Connect with us

National

മാനനഷ്ട കേസില്‍ വിചാരണ തുടരും

Published

|

Last Updated

ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെതിരെ കേന്ദ്ര മന്ത്രി നിതിന്‍ ഗാഡ്കരി സമര്‍പ്പിച്ച അപകീര്‍ത്തി കേസില്‍ വിചാരണ നടപടികള്‍ തുടരും. ഗാഡ്കരിക്കെതിരായ ആരോപണം പിന്‍വലിക്കാന്‍ തയ്യാറാല്ലെന്ന് കെജ്‌രിവാള്‍ വ്യക്തമാക്കിയതോടെയാണ് നടപടികളുമായി മുന്നോട്ടു പോകാന്‍ ഡല്‍ഹി മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി തീരുമാനിച്ചത്. ഇന്നലെ കേസ് പരിഗണിച്ചപ്പോള്‍ കെജ്‌രിവാളും ഗാഡ്കരിയും കോടതിയില്‍ ഹാജരായിരുന്നു.
കേസില്‍ എന്തു കൊണ്ടാണ് അനുരഞ്ജനം ഉണ്ടാക്കാന്‍ സാധിക്കാത്തതെന്ന് കോടതി ഇരുവരോടും ചോദിച്ചു. ഇത്തരം തര്‍ക്കങ്ങള്‍ ഉപേക്ഷിച്ച് സമയവും ഊര്‍ജവും ഉത്പാദനക്ഷമമായ രീതിയില്‍ വിനിയോഗിച്ച് കൂടേയെന്നും മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് ഗോമതി മനോച്ച ചോദിച്ചു. രണ്ട് പേരും സുപ്രസിദ്ധരായ നേതാക്കളാണെന്നും ഇതെല്ലാം ജനം കാണുന്നുണ്ടെന്നും അവര്‍ ഓര്‍മിപ്പിച്ചു. എന്നാല്‍ സത്യസന്ധതയാണ് തന്റെ രാഷ്ട്രീയ ശക്തിയെന്നും സല്‍പ്പേരാണ് മൂലധനമെന്നും ഗാഡ്കരി പറഞ്ഞു. കെജ്‌രിവാള്‍ പ്രസ്താവന പിന്‍വലിച്ചാല്‍ കേസില്‍ നിന്ന് പിന്‍മാറാന്‍ ഒരുക്കമാണ്. തനിക്ക് കെജ്‌രിവാളുമായി വ്യക്തിപരമായ ശത്രുതയൊന്നുമില്ല. പ്രസ്താവന പിന്‍വലിക്കാന്‍ കെജ്‌രിവാള്‍ തയ്യാറാകുന്നില്ലെങ്കില്‍ നിയമയുദ്ധം തുടരാതെ നിവൃത്തിയില്ല. ഉന്നയിച്ച ആരോപണങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ തെളിയിക്കാനുള്ള ബാധ്യതയുണ്ട്- ഗാഡ്കരി പറഞ്ഞു.
എന്നാല്‍ ആരോപണങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് കെജ്‌രിവാള്‍ മറുപടി നല്‍കി. എല്ലാ ആരോപണങ്ങളും തെളിയിക്കാനുള്ള രേഖകള്‍ തന്റെ പക്കലുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് ഇന്ത്യയിലെ ഏറ്റവും അഴിമതിക്കാരായ നേതാക്കളുടെ പട്ടിക കെജ്‌രിവാള്‍ തയ്യാറാക്കിയിരുന്നു. ഇതില്‍ ഗാഡ്കരിയുടെ പേര് ഉള്‍പ്പെടുത്തിയതാണ് അപകീര്‍ത്തി കേസിനാധാരം. തുടക്കത്തില്‍ ജാമ്യത്തുക കെട്ടിവെക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കെജ്‌രിവാളിനെ തിഹാര്‍ ജിയിലിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ പിന്നീട് മെയ് 27ന് ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം ബോണ്ട് നല്‍കാന്‍ കെജ്‌രിവാള്‍ തയ്യാറാകുകയായിരുന്നു.

Latest