Connect with us

Wayanad

വയനാട്ടില്‍ നടാന്‍ എത്തിച്ച അക്കേഷ്യ തൈകള്‍ തിരികെ കൊണ്ടുപോവും, പകരം മഹാഗണി

Published

|

Last Updated

കല്‍പ്പറ്റ: മണ്ണിന്റെ ജലാംശം കൂടുതലായി വലിച്ചെടുക്കുകയും പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന അക്കേഷ്യ മരതൈകള്‍ വന മേഖളയില്‍ നട്ടുപിടിപ്പിക്കാനുള്ള നീക്കം പ്രതിഷേധത്തെ തുടര്‍ന്ന് വനം വകുപ്പ് ഉപേക്ഷിക്കുന്നു. പേര്യ ചന്ദനത്തോട് വനഭൂമിയില്‍ നടാന്‍ കൊണ്ടുവന്ന അക്കേഷ്യ തൈകള്‍ തിരികെ കണ്ടുപോവും.
പകരം മഹാഗണി തൈകള്‍ വനഭൂമിയില്‍ നട്ടുപിടിപ്പിക്കാനാണ് തീരുമാനം. മനുഷ്യരില്‍ അലര്‍ജി ഉണ്ടാക്കുന്നതും മണ്ണിന്റെ ജലാംശം കൂടുതല്‍ വലിച്ചെടുക്കുന്നതുമായ അക്കേഷ്യ തൈകള്‍ കഴിഞ്ഞ ദിവസമാണ് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം വയനാട്ടില്‍ എത്തിച്ചത്. ചാലക്കുടി ചെട്ടിക്കുളത്തെ സാമൂഹ്യ വനവല്‍ക്കരണ വിഭാഗം നഴ്‌സറിയില്‍ തയ്യാറാക്കിയ 15200 തൈകളാണ് കഴിഞ്ഞ ദിവസം വയനാട്ടില്‍ എത്തിച്ചത്. ഈ തൈകള്‍ അടുത്ത ദിവസം തന്നെ ചെട്ടിക്കുളം നഴ്‌സറിയിലേക്ക് തിരിച്ചയക്കും.
അക്കേഷ്യ നട്ടുവളര്‍ത്താന്‍ തീരുമാനിച്ചത് പേര്യയിലെ അതീവ പരിസ്ഥിതിലോല പ്രദേശത്താണ്. വനം വകുപ്പിനുള്ളില്‍ നിന്നും പരിസ്ഥിതി പ്രവര്‍ത്തകരില്‍ നിന്നും ഉണ്ടായ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം മാറ്റുന്നത്. കണ്ണവം സെന്‍ട്രല്‍ നഴ്‌സറിയില്‍ തയ്യാറാക്കിയിട്ടുള്ള അര ലക്ഷം മഹാഗണി തൈകള്‍ അടുത്ത ദിവസം തന്നെ പേര്യയില്‍ എത്തിക്കാനാണ് തീരുമാനം. പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് നേരത്തെ അക്കേഷ്യ തൈകള്‍ ഉണ്ടാക്കുന്നതും നട്ടുപിടിപ്പിക്കുന്നതും സാമൂഹ്യ വനവല്‍ക്കരണ വിഭാഗം നിര്‍ത്തിയതാരുന്നു. 2004 മുതല്‍ വന മേഖലയില്‍ അക്കേഷ്യ തൈകള്‍ നട്ടുപിടിപ്പിച്ചിട്ടില്ല. വയനാട്ടില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ സംരക്ഷിത മേഖലയായി കണക്കാക്കിയിട്ടുള്ള പ്രദേശമാണ് പേര്യ ചന്ദനത്തോട്ടുള്ള നിക്ഷിപ്ത വനഭൂമി. വയനാടിന് പുറമെ തൃശൂര്‍ വനം ഡിവിഷന് കീഴിലെ വാഴച്ചാല്‍ സെക്ഷന്‍ വനമേകലയിലും വടക്കാഞ്ചേരിയിലും അക്കേഷ്യ തൈകള്‍ നടാന്‍ വനം വകുപ്പ് പദ്ധതിയിട്ടിരുന്നു.
ചാലക്കുടിയിലെ ചെട്ടിക്കുളം നഴ്‌സറിയില്‍ രണ്ടര ലക്ഷത്തോളം അക്കേഷ്യ തൈകളാണ് ഇത്തവണ തയ്യാറാക്കിയത്. ഈ തൈകളില്‍ നല്ലപങ്കും വയനാടിന് പുറത്തുള്ള വന മേഖലയില്‍ നടാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

Latest