Connect with us

Ongoing News

നദാല്‍-ജൊകോവിച് ഫൈനല്‍

Published

|

Last Updated

പാരിസ്: ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ സ്‌പെയ്‌നിന്റെ റാഫേല്‍ നദാലും സെര്‍ബിയയുടെ നൊവാക് ജോകോവിചും ഏറ്റുമുട്ടും. നാല് സെറ്റ് നീണ്ട സെമിഫൈനലില്‍ ഏണസ്റ്റ് ഗുല്‍ബിസിനെയാണ് ജൊകോവിച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-3, 6-3, 3-6, 6-3.
നദാല്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ 6-3,6-2,6-1ന് തകര്‍ത്താണ് കലാശപ്പോരിന് ടിക്കറ്റെടുത്തത്. ഒമ്പതാം കിരീടമാണ് ഇവിടെ നദാല്‍ ലക്ഷ്യമിടുന്നത്. ജൊകോവിചിനെയും മറികടന്നാല്‍ ഫ്രഞ്ച് ഓപണ്‍ തുടരെ അഞ്ച് തവണ നേടുന്ന ആദ്യ താരമാകും നദാല്‍.
ഫ്രഞ്ച് ഓപണ്‍ കൂടി സ്വന്തമാക്കി കരിയറില്‍ എല്ലാ ഗ്രാന്‍സ്ലാമുകളും സ്വന്തം പേരില്‍ കുറിച്ച് കരിയര്‍ ഗ്രാന്‍ഡ് സ്ലാം ഗണത്തില്‍ പെടുകയാണ് ജൊകോവിചിന്റെ ലക്ഷ്യം. ഇതുവരെ ഏഴ് പേര്‍ മാത്രമാണ് കരിയര്‍ ഗ്രാന്‍ഡ്സ്ലാം പട്ടികയില്‍ ഇടം പിടിച്ചത്. സജീവമായി ടെന്നീസ് കളിക്കുന്നവരില്‍ റോജര്‍ ഫെഡററും റാഫേല്‍ നദാലും ഇതിലുള്‍പ്പെട്ടവരാണ്.
ആദ്യ രണ്ട് സെറ്റിലും മികച്ചു നിന്ന ജൊകോവിച് തുടരെ പിഴവുകള്‍ വരുത്തി മൂന്നാം സെറ്റ് നഷ്ടമാക്കി. ഏകാഗ്രത നഷ്ടപ്പെട്ടത് തന്നെ കുറച്ച് നേരത്തേക്ക് അസ്വസ്ഥനാക്കിയെന്ന് സെര്‍ബ് താരം പറയുന്നു. നാലാം സെറ്റില്‍ ഫോം വീണ്ടെടുത്ത് ജൊകോവിച് ഗുല്‍ബിസിന്റെ തിരിച്ചുവരവ് ശ്രമങ്ങള്‍ അടച്ചു. ഒന്നിനെതിരെ പതിമൂന്ന് എയ്‌സുകളാണ് ജൊകോവിച് തൊടുത്തത്. ഡബിള്‍ ഫോള്‍ട്ടുകളില്‍ ഗുല്‍ബിസ് മുന്നിലായിരുന്നു. ഇത് ജൊകോവിചിന് മത്സരം അനായാസമാക്കി.