Connect with us

Eranakulam

സി എം പി അരവിന്ദാക്ഷന്‍ വിഭാഗവും ജെ എസ് എസും ഒരുമിക്കുന്നു

Published

|

Last Updated

കൊച്ചി: കെ ആര്‍ ഗൗരിയമ്മ നേതൃത്വം നല്‍കുന്ന ജെ എസ് എസും കെ ആര്‍ അരവിന്ദാക്ഷന്‍ നേതൃത്വം നല്‍കുന്ന സി എം പിയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനം. എറണാകുളം ഗസ്റ്റ് ഹൗസില്‍ ഇരു വിഭാഗം നേതാക്കളും തമ്മില്‍ ഇന്നലെ നടന്ന ചര്‍ച്ചയിലാണ് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ധാരണയായത്.
ഇടതു മുന്നണിയില്‍ ഘടകകക്ഷിയായി പ്രവേശിക്കുന്നതിനായി ഇരു പാര്‍ട്ടികളും നാളുകളായി കാത്തിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു സി എം പിയും ജെ എസ് എസും പിളര്‍ന്നത്. സി പി ജോണിന്റെ നേതൃത്വത്തിലുള്ള സി എം പി യു ഡി എഫിനൊപ്പം നിലകൊണ്ടപ്പോള്‍ കെ ആര്‍ അരവിന്ദാക്ഷന്റെ നേതൃത്വത്തിലുള്ള സി എം പി, എല്‍ ഡി എഫിന് പിന്തുണ നല്‍കുകയായിരുന്നു. ജെ എസ് എസിനെ പ്രതിനിധാനം ചെയ്ത് കെ ആര്‍ ഗൗരിയമ്മയും സി എം പിയെ പ്രതിനിധീകരിച്ച് കെ ആര്‍ അരവിന്ദാക്ഷനും എം കെ കണ്ണനും അര മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ആദ്യപടിയായി നാളികേര കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഒരുമിച്ച് സമരരംഗത്തിറങ്ങാനാണ് തീരുമാനം. ഇതിനു ശേഷം ലയനം നടന്നേക്കുമെന്ന് സൂചനയുണ്ട് കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഗൗരിയമ്മയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഗൗരിയമ്മയെ സി പി എമ്മിലേക്ക് അദ്ദേഹം ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ക്ഷണം ഗൗരിയമ്മ നിരസിച്ചു. പകരം താന്‍ നേതൃത്വം നല്‍കുന്ന ജെ എസ് എസിനെ എല്‍ ഡി എഫിന്റെ ഘടകകക്ഷിയാക്കണെമെന്ന ആവശ്യം പിണറായി വിജയന് മുമ്പാകെ ഗൗരിയമ്മ വെച്ചു.
ഇതിനോട് അനുകൂലമായി പിണറായി വിജയന്‍ പ്രതികരിച്ചില്ല. പകരം ജെ എസ് എസും സി എം പിയും ഒന്നാകണമെന്ന നിര്‍ദേശം പിണറായി വിജയന്‍ മുന്നോട്ടുവെച്ചതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇന്നലെ നടന്ന കൂടിക്കാഴ്ചയെന്നും സൂചനയുണ്ട്.

 

Latest