Connect with us

Kozhikode

ശാസ്ത്രം ഇസ്‌ലാമിന് അന്യമല്ല; ഡോ. നസീര്‍ അഹ്മദ്‌

Published

|

Last Updated

കോഴിക്കോട്: അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയിലെ ശാസ്ത്രജ്ഞന്‍ ഡോ. നസീര്‍ അഹ്മദിന് മര്‍കസില്‍ ഊഷ്മള സ്വീകരണം. ഇന്നലെ കാലത്ത് പത്തിന് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മര്‍കസ് സംഘം സ്വീകരിച്ചു. ശാസ്ത്രം ഇസ്‌ലാമിന് അന്യമല്ലെന്ന് മര്‍കസ് മസ്ജിദുല്‍ ഹാമിലിയില്‍ ജുമുഅ നിസ്‌കാരത്തിന് ശേഷം നടന്ന സ്വീകരണത്തില്‍ അദ്ദേഹം പറഞ്ഞു. മധ്യകാല മുസ്‌ലിം പണ്ഡിതരുടെ ജീവിതം അതിന് മികച്ച തെളിവാണ്.
ശാസ്ത്രത്തിന്റെയും നാഗരികതയുടെയും വളര്‍ച്ചയില്‍ വലിയ സംഭാവനകള്‍ നല്‍കിയ ബാഗ്ദാദ് നാഗരികത ഇതിന് മികച്ച ഉദാഹരണമാണ്. എട്ടും ഒമ്പതും നൂറ്റാണ്ടുകളില്‍ ലോകത്തെ എറ്റവും വലിയ സമ്പന്ന നഗരമായിരുന്ന ബാഗ്ദാദ്. നഗര നിര്‍മാണത്തിന് നേതൃത്വം നല്‍കാന്‍ ഖലീഫ ചുമതലപ്പെടുത്തിയത് പ്രമുഖ ഇസ്‌ലാമിക പണ്ഡിതനായ ഇമാം അബൂഹനീഫ(റ)വിനെയായിരുന്നു.
ശാസ്ത്രവും മതവും പരസ്പരം അകലത്തില്‍ നില്‍ക്കേണ്ടതല്ലെന്നും ഇസ്‌ലാം ശാസ്ത്രീയ കണ്ടെത്തലുകള്‍ക്ക് ഏറെ പ്രചോദനം പകര്‍ന്ന മതമാണെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് മൂന്നിന് മര്‍കസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ അദ്ദേഹവുമായി ചര്‍ച്ച നടത്തി. മര്‍കസ് ജനറല്‍ മാനേജര്‍ സി മുഹമ്മദ് ഫൈസി, മര്‍കസ് ഡയറക്ടര്‍ ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.
വിദ്യാര്‍ഥികളുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ അദ്ദേഹം മുന്നോട്ടു വെച്ചു. വൈകീട്ട് നാലിന് മര്‍കസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടന്ന നോളജ് സെമിനാറില്‍ “ധൈഷണികതയും ബൗദ്ധിക വികാസവും’ എന്ന വിഷയത്തില്‍ ഡോ. നസീര്‍ അഹ്മദ് പ്രബന്ധമവതരിപ്പിച്ചു. തുടര്‍ന്ന് അദ്ദേഹം വിദ്യാര്‍ഥികളുമായി സംവദിച്ചു.
മര്‍കസ് നോളജ് സിറ്റി സി ഇ ഒയും ഐ എസ് ആര്‍ ഒ മുന്‍ ശാസ്ത്രജ്ഞനുമായ ഡോ. അബ്ദുസ്സലാം, ഇ വി അബ്ദുര്‍റഹ്മാന്‍, ഉനൈസ് കല്‍പ്പകഞ്ചേരി, ജി അബൂബക്കര്‍, നോളജ് സിറ്റി മാനേജര്‍ ശൗക്കത്ത് മുണ്ടേങ്കാട്ടില്‍, സ്‌കൂള്‍ മാനേജര്‍ ഹനീഫ സഖാഫി പ്രസംഗിച്ചു. മര്‍കസ് സീനിയര്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അബ്ദുല്‍ ഖാദര്‍ കരുവഞ്ചാല്‍ സ്വാഗതം പറഞ്ഞു. ഇന്ന് മര്‍കസ് നോളജ് സിറ്റിയില്‍ നടക്കുന്ന ശിലാസ്ഥാപന ചടങ്ങിലും മര്‍കസില്‍ നടക്കുന്ന ഖത്മുല്‍ ബുഖാരിയിലും അദ്ദേഹം പങ്കെടുക്കും.

Latest