Connect with us

Kozhikode

സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി അവധിയിലേക്ക്

Published

|

Last Updated

കോഴിക്കോട്: വടകര, കോഴിക്കോട് പാര്‍ലിമെന്റ് മണ്ഡലങ്ങളില്‍ ഇടത് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് സംബന്ധിച്ച് പാര്‍ട്ടി അന്വേഷണത്തിനൊരുങ്ങുന്നതിനിടെ സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചു. തിരുവനന്തപുരം പൂജപ്പുരയിലെ ഗവ. ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ചതിനാലാണ് അവധിയെന്നാണ് ഔദ്യോഗിക വിശദീകരണം. ഒരു മാസത്തെ അവധിയാണ് അനുവദിച്ചിട്ടുള്ളതെന്നും അദ്ദേഹം തിരിച്ചെത്തും വരെ സെക്രട്ടറിയുടെ ചുമതല ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ഭാസ്‌കരന്‍ നിര്‍വഹിക്കുമെന്നുമാണ് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.
എന്നാല്‍, വടകരയിലും കോഴിക്കോട്ടും പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലാ കമ്മിറ്റിക്കെതിരെ വിമര്‍ശം ഉയരുന്നതിനിടെയാണ് അവധിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം നടന്ന കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിലും സംസ്ഥാനതലത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലും കോഴിക്കോട് ജില്ലാ കമ്മിറ്റിക്ക് നേരെ ആരോപണങ്ങളുയര്‍ന്നിരുന്നു. വടകരയില്‍ എ എന്‍ ഷംസീറിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ കോഴിക്കോട് ജില്ലാ കമ്മിറ്റിയില്‍ വിയോജിപ്പുണ്ടായിരുന്നു. ഇത് നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്വം ജില്ലാ കമ്മിറ്റിക്ക് ഉണ്ടാകില്ലെന്നായിരുന്നു നേതൃത്വത്തെ അറിയിച്ചത്.
സമാനമായ അവസ്ഥ തന്നെയായിയിരുന്നു കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ സംബന്ധിച്ചും ഉണ്ടായത്. മണ്ഡലത്തിന് പുറത്ത് നിന്നുള്ള സ്ഥാനാര്‍ഥികളെ കൊണ്ടുവന്നതിനെതിരെയായിരുന്നു ഇവിടെ എതിര്‍പ്പ്. ഇരു സ്ഥാനാര്‍ഥികളും പരാജയപ്പെട്ടതോടെ ജില്ലാ കമ്മിറ്റി വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെന്ന ആരോപണവും ശക്തമായി.
കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തന വീഴ്ച ഷംസീറിന്റെ തോല്‍വിക്ക് കാരണമായതായാണ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആരോപിച്ചത്. വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍പ്പെട്ട കണ്ണൂരിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളിലും എല്‍ ഡി എഫ് സ്ഥാനാര്‍ഥി മുന്നിലെത്തിയപ്പോള്‍ കോഴിക്കോട്ടെ മണ്ഡലങ്ങളില്‍ പിന്നാക്കം പോകുകയായിരുന്നു. ഇതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം നടത്താന്‍ പാര്‍ട്ടി നിയോഗിച്ച സമിതി ജില്ലയില്‍ എത്താനിരിക്കെയാണ് ജില്ലാ സെക്രട്ടറി അവധിയില്‍ പ്രവേശിച്ചത്. വടകരയില്‍ ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സമയത്ത് ചൈനീസ് സന്ദര്‍ശനത്തിനായി ടി പി രാമകൃഷ്ണന്‍ അവധിയില്‍ പ്രവേശിച്ചത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

 

Latest