Connect with us

Kannur

പരിസ്ഥിതിയെ മറന്ന് മുന്നോട്ടുപോകാനാകില്ല: മുഖ്യമന്ത്രി

Published

|

Last Updated

കണ്ണൂര്‍: പരിസ്ഥിതി വകുപ്പ് മുഖേന നടപ്പിലാക്കുന്ന പങ്കാളിത്ത പാരിസ്ഥിതിക കര്‍മ പദ്ധതിക്ക് തുടക്കം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വൃക്ഷത്തൈ നട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിച്ചു.
ഇന്നത്തെ വികസനം നടപ്പാക്കുമ്പോള്‍ നാളെയെ മറന്ന് കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്നും പരിസ്ഥിതി സംരക്ഷണം നാളത്തെ തലമുറക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ മുമ്പത്തേതിനേക്കാള്‍ വലിയ പ്രാധാന്യത്തോടെയാണ് ഇന്ന് നടക്കുന്നത്. നട്ട മരങ്ങള്‍ സംരക്ഷിക്കുന്നതിനും പ്രാധാന്യം നല്‍കണം. വനനശീകരണ വാര്‍ത്തകള്‍ ഇന്ന് ഉണ്ടാകുന്നില്ല. ഇത് വലിയ മാറ്റമാണ് സൂചിപ്പിക്കുന്നത്. പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാകണം ഇനിയുള്ള മത്സരങ്ങള്‍. പരിസ്ഥിതി സംരക്ഷണം നാടിന്റെ നിലനില്‍പ്പിനാവശ്യമാണ്. പരിസ്ഥിതിയെ മറന്ന് കൊണ്ട് മുന്നോട്ടുപോകാനാവില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഗ്രാമവികസന മന്ത്രി കെ സി ജോസഫ് അധ്യക്ഷത വഹിച്ചു. എം എല്‍ എമാരായ സി കൃഷ്ണന്‍, അഡ്വ. സണ്ണി ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. കെ എ സരള, നഗരസഭ ചെയര്‍പേഴ്‌സന്‍ റോഷ്‌നി ഖാലിദ്, ജില്ലാ കലക്ടര്‍ പി ബാലകിരണ്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി ബിജു പ്രസംഗിച്ചു.
ഒരു മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് 10 ലക്ഷം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. കണ്ണൂരില്‍ 75000 തൈകള്‍ നടാനായിരുന്നു തീരുമാനിച്ചതെങ്കിലും നാല് ലക്ഷം തൈകള്‍ ജില്ലയില്‍ നട്ടു.
പങ്കാളിത്ത പാരിസ്ഥിതിക കര്‍മ പദ്ധതിക്ക് തുടക്കം കുറിച്ച് വൃക്ഷത്തൈ നട്ട ശേഷം മുഖ്യമന്ത്രി പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

Latest