Connect with us

Palakkad

സ്ഥലം കൈയേറി അനധികൃത കെട്ടിട നിര്‍മാണം

Published

|

Last Updated

പാലക്കാട്: അട്ടപ്പാടിവാലി ഇറിഗേഷന്‍പദ്ധതി പ്രദേശം കൈയേറി അനധികൃത കെട്ടിട നിര്‍മാണം. ഗൂളിക്കടവ് ചിറ്റൂര്‍ റോഡിന് സമീപത്താണിത്. പുതുതായി നിര്‍മിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ഭാഗങ്ങളാണ് സര്‍ക്കാര്‍ ഭൂമി കൈയേറി റോഡിലേക്കെത്തുന്നത്.
ഒരു മാസത്തിനുമുമ്പ് കൈയേറ്റം ജലസേചനവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടെങ്കിലും തുടര്‍ നടപടിയുണ്ടാവാത്തത് കൂടുതല്‍ ഭാഗത്തേക്ക് സ്വകാര്യ നിര്‍മാണം വ്യാപിക്കാന്‍ കാരണമായിട്ടുണ്ട്. കെട്ടിടത്തിലേക്കുള്ള അനുബന്ധറോഡ് നിര്‍മാണത്തിന് വേണ്ടിയെന്നവ്യാജേന പ്രധാന റോഡില്‍നിന്ന് 40 ഡിഗ്രിയോളം ചെരുവില്‍ മണ്ണിട്ട് നികത്തിവരികയാണ്. ഇതുമൂലം റോഡിന്റെ ഘടനക്കും മാറ്റംവന്നിട്ടുണ്ട്. വാഹനങ്ങള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്യുന്നതിനും റോഡിലൂടെയുള്ള സുഗമമായ യാത്രക്കും തടസ്സമുണ്ടായിട്ടുണ്ട്.
ഗൂളിക്കടവിലെ കൈയേറ്റം ജലസേചന വകുപ്പധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പ്രശ്‌നം സ്ഥലമുടമയുമായി രമ്യമായി സംസാരിച്ചുതീര്‍ക്കാനും സര്‍ക്കാര്‍ഭൂമിയിലെ കൈയേറ്റമാണെന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ പരാതിയുണ്ടെങ്കില്‍ എഴുതിത്തരണമെന്ന് ആവശ്യപ്പെടുകയുമാണുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞദിവസം ചില ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും നിര്‍മാണം ഇതുവരെ നിലച്ചിട്ടില്ല. നിര്‍മാണം അനുമതിയില്ലാതെയെന്ന് ജലസേചനവകുപ്പ് പറയുന്നു.
അതേ സമയം ഗൂളിക്കടവില്‍ അട്ടപ്പാടിവാലി ഇറിഗേഷന്‍പദ്ധതിസ്ഥലത്ത് നിര്‍മാണം നടത്തുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ജലസേചന വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറിയിച്ചു. കെട്ടിടത്തിന്റെ അനുബന്ധഭാഗങ്ങള്‍ സര്‍ക്കാര്‍ഭൂമിയിലേക്ക് നിര്‍മിച്ചതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അനധികൃതനിര്‍മാണ പ്രവൃത്തിക്കെതിരെ നോട്ടീസ് നല്‍കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിട ഉടമക്ക് 14 വര്‍ഷമായി വാടകയും നല്‍കിയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.