Connect with us

Kottayam

മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ക്കാതെ നടപ്പാക്കണം: പി ടി തോമസ്

Published

|

Last Updated

കോട്ടയം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരള സര്‍ക്കാരും മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വെള്ളം ചേര്‍ക്കാതെ നടപ്പാക്കാന്‍ ഇച്ഛാശക്തി കാട്ടണമെന്ന് ഇടുക്കി മുന്‍ എം പി. പി ടി തോമസ്. സി എസ് ഐ സഭയുടെ പ്രഥമ പരിസ്ഥിതിദിന അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ കക്ഷികളായ കോണ്‍ഗ്രസിനും സി പി എമ്മിനും അതിന്റെ നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും പിണറായി വിജയനും പരിസ്ഥിതി സംരക്ഷണവും മാധവ് ഗാഡ്ഗിലും മുഖ്യ അജന്‍ഡയാക്കി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മുന്നോട്ടു പോകാന്‍ സാധിക്കില്ലെന്നും പി ടി തോമസ് കൂട്ടിച്ചേര്‍ത്തു. പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്നുള്ള റിപ്പോര്‍ട്ട് കൈയടിക്കുവേണ്ടി ഞാന്‍ തള്ളിപറഞ്ഞിട്ടില്ല. ഇനി ഒരിക്കലും പാര്‍ലിമെന്റിന്റെ പടി ചവിട്ടാന്‍ പറ്റിയില്ലെങ്കിലും റിപ്പോര്‍ട്ടിനേക്കുറിച്ചുള്ള വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കും. വര്‍ഗീയ കാര്‍ഡിറക്കിയും അധികാരികളെ കണ്ണുരുട്ടി കാണിച്ചുമുള്ള പ്രക്ഷോഭങ്ങളാണ് ഇടുക്കിയിലും താമരശേരിയിലും നടന്നത്. സര്‍വചരാചരങ്ങളുടെയും മേല്‍ കോടാലി വെക്കാമെന്ന മുദ്രാവാക്യമാണ് ഇവിടെ ഉയര്‍ന്നു കേട്ടത്. ആത്മീയതയുടെ കുരിശുവരച്ചു കൊണ്ടു കള്ള പ്രചാരണങ്ങള്‍ നടത്തി സഭാനേതൃത്വം വിശ്വാസികളെ പറ്റിച്ചു. പച്ചയായ പുല്‍ത്തകിടിലേക്ക് എന്നുള്ള കേരള മെത്രാന്‍ സമിതിയുടെ ലഘുലേഖയിലെ പരാമര്‍ശങ്ങളുടെ 1001 ശതമാനം ഗൗരവം മാധവ്ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ ഇല്ല.
നാട്ടില്‍ വര്‍ഗീയ കലാപത്തിനു ആഹ്വാനം ചെയ്യാന്‍ മടിയില്ലാത്ത സഭാ നേതൃത്വമാണ് ഇടുക്കിയിലും താമരശ്ശേരിയിലുമുള്ളത്. 53 പഞ്ചായത്തുകളുള്ള ഇടുക്കി ജില്ലയിലെ 43 പഞ്ചായത്തുകളിലും കുടിവെള്ളം വണ്ടിയിലാണ് എത്തുന്നത്. മാധവ് ഗാഡ്്ഗില്‍ ഒമ്പതു സംസ്ഥാനങ്ങളില്‍ നടപ്പാക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ സമരം നടന്ന ഏക സംസ്ഥാനം കേരളം മാത്രമാണ്. ക്വാറിക്കാരുടെയും ഭൂമി കൈയേറ്റക്കാരുടെയും മണലൂറ്റുകാരുടെയും സമരമാണ് നടന്നത്. അല്ലാതെ കര്‍ഷകരുടെ സമരമല്ല അവിടെ നടന്നത്. ജെറുസലേം ദേവാലയത്തിലെ കച്ചവടക്കാരെ ചാട്ടവാറുകൊണ്ട് അടിച്ചോടിച്ച യേശുവിന്റെ യാഥാര്‍ഥ ശിഷ്യര്‍ സി എസ് ഐ മക്കളാണെന്നും പി ടി തോമസ് പറഞ്ഞു. ഇടുക്കിയിലും താമരശേരിയിലും ജാലിയന്‍വാലാബാഗ് ആവര്‍ത്തിക്കുമെന്ന പറഞ്ഞവര്‍ സി എസ് ഐ സഭയെ മാതൃകയാക്കണമെന്ന് പി ടി തോമസ് പറഞ്ഞു.

---- facebook comment plugin here -----

Latest