Connect with us

International

'സൈനികനെ മോചിപ്പിക്കാന്‍ യു എസ് പദ്ധതി തയ്യാറാക്കിയിരുന്നു'

Published

|

Last Updated

ഇസ്‌ലാമാബാദ്: താലിബാന്‍ തീവ്രവാദികള്‍ പാക്കിസ്ഥാനില്‍ ബന്ദിയാക്കിയ അമേരിക്കന്‍ സൈനികന്‍ ബോവ് ബെര്‍ഗ്ദാലിനെ മോചിപ്പിക്കാന്‍ അമേരിക്കന്‍ സൈനിക ഉദ്യോഗസ്ഥര്‍ രക്ഷിക്കല്‍ ദൗത്യത്തിന് പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വാഷിംഗ്ടണ്‍ ടൈംസ് ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ മാസം 31ന് ഗ്വാണ്ടനാമോ തടവറയിലെ താലിബാന്‍കാരെ വിട്ടയച്ചതിന് പകരമായി ബെര്‍ഗ്ദലിനെ മോചിപ്പിച്ചതിന് പിറകേയാണ് ഈ വാര്‍ത്ത വരുന്നത്.
അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറന്‍ പക്തിക പ്രവിശ്യയില്‍വെച്ച് 2009 ജൂണിലാണ് ബെര്‍ഗാദിലിനെ കാണാതായത്. സൈനികനെ തങ്ങള്‍ പിടികൂടിയെന്ന് താലിബാനെ ഉദ്ധരിച്ച് എക്‌സപ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈനികനെ മോചിപ്പിക്കാനുള്ള സൈനിക ഓപറേഷന്‍ സംബന്ധിച്ച് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ കൂടിയാലോചനകള്‍ നടത്തിയിരുന്നതായി ചര്‍ച്ചയില്‍ പങ്കെടുത്ത ഭരണകാര്യവിഭാഗം മുന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാല്‍ യു എസ് നീക്കം പാക് സര്‍ക്കാറിനേയും രഹസ്യാന്വേഷണ വിഭാഗമായ ഐ എസ് ഐയെയും കോപാകുലമാക്കിയെന്നും തുടര്‍ന്ന് ഉപേക്ഷിച്ചുവെന്നും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
2011 മെയില്‍ അമേരിക്കന്‍ സൈനികര്‍ പാക്കിസ്ഥാനെ അറിയിക്കാതെ അബത്താബാദില്‍ സൈനിക നീക്കം നടത്തി അല്‍ഖാഇദ തലവന്‍ ഉസാമ ബിന്‍ ലാദനെ വധിച്ചിരുന്നു. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു.

---- facebook comment plugin here -----

Latest