Connect with us

Gulf

സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിന് മത്സരപ്പരീക്ഷ

Published

|

Last Updated

ദുബൈ: യു എ ഇയിലെ സ്‌കൂള്‍ അധ്യാപകരുടെ നിയമനത്തിന് മത്സരപ്പരീക്ഷ വരുന്നു. പരിശീലന കോഴ്‌സില്‍ പങ്കെടുത്ത് പരീക്ഷ പാസായി ലൈസന്‍സ് നേടിയവര്‍ക്കു മാത്രമേ ക്ലാസെടുക്കാനാവൂ. അടുത്തവര്‍ഷം നിയമം നടപ്പാക്കും.
സര്‍ക്കാര്‍-സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ഇതു ബാധകമാണ്. അധ്യാപകരുടെ നിയമനവും നിലവാരവും ഏകീകൃത രീതിയിലാക്കാന്‍ പുതിയ സംവിധാനം സഹായകമാകുമെന്നു വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖത്താമി വ്യക്തമാക്കി. പുതിയ നിയമത്തിന് അന്തിമരൂപം നല്‍കി വരികയാണെന്നും സ്വകാര്യ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമാറ്റം കൊണ്ടുവരുമെന്നും പറഞ്ഞു.
അന്തിമരൂപരേഖ സെപ്റ്റംബറിലോ ഒക്‌ടോബറിലോ മന്ത്രിസഭ മുമ്പാകെ അംഗീകാരത്തിനായി സമര്‍പ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മര്‍വാന്‍ അല്‍ സവാലിഹ് പറഞ്ഞു. അംഗീകാരം ലഭിച്ചാല്‍ അടുത്ത വര്‍ഷം ആദ്യം മുതല്‍ വിവിധ ഘട്ടങ്ങളിലായി ഇതു നടപ്പാക്കും. നിയമം പൂര്‍ണമായി നടപ്പാക്കാന്‍ ഒന്നോ രണ്ടോ വര്‍ഷത്തെ സാവകാശം നല്‍കുന്നതു പരിഗണനയിലാണ്.
വിദ്യാഭ്യാസ മേഖലയിലെ നിലവാരം ഉയര്‍ത്താന്‍ കര്‍ശനമായ നടപടികള്‍ അനിവാര്യമാണ്. ശരാശരി നിലവാരത്തിലുള്ള അറിവുനേടി രാജ്യത്തെത്തി അധ്യാപകരാകാന്‍ ഇനി അനുവദിക്കില്ല. മികച്ച വിദ്യാഭ്യാസം വിദ്യാര്‍ഥികളുടെയും രക്ഷിതാക്കളുടെയും അവകാശമാണ്. മികച്ച അധ്യാപര്‍ക്കു മാത്രമേ കഴിവുള്ള യുവതലമുറയെ വാര്‍ത്തെടുക്കാനാവൂ. ലോകരാജ്യങ്ങളുടെ മുന്‍നിരയിലുള്ള യുഎഇയില്‍ ഇതാവശ്യമാണ്. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം രാജ്യത്ത് ഉറപ്പാക്കുമെന്നും മര്‍വാന്‍ വ്യക്തമാക്കി.
ചില സ്വകാര്യസ്‌കൂളുകളിലെ വിദ്യാഭ്യാസ രീതികളെക്കുറിച്ചു രക്ഷിതാക്കളില്‍ നിന്നു പരാതി ഉയര്‍ന്നിരുന്നു. പാഠഭാഗങ്ങള്‍ക്കു പുറത്തുനിന്നുള്ള വിഷയങ്ങള്‍ കുട്ടികളെ പഠിപ്പിക്കുന്നുവെന്നാണു പരാതി. ഇതു രാജ്യത്തെ മൂല്യങ്ങള്‍ക്കും വിദ്യാഭ്യാസരംഗത്തെ പൊതു തത്വങ്ങള്‍ക്കും വിരുദ്ധമാണ്. പരാതികള്‍ പരിശോധിച്ചു നടപടിയെടുക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുകയാണ്. അതേസമയം, രാജ്യത്തെ സ്വകാര്യസ്‌കൂളുകളില്‍ മികച്ച സംവിധാനങ്ങളാണുള്ളതെന്നും മന്ത്രാലയം വിലയിരുത്തി. രാജ്യത്ത് സ്വദേശികളും വിദേശികളുമായ 60,000 അധ്യാപകരുണ്ടെന്നാണ് കണക്ക്.

 

Latest