പിക്കുകയും ഉപയോഗശൂന്യമാക്കുകയും ചെയ്യുന്നു.
ഈ സാഹചര്യത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉണര്‍ത്തിയതു പോലെ ഫഌക്‌സ് ഉപയോഗത്തിനെതിരെ നടപടി അനിവാര്യമാണ്. എന്നാല്‍ ചെലവ് കുറഞ്ഞതും അതേസമയം ആകര്‍ഷണീയവുമായ വസ്തുവായതിനാല്‍ ഉപയോഗം വ്യാപകമായിക്കഴിഞ്ഞ ഫഌക്‌സ് ബോര്‍ഡുകളെ ഒറ്റയടിക്ക് നിരോധിക്കുക പ്രായോഗികമല്ല. തുടക്കത്തില്‍ ഇവ സ്ഥാപിക്കുന്നതിന് കര്‍ശന നിബന്ധനകളേര്‍പ്പെടുത്തി ഉപയോഗം കുറക്കുകയും അതോടൊപ്പം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വഴി അവയുടെ ദൂഷ്യവശങ്ങള്‍ സമൂഹത്തെ ബോധ്യപ്പെടുത്തി ക്രമേണ ഉപയോഗം പാടേ ഇല്ലാതാക്കുകയുമാണ് പ്രായോഗികം. യാത്രക്കാരെയും ഡ്രൈവര്‍മാരെയും ആകര്‍ഷിക്കുകയും ശ്രദ്ധ തെറ്റിക്കുകയും ചെയ്യുന്ന വിധം റോഡരികില്‍ ഫ്‌ളെക്‌സ് പരസ്യങ്ങള്‍ സ്ഥാപിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താവുന്നതാണ്. ഇത്തരം ബോര്‍ഡുകള്‍ പലപ്പോഴും വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ വിലക്ക് അനിവാര്യവുമാണ്.
ഫ്‌ളക്‌സ് ബോര്‍ഡുകളുടെ വിപത്തിനെക്കുറിച്ചു സമൂഹത്തെ ബോധവത്കരിക്കുന്നതില്‍ പരിസ്ഥിതി, സന്നദ്ധ സംഘടനകള്‍ക്കും മാധ്യമങ്ങള്‍ക്കും മികച്ച പങ്ക് വഹിക്കാനാകും. എന്തിനും ഏതിനും ക്യാമ്പയിനുകള്‍ സംഘടിപ്പിക്കുന്ന പ്രസ്ഥാനങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്തിക്കാണുന്നില്ല. മാത്രമല്ല ചില സംഘടനകള്‍ പരിസ്ഥിതി ബോധവത്കരണത്തിനും ഫഌക്‌സ് ഉപയോഗിക്കുന്ന വിരോധാഭാസവും ദൃശ്യമാണ്. അടുത്തിടെ കേരള ശുചിത്വ മിഷനും സംസ്ഥാനത്തെ ഒരു പ്രമുഖ പത്രവും സംയുക്തമായി സംസ്ഥാനത്ത് നടപ്പിലാക്കുന്ന “സുകൃതപുറം” പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനച്ചടങ്ങിന്റെ വേദിക്ക് പിന്നിലെ വലിയ ബാനറും കോമ്പൌണ്ടില്‍ കെട്ടിത്തൂക്കിയ ബോര്‍ഡുകളും ഫ്‌ളെക്‌സ്‌നിര്‍മിതമായിരുന്നു. ഈ വലിയ ഫഌക്‌സ് ബോര്‍ഡിനു മുന്നില്‍ നിന്നാണ് മന്ത്രിമാരും ഉന്നതോദ്യോഗസ്ഥരും പ്ലാസ്റ്റിക്മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അവയില്‍ നിന്ന് ഈ സമൂഹത്തെ രക്ഷിക്കുന്നതിന് തുണികള്‍ കൊണ്ട് നിര്‍മിതമായ ബാനറുകളിലേക്കും ചാക്ക് ബോര്‍ഡുകളിലേക്കും മടങ്ങേണ്ടതിന്റെ ആവശ്യകതയും ഉദ്‌ബോധിപ്പിച്ചിരുന്നത്. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഇത്തരം ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ യാതൊരു ഫലവുമുളവാക്കില്ല.