Connect with us

Kozhikode

മനുഷ്യക്കടത്തെന്ന് തെറ്റായ വിവരം : മുട്ടില്‍ ഓര്‍ഫനേജ് വിദ്യാര്‍ഥികളെ പോലീസ് തടഞ്ഞ് വെച്ചു

Published

|

Last Updated

താമരശ്ശേരി: മനുഷ്യക്കടത്തെന്ന തെറ്റായ വിവരത്തിന്റെ പേരില്‍ വയനാട് മുട്ടില്‍ ഓര്‍ഫനേജ് വിദ്യാര്‍ഥികളെ താമരശ്ശേരിയില്‍ പോലീസ് തടഞ്ഞു പരിശോധിച്ചു. അവധി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഹൈദരാബാദില്‍ നിന്നുള്ള സംഘത്തെയാണ് വാഹനം തടഞ്ഞ് പരിശോധിച്ചത്. ഹൈദരാബാദില്‍ നിന്ന് ട്രെയിനില്‍ കോഴിക്കോട്ടെത്തിയ 26 ആണ്‍കുട്ടികളും ഏഴ് രക്ഷിതാക്കളും രണ്ട് യതീംഖാന ജീവനക്കാരുമടങ്ങിയ സംഘം മിനി ബസ്സിലാണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. അന്യ സംസ്ഥാനത്ത് നിന്ന് കുട്ടികളെ കൊണ്ടുവരുന്നതായി എ ഡി ജി പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് വാഹനം പരിശോധിക്കാന്‍ എ ഡി ജി പി നിര്‍ദേശിക്കുകയായിരുന്നു. രാത്രി ഏഴ് മണിയോടെ പോലീസ് സ്‌റ്റേഷന് മുന്‍വശത്ത് വാഹനം തടയുകയായിരുന്നു. 112 കുട്ടികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ ചൈല്‍ഡ് ഫെല്‍ഫെയര്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കിയിരുന്നതായും ഇത് നിരസിച്ചതിനെ തുടര്‍ന്ന് കോടതിയെ സമീപിച്ച് അനുമതി വാങ്ങിയാണ് വിദ്യാര്‍ഥികളെ നാട്ടിലേക്കയച്ചതെന്നുമാണ് യതീംഖാന അധികൃതര്‍ പോലീസില്‍ അറിയിച്ചത്. രേഖകള്‍ പരിശോധിച്ച ശേഷം ഒമ്പത് മണിയോടെ കുട്ടികളെ പോലീസ് വയനാട്ടിലേക്ക് കൊണ്ടുപോയി. വയനാട് ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ ഓഫീസര്‍ ഇവരുടെ രേഖ പരിശോധിച്ച ശേഷം ഈ കുട്ടികള്‍തന്നെയാണോ എന്ന് ഉറപ്പു വരുത്തുമെന്ന് താമരശ്ശേരി ഡി വൈ എസ് പി. ജെയ്‌സണ്‍ കെ അബ്രഹാം പറഞ്ഞു. കുട്ടികളെ വിട്ടുകൊടുക്കരുതെന്നാവശ്യപ്പെട്ട് പോലീസ് സ്‌റ്റേഷന് സമീപം സംഘടിച്ചവരെ പോലീസ് വിരട്ടി ഓടിക്കുകയായിരുന്നു.

Latest