Connect with us

National

എ എ പിയില്‍ ആഭ്യന്തര കലഹം രൂക്ഷം

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിയില്‍ ആഭ്യന്തര കലഹം രൂക്ഷമാണെന്ന് വ്യക്തമാക്കി കത്ത് വിവാദം. സ്ഥാപക നേതാവ് യോഗേന്ദ്ര യാദവിന് മുതിര്‍ന്ന നേതാവ് മനീഷ് സിസോദിയ അയച്ച കത്താണ് വിവാദമുയര്‍ത്തിയിരുക്കുന്നത്. പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ വിമര്‍ശിക്കാന്‍ യോഗേന്ദ്ര യാദവിന് അവകാശമില്ലെന്നും കെജ്‌രിവാള്‍ എല്ലായ്‌പ്പോഴും ജനാധിപത്യപരമായാണ് പ്രവര്‍ത്തിച്ചിട്ടുള്ളതെന്നും ഇ മെയിലില്‍ സിസോദിയ പറയുന്നു. കടുത്ത എതിര്‍പ്പ് അവഗണിച്ചും യോഗേന്ദ്ര യാദവിനെ പിന്തുണക്കുന്ന സമീപനമാണ് കെജ്‌രിവാള്‍ എടുത്തിട്ടുള്ളതെന്നും കത്തില്‍ പറയുന്നു.
“പാര്‍ട്ടിയിലെ ഒരു നേതാവുമായുള്ള അഭിപ്രായവ്യത്യാസം പുറത്തേക്ക് വലിച്ചിഴച്ചത് യോഗേന്ദ്ര യാദവാണ്. ഇത് പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തു. കഴിഞ്ഞ 15 ദിവസമായി താങ്കളും നവീന്‍ ജയ്ഹിന്ദും തമ്മില്‍ വാക്‌പോര് തുടരുകയാണ്. അത് പാര്‍ട്ടി വേദിയില്‍ നിന്ന് മാധ്യമങ്ങളിലേക്ക് വലിച്ചിഴച്ചതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ല. നവീനെതിരെ അച്ചടക്ക നടപടി എടുപ്പിക്കാന്‍ താങ്കള്‍ക്ക് സാധിക്കുമായിരുന്നില്ല. അതിനാല്‍ പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാളിനെ പ്രശ്‌നത്തിലേക്ക് വലിച്ചിഴച്ചു. കെജ്‌രിവാള്‍ താങ്കള്‍ പറയുന്നത് കേള്‍ക്കുന്നുവെങ്കില്‍ ഗംഭീരം; അല്ലെങ്കില്‍ ഏകാധിപതി എന്ന നിലപാട് അംഗീകരിക്കാനാകില്ല “- കത്തില്‍ സിസോദിയ പറയുന്നു.
രാഷ്ട്രീയകാര്യ സമിതിയുടെ അഭിപ്രായങ്ങള്‍ക്ക് കെജ്‌രിവാള്‍ വിലകല്‍പ്പുന്നില്ലെന്ന ആരോപണം ഞെട്ടിക്കുന്നതാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. യാദവിന് ഹരിയാനയുടെ പാര്‍ട്ടി ചുമതല നല്‍കിയപ്പോള്‍ ഭൂരിപക്ഷം പേരും എതിര്‍ത്തിരുന്നു. അപ്പോഴും പിന്തുണച്ചത് കെജ്‌രിവാളായിരുന്നുവെന്നും യാദവിന് വ്യാഴാഴ്ച അയച്ച ഇ മെയിലില്‍ സിസോദിയ പറയുന്നു. ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് യോഗേന്ദ്ര യാദവിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തേയും രാഷ്ട്രീയകാര്യ സമിതിയിലെ അംഗങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന് സിസോദിയ ചൂണ്ടിക്കാട്ടുന്നു. ഡല്‍ഹിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനം. യോഗേന്ദ്ര യാദവും ഏതാനും പേരുമാണ് പുറത്തേക്ക് മത്സരം വ്യാപിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തിയതെന്നും സിസോദിയ ആരോപിക്കുന്നു.
അതിനിടെ, ചര്‍ച്ചയുടെ ഭാഗമായാണ് താന്‍ യോഗേന്ദ്ര യാദവിന് കത്തെഴുതിയതെന്നും അത് പാര്‍ട്ടിയിലെ ആഭ്യന്തര കലഹത്തിന്റെ ഭാഗമാണെന്ന വിലയിരുത്തല്‍ അടിസ്ഥാനരഹിതമാണെന്നും സിസോദിയ ഇന്നലെ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ എല്ലാ പാര്‍ട്ടികളിലും നടക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാനയില്‍ പാര്‍ട്ടിയുടെ ദയനീയമായ പ്രകടത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് രാഷ്ട്രീയകാര്യ സമിതിയില്‍ നിന്ന് മെയ് 31ന് യോഗേന്ദ്ര യാദവ് രാജിവെച്ചിരുന്നു. സംസ്ഥാനത്തെ മറ്റൊരു നേതാവായ നവീന്‍ ജയ്ഹിന്ദും ദേശീയ എക്‌സിക്യൂട്ടീവില്‍ നിന്ന് രാജിവെച്ചിരുന്നു. ആം ആദ്മി പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് സ്ഥാപക നേതാക്കളായ ഷാസിയ ഇല്‍മി, ക്യാപ്റ്റന്‍ ഗോപിനാഥ്, മഹാരാഷ്ട്രയിലെ പ്രമുഖ നേതാവായ അഞ്ജലി ദമാനിയ എന്നിവര്‍ പാര്‍ട്ടി വിട്ടിരുന്നു.