Connect with us

National

ബജറ്റിന് മുന്നോടിയായി ജെയ്റ്റ്‌ലി സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗം വിളിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: ബജറ്റിന് മുന്നോടിയായി ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി സംസ്ഥാന ധനകാര്യ മന്ത്രിമാരുടെ യോഗം വിളിക്കും. ഈ മാസം ഒമ്പതിനാണ് കൂടിക്കാഴ്ച. ധനകാര്യ മന്ത്രിമാരെ ചര്‍ച്ചക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് ജെയ്റ്റ്‌ലി മുഖ്യമന്ത്രിമാര്‍ക്ക് കത്തയിച്ചിരുന്നു. ജൂലൈ ആദ്യ ആഴ്ച തന്നെ ബജറ്റ് അവതരിപ്പിക്കുകയെന്ന ലക്ഷ്യം ജെയ്റ്റ്‌ലിക്കുണ്ട്. നികുതിസംബന്ധമായ പുതിയ നയം കൊണ്ടുവരിക ഉള്‍പ്പെടെയുള്ള കാര്യങ്ങളായിരിക്കും ചര്‍ച്ചയില്‍ മുഖ്യമായി പ്രതിപാദിക്കുക. ഇതാദ്യമായാണ് ബജറ്റിന് മുന്നോടിയായി കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം ആരായുന്നത്.
കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന വിഹിതങ്ങളുടെ കാര്യത്തില്‍ ദീര്‍ഘനാളായി പരാതി നിലനില്‍ക്കുന്നുണ്ട്. വിഹിതം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ അദ്ദേഹം ആലോചിക്കുന്നുണ്ട്. കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രണത്തിലാക്കുക എന്നത് എന്‍ ഡി എ സര്‍ക്കാറിന്റെ മുഖ്യ അജന്‍ഡകളില്‍ ഒന്നാണ്. ഇതിന് സംസ്ഥാനങ്ങളുടെ പൂര്‍ണ പിന്തുണയും മന്ത്രി പ്രതീക്ഷിക്കുന്നുണ്ട്. വായ്പാ വിതരണം സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്കുള്ള താത്പര്യങ്ങള്‍ അറിയാനും കേന്ദ്രം ആഗ്രഹിക്കുന്നുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ വ്യവസായ ലോകത്തെ തലവന്‍മാരുമായും ജെയ്റ്റ്‌ലി ചര്‍ച്ച നടത്തുന്നുണ്ട്. ബജറ്റ് സംബന്ധിച്ച് അവര്‍ക്കുള്ള നിര്‍ദേശങ്ങള്‍ സമാഹരിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. രണ്ട് വര്‍ഷമായി നിശ്ചലമായി കിടക്കുന്ന നിര്‍മാണ മേഖലയുടെ കുതിപ്പിന് പുതിയ സര്‍ക്കാര്‍ നടപടികള്‍ തുണയാകുമെന്ന് അവരും പ്രതീക്ഷിക്കുന്നു.
ഇതിന് മുന്നോടിയായി കേന്ദ്ര കാബിനറ്റ് സെക്രട്ടറി അജിത് സേഠ് ഇന്ന് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. നാണയപ്പെരുപ്പം സംബന്ധിച്ച് പദ്ധതി ആവിഷ്‌കരിക്കുകയാണ് ചര്‍ച്ചയുടെ പ്രധാന അജന്‍ഡ. സാമ്പത്തിക മന്ത്രാലയത്തിന്റെ സുപ്രധാന വകുപ്പുകളായ വാണിജ്യം, വ്യവസായം, സാമ്പത്തികം, കൃഷി മന്ത്രാലയങ്ങളുടെ സെക്രട്ടറിമാര്‍ യോഗത്തില്‍ സംബന്ധിക്കും.
സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കാനും അവയുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ തന്നെ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് ആത്മവിശ്വാസമേകുന്നതാണ് കേന്ദ്രത്തിന്റെ നടപടികളെന്നും വിലയിരുത്തപ്പെടുന്നു.

 

Latest