Connect with us

Kozhikode

അരയിടത്ത് പാലം അപ്രോച്ച് റോഡ് മഴക്ക് മുമ്പ് സാധ്യമാകില്ല

Published

|

Last Updated

കോഴിക്കോട്: അരയിടത്ത് പാലം അപ്രോച്ച് റോഡ് നിര്‍മാണം അവസാന ഘട്ടത്തില്‍. നാട്ടുകാരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷമാണ് റോഡിന്റെ നിര്‍മാണം പൂര്‍ത്തിയാകുന്നത്. അപ്രോച്ച് റോഡ് യാഥാര്‍ഥ്യമാകുന്നതോടെ മെഡിക്കല്‍ കോളജ് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് പാളയത്തേക്കും ബൈപ്പാസിലേക്കുമെല്ലാമുള്ള യാത്ര സുഗമമാകും. അരയിടത്ത് പാലം ജംഗ്ഷനിലുണ്ടാകുന്ന ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കുമെല്ലാം അപ്രോച്ച് റോഡ് തുറക്കുന്നതോടെ ഒരു പരിധി വരെ പരിഹാരമാകും. വേനല്‍ മഴയെത്തുന്നതിന് മുന്‍പ് തന്നെ പണി പൂര്‍ത്തിയാക്കി റോഡ് തുറന്ന് നല്‍കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്.
എന്നാല്‍ നിര്‍മാണ പ്രവര്‍ത്തനം മന്ദഗതിയിലായതിനാല്‍ അതിന് സാധിച്ചില്ല. ഇപ്പോള്‍ പ്രവര്‍ത്തനം അവസാന ഘട്ടത്തിലെത്തിയിട്ടുണ്ടെങ്കിലും മഴക്ക് മുമ്പ് ഇതുവഴി ഗതാഗതം സാധ്യമാകുമോ എന്ന കാര്യം സംശയമാണ്. ജൂണ്‍ അഞ്ചിനുള്ളില്‍ റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്. കോണ്‍ക്രീറ്റ് വര്‍ക്കുകളെല്ലാം ഏകദേശം പൂര്‍ത്തിയായതായും മണ്ണിടല്‍ മാത്രമാണ് ബാക്കിയുള്ളതെന്നും അവര്‍ പറയുന്നു.
മണ്ണിട്ട് റോഡിന്റെ ഉയരം കൂട്ടുന്നതോടെ ഇതുവഴിയുള്ള കെ എസ് ഇ ബി ലൈന്‍ വാഹനങ്ങള്‍ക്ക് പ്രശ്‌നമായി മാറാന്‍ സാധ്യതയുണ്ട്. അതിനാല്‍ റോഡ് തുറക്കുന്നതിനുമുമ്പ് ഇലക്ട്രിക് പോസ്റ്റ് മാറ്റി സ്ഥാപിക്കേണ്ടി വരും. അതിന് അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. അതുപോലെ ടാറിംഗ് മഴക്ക് ശേഷം മാത്രമേ നടക്കുകയുള്ളൂ എന്നതാണ് മറ്റൊരു പ്രശ്‌നം. ഇപ്പോള്‍ മണ്ണിട്ട് റോഡ് ഉയര്‍ത്തിയ ശേഷം അതിന് മുകളില്‍ ക്വാറി വേസ്റ്റിടുകയാണ് ചെയ്യുക. മഴ മാറിയ ശേഷം ടാറിംഗ് നടത്താനാണ് ഉദ്ദേശിക്കുന്നത്. മഴ തുടങ്ങിയാല്‍ വെള്ളം ഉയരുന്നത് ബുദ്ധിമുട്ടുണ്ടാകും. അതാണ് ടാറിംഗ് നീട്ടിവെക്കാന്‍ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. വേനല്‍ക്കാലത്ത് പോലും വെള്ളം കൊണ്ടുള്ള ബുദ്ധിമുട്ട് വളരെയധികമായിരുന്നു. ഘട്ടം ഘട്ടമായി മാത്രമേ പണി തീര്‍ക്കാന്‍ സാധിച്ചുള്ളൂ. ചതുപ്പ് നിലമായതിനാല്‍ കോക്കനട്ട് പൈലിംഗും ചെയ്യേണ്ടി വന്നു. നിര്‍മാണ പ്രവര്‍ത്തനം ഇത്രയും നീണ്ട് പോകാന്‍ കാരണം അതാണെന്നും പറയുന്നു.
നിലവിലെ സാഹചര്യത്തില്‍ മഴ തുടങ്ങുന്നതിനുമുമ്പ് പരമാവധി പ്രവര്‍ത്തനങ്ങള്‍ തീര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം മുന്‍കൂട്ടി കണ്ട് പണി പൂര്‍ത്തിയാക്കാത്തതാണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇപ്പോള്‍ പണി വേഗത്തില്‍ നടക്കുന്നുണ്ട്. ഈ വേഗത ആദ്യമേ ഉണ്ടായിരുന്നെങ്കില്‍ റോഡ് നിര്‍മാണം നേരത്തെ പൂര്‍ത്തിയാകുമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

Latest