Connect with us

Kollam

ധാര്‍മികതയുടെ മാധ്യമ സംസ്‌കാരം രൂപപ്പെടണം: മന്ത്രി ഷിബു ബേബിജോണ്‍

Published

|

Last Updated

കൊല്ലം: ധാര്‍മികതയുടെയുടെയും സമൂഹ നന്മയുടെയും മാധ്യമ സംസ്‌കാരം സമൂഹത്തില്‍ രൂപപ്പെടണമെന്ന് തൊഴില്‍- പുനരധിവാസ മന്ത്രി ഷിബുബേബിജോണ്‍.
നവീകരിച്ച സിറാജ് കൊല്ലം ബ്യൂറോയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മാധ്യമങ്ങളുടെ അതിപ്രസരം കിടമത്സരത്തിന് ഇടയാക്കുന്നതായും ഈ മത്സരത്തില്‍ സത്യവും നീതിയും ചോര്‍ന്ന് പോകാതിരിക്കാന്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധ ചെലുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നിഷ്പക്ഷ നിലപാടുകളിലൂടെ മുന്നോട്ട് പോകുന്ന സിറാജ് മൂന്ന് പതിറ്റാണ്ട് കാലം സമൂഹത്തിന് നല്‍കിയ ആശയങ്ങളും സന്ദേശങ്ങളും വിലപ്പെട്ടതാണ്. സിറാജ് കൂടുതല്‍ ഉയരങ്ങളിലേക്ക്് നീങ്ങുന്നുവെന്നത് സന്തോഷകരമായ അനുഭവമാണെന്നും മന്ത്രി പറഞ്ഞു. സിറാജ് നിലപാടുകള്‍ സമൂഹം ഏറ്റെടുക്കുന്നതിന് തെളിവാണ് ദുബൈ, ഒമാന്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലടക്കം മുന്‍നിരയിലേക്ക് പത്രം ഉയര്‍ന്നതെന്ന് ഉദ്ഘാടന സംഗമത്തില്‍ സ്വാഗതപ്രസംഗം നടത്തിയ സിറാജ് എഡിറ്റര്‍ ഇന്‍ ചാര്‍ജ് ടി കെ അബ്ദുല്‍ ഗഫൂര്‍ പറഞ്ഞു. മലയാളി വായനക്കാര്‍ക്കിടയില്‍ സുപ്രധാനമായ സ്ഥാനമാണ് സിറാജിന് ഉള്ളതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ തൗഫീഖ് പബ്ലിക്കേഷന്‍ ജനറല്‍ സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി അഭിപ്രായപ്പെട്ടു. മൂല്യങ്ങളിലും ആദര്‍ശത്തിലും നയസമീപനങ്ങളിലും ഉറച്ച് നില്‍ക്കാന്‍ സിറാജിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പത്രപ്രവര്‍ത്തനരംഗം കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്നത് ചെറുകിട പത്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് കൊല്ലം പ്രസ് ക്ലബ്ബ് പ്രസിഡന്റ് സി വിമല്‍കുമാര്‍ ആശങ്ക പ്രകടിപ്പിച്ചു. സത്യം തുറന്നുപറയാന്‍ സിറാജ് കാണിക്കുന്ന ആര്‍ജവം ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.
പുതുതായി പത്രങ്ങള്‍ പിറവിയെടുക്കുമ്പോഴും ജനപക്ഷത്ത് നിന്ന് പ്രവര്‍ത്തിക്കുന്ന പത്രങ്ങള്‍ എത്രത്തോളമുണ്ടെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ആര്‍ എസ് പി ജില്ലാ സെക്രട്ടറി ഫിലിപ്പ് കെ തോമസ് പറഞ്ഞു. സിറാജ് തിരുവനന്തപുരം യൂനിറ്റ് ചെയര്‍മാന്‍ ഡോ. പി എ മുഹമ്മദ് കുഞ്ഞ് സഖാഫി അധ്യക്ഷത വഹിച്ചു.
പ്രസ് ക്ലബ്ബ് സെക്രട്ടറി ബിജു പാപ്പച്ചന്‍, എസ് വൈ എസ് ജില്ലാ സെക്രട്ടറി എച്ച് ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി, യൂനിറ്റ് ഇന്‍ചാര്‍ജ് എന്‍ പി ഉമര്‍ ഹാജി, എച്ച് ആര്‍ മാനേജര്‍ ടി കെ സി മുഹമ്മദ്, സര്‍ക്കുലേഷന്‍ മാനേജര്‍ ഉമര്‍ മായനാട്, എസ് എസ് എഫ് ജില്ലാ സെക്രട്ടറി എസ് ആര്‍ ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. സിറാജ് കൊല്ലം ബ്യൂറോ ചീഫ് രമേശന്‍ പിലിക്കോട് നന്ദി പറഞ്ഞു. കാസിം എ ഖാദര്‍, സുല്‍ഫിക്കര്‍ സംബന്ധിച്ചു.