Connect with us

Kannur

കോണ്‍ഗ്രസ് അബ്ദുല്ലക്കുട്ടിക്കൊപ്പം

Published

|

Last Updated

കണ്ണൂര്‍: സരിത വിവാദവുമായി ബന്ധപ്പെട്ട് എ പി അബ്ദുല്ലക്കുട്ടി എം എല്‍ എയെ കോണ്‍ഗ്രസ് കൈവിടില്ല. സരിത അബ്ദുല്ലക്കുട്ടിക്കെതിരെ നല്‍കിയ ബലാത്സംഗ പരാതിയുടെയും രഹസ്യമൊഴിയുടെയും പശ്ചാത്തലത്തില്‍ എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ സ്ഥാനം രാജിവെച്ചേക്കുമെന്ന പ്രചാരണങ്ങളുടെ സാഹചര്യത്തിലാണ് അബ്ദുല്ലക്കുട്ടിയെ പാര്‍ട്ടി കൈവിടില്ലെന്ന് സൂചന നല്‍കി നേതാക്കള്‍ ഗ്രൂപ്പ് വ്യത്യാസം മറന്ന് രംഗത്തെത്തിയത്. സരിത വിവാദത്തിന്റെ പശ്ചാത്തലത്തില്‍ അബ്ദുല്ലക്കുട്ടി എം എല്‍ എ സ്ഥാനം രാജിവെക്കില്ലെന്നും അദ്ദേഹത്തെ പാര്‍ട്ടി സംരക്ഷിക്കുമെന്നും നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കെ സുധാകരന്‍, ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സതീശന്‍ പാച്ചേനി, വി എ നാരായണന്‍, എ പി അബ്ദുല്ലക്കുട്ടി എം എല്‍ എ, കെ പി നൂറുദ്ദീന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അബ്ദുല്ലക്കുട്ടിക്കെതിരായ പരാതി സംബന്ധിച്ച് പാര്‍ട്ടി നിലപാട് കെ പി സി സി പ്രസിഡന്റും മുഖ്യമന്ത്രിയും വ്യക്തമാക്കിയതാണ്. എന്നാല്‍ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്ത കൊടുത്തുകൊണ്ടിരിക്കുന്നു. അബ്ദുല്ലക്കുട്ടിയെ കുറ്റക്കാരനായി ചിത്രീകരിക്കുന്നതിനെതിരെ പാര്‍ട്ടി ഒറ്റക്കെട്ടായി പൊരുതുമെന്ന് ഡി സി സി പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അബ്ദുല്ലക്കുട്ടിക്കെതിരാണെന്ന പ്രചാരണം ശരിയല്ല. ചെയ്യാത്ത കുറ്റത്തിന്റെ പേരിലാണ് അബ്ദുല്ലക്കുട്ടി വേട്ടയാടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയിരുന്നെങ്കിലും താന്‍ രാജിസന്നദ്ധത അറിയിക്കുകയോ രാജിവെക്കണമെന്ന് മുഖ്യമന്ത്രി പറയുകയോ ചെയ്തിട്ടില്ലെന്ന് അബ്ദുല്ലക്കുട്ടിയും വ്യക്തമാക്കി. പാര്‍ട്ടിയും ഡി സി സിയും തനിക്കിതുവരെ എല്ലാ പിന്തുണയും നല്‍കിയിട്ടുണ്ട്. ഡി സി സിയെ താന്‍ വിമര്‍ശിച്ചുവെന്ന വാര്‍ത്ത വല്ലാതെ വിഷമിപ്പിച്ചുവെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
അബ്ദുല്ലക്കുട്ടിയെ രാജിവെപ്പിച്ച് മത്സരിക്കാന്‍ താനില്ലെന്നും വാര്‍ത്തകള്‍ തന്റെ വിശ്വാസ്യതക്കാണ് കോട്ടമുണ്ടാക്കുന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. അബ്ദുല്ലക്കുട്ടി വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് കെ പി സി സി നേതൃത്വമാണ്. നേതൃത്വവും ഇക്കാര്യത്തിലുള്ള നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. തീയതിയും സമയവും രേഖപ്പെടുത്താത്ത സരിതയുടെ പരാതിയില്‍ പോലീസ് കേസെടുത്തത് നിയമവിധേയമല്ലെന്ന് കെ സുധാകരന്‍ കുറ്റപ്പെടുത്തി. കേസെടുത്തത് പോലീസിന്റെ വീഴ്ച തന്നെയാണ്. എ പി അബ്ദുല്ലക്കുട്ടിക്കെതിരെ ഇപ്പോള്‍ പരാതി മാത്രമാണുള്ളത്. അദ്ദേഹം കുറ്റവാളിയല്ല- സുധാകരന്‍ പറഞ്ഞു.
സരിതയുടെ പരാതി: എം എല്‍ എ രാജിവെക്കേണ്ടതില്ലെന്ന് നേതാക്കള്‍

 

---- facebook comment plugin here -----

Latest