Connect with us

National

കുട്ടിക്കള്ളന്മാര്‍ 17 ലക്ഷത്തിന്റെ വാച്ച് വിറ്റത് 100 രൂപയ്ക്ക്

Published

|

Last Updated

ലക്‌നൗ: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കള്ളന്മാര്‍ 17 ലക്ഷത്തിന്റെ റോളക്‌സ് വാച്ച് വിറ്റത് 100 രൂപയ്ക്ക്. കട്ടെടുത്ത വസ്തുവിന്റെ വിലയറിയാതെയാണ് ഇവര്‍ തുച്ഛമായ വിലയ്ക്ക് വിപണിയില്‍ വിറ്റത്. ഉത്തര്‍പ്രദേശിലെ ഗോമതി നഗറിലാണ് സംഭവം. കോണ്‍ഗ്രസ് നേതാവ് പിയൂഷ് മിശ്രയുടെ അടച്ചിട്ട വീട് കുത്തിത്തുറന്നപ്പോഴാണ് കുട്ടിക്കള്ളന്മാരുടെ സംഘത്തിന് 17 ലക്ഷം വിലപിടിപ്പുള്ള വാച്ച ലഭിച്ചത്. ഈ വാച്ചാണ് കുട്ടികള്‍ വിപണിയില്‍ വിറ്റത്. മറ്റൊരു വീട്ടില്‍ നിന്നും 12 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് ഇവര്‍ മോഷ്ടിച്ചത്. ഈ വാച്ച് പൊട്ടിച്ച ശേഷം ആക്രിക്കച്ചവടക്കാരന് തുച്ഛമായ വിലയ്ക്ക വിറ്റു.
എന്നാല്‍ കുട്ടിക്കള്ളന്മാരുടെ വിളയാട്ടം അതികം തുടരാനായില്ല. കോളനിയിലെ വിജയ് സിങ് എന്നയാള്‍ കുട്ടിസംഘത്തെ പിടികൂടി. മറ്റൊരു വീടിന്റെ എസി വയര്‍ മുറിച്ച് അകത്തുകടക്കാന്‍ ശ്രമിക്കുന്ന സംഘത്തെ ഇദ്ദേഹം പൊലീസിന്റെ സഹായത്തോടെ കുടുക്കുകയായിരുന്നു.

കോണ്‍ഗ്രസ് നേതാവ് പിയൂഷ് മിശ്രയുടെ വീട്ടില്‍ അടുത്ത നാളുകളിലൊന്നും അദ്ദേഹവും കുടുംബവും താമസിച്ചിട്ടില്ല. വീട് ഒഴിഞ്ഞു കിടക്കുകയായിരുന്നുവെന്ന് നേരത്തെ അറിയാമായിരുന്നുവെന്നും വീടിന്റെ ജനല്‍ കമ്പികള്‍ തകര്‍ത്താണ് അകത്ത് പ്രവേശിച്ചതെന്നും പിടിയിലായ കുട്ടികള്‍ വെളിപ്പെടുത്തി. വീട്ടില്‍ നിന്ന് വാച്ചിന് പുറമെ കാമറ, സ്വര്‍ണാഭരണങ്ങള്‍ എന്നിവയും മോഷ്ടിച്ചിട്ടുണ്ട്. കുട്ടികള്‍ വിറ്റ സാധനങ്ങള്‍ പൊലീസ് കണ്ടെടുത്തു. പണമുണ്ടാക്കുന്നതിന് വേണ്ടി വീടുകളിലെ ബാത്‌റൂം ഫിറ്റിങ്‌സുകള്‍, അലൂമിനിയം വയറുകള്‍ തുടങ്ങിയവയും കുട്ടികള്‍ മോഷ്ടിക്കാറുണ്ടെന്നും ഇവ അക്രി കച്ചവടക്കാര്‍ക്ക് വില്‍ക്കാറാണെന്നും പൊലീസ് പറഞ്ഞു.

Latest