Connect with us

Gulf

ആനക്കൊമ്പ്: യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Published

|

Last Updated

ദുബൈ: ആനക്കൊമ്പുമായി യാത്രചെയ്യുന്നവര്‍ക്ക് ദുബൈ പോലീസ് അധികൃതരുടെ മുന്നറിയിപ്പ്. ആനക്കൊമ്പ് കള്ളക്കടത്ത് സംഘത്തിനെതിരായാണ് ദുബൈ വിമാനത്താവള പോലീസ് അധികൃതര്‍ മുന്നറിയിപ്പ് നല്‍ക്കിയിരിക്കുന്നത്. ദുബൈ രാജ്യാന്തര വിമാനത്താവളം വഴി ആനക്കൊമ്പ് കടത്താനുള്ള ശ്രമങ്ങള്‍ അടിക്കടി ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ദുബൈ പോലീസിന്റെ ദുബൈ വിമാനത്താവള സുരക്ഷാ വിഭാഗം മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുന്നത്. ആനക്കൊമ്പ് കൈവശം വെക്കുന്നത് കുറ്റകരമാണെന്നും അന്താരാഷ്ട്ര വന്യജീവി നിയമ പ്രകാരം കുറ്റകരമാണെന്നും പോലീസ് വിശദീകരിച്ചു.
യാത്രക്കാരുടെ ശ്രദ്ധക്കായി വിമാനത്താവളത്തില്‍ ഇംഗ്ലീഷ്, അറബിക്, ചൈനീസ് ഭാഷകളില്‍ മുന്നറിയിപ്പുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഈ മാസം 28 വരെ മുന്നറിയിപ്പുകള്‍ ഇലക്ട്രോണിക് സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. ടെര്‍മിനല്‍ ഒന്നിലും മൂന്നിലുമായാണ് ഇവ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. രാജ്യാന്തര അതിര്‍ത്തികളില്‍ ആനക്കൊമ്പ് വ്യാപാരം തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര ശ്രമവുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു നീക്കം നടത്തുന്നത്. രണ്ടാമത്തെ വര്‍ഷമാണ് യു എ ഇ ഇതുമായി സഹകരിക്കുന്നത്. വിമാനത്താവളം വഴി കടന്നുപോകുന്ന ലക്ഷക്കണക്കിന് യാത്രക്കാരെ ഇതിലൂടെ ബോധവത്ക്കരിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഫ്രിക്കയില്‍ നിന്നുള്ള ആനക്കൊമ്പ് കടത്തുകാരാണ് ദുബൈ വിമാനത്താവളം ഉപയോഗപ്പെടുത്തി കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് ആനക്കൊമ്പ് കടത്താന്‍ ശ്രമിക്കുന്നത്. ഇത്തരത്തില്‍ പല കേസുകളും ദുബൈ എയര്‍പോര്‍ട്ട് കസ്റ്റംസിന്റെയും സുരക്ഷാ വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പിടികൂടിയിരുന്നു.
ഏഷ്യക്കും ആഫ്രിക്കക്കും ഇടയില്‍ കണ്ണിയായി നിലകൊള്ളുന്നതിനാലാണ് വിമാനത്താവളം വഴി ആനക്കൊമ്പ് കടത്താന്‍ കള്ളക്കടത്തു സംഘം ശ്രമിക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്ട് ജനറല്‍ ഡിപാര്‍ട്ട്‌മെന്റ് സുരക്ഷാ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ അലി അത്തിഖ് ബിന്‍ ലഹെജ് വ്യക്തമാക്കി.

 

Latest