Connect with us

Articles

ഇവര്‍ ആരെയാണ് കേരളത്തിലെ കാടുകളില്‍ തിരയുന്നത്?

Published

|

Last Updated

കഴിഞ്ഞ ഒരു വര്‍ഷമായി കേരളത്തിലെ പ്രത്യേകിച്ച് മലബാര്‍ പ്രദേശത്തെ (പാലക്കാട് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍) കാടുകളില്‍ ആളനക്കം കൂടുതലാണ്. ജൈവവൈവിധ്യത്തിന്റെ പ്രധാന കേന്ദ്രങ്ങളായ ഇവിടുത്തെ കാടുകള്‍ നിത്യഹരിതത്തിനു പുറമെ തികഞ്ഞ ശാന്തതയും ഉള്ളവയായിരുന്നു. ആദിവാസികളല്ലാതെ മറ്റാരും ഉള്‍ക്കാടുകള്‍ക്കകത്ത് പ്രവേശിക്കാറും ഉണ്ടായിരുന്നില്ല. വനം വകുപ്പുകാരാകട്ടെ കാട് കാണാന്‍ എത്തുന്നവര്‍ക്ക് കര്‍ശന നിര്‍ദേശങ്ങള്‍ക്ക് പുറമെ വഴികാട്ടികളെയും കൂട്ടിന് വിട്ടിരുന്നു. സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും സൈലന്റ്‌വാലി ഉള്‍പ്പെടുന്ന നീലഗിരി വനമേഖലകളിലും വയനാട്, നിലമ്പൂര്‍ കാടുകളിലും ഒരു വര്‍ഷമായി ആളൊഴിഞ്ഞ നേരമില്ല. വനം, പോലീസ്, എക്‌സൈസ് വകുപ്പുകാര്‍ക്ക് പുറമെ പ്രത്യേക ദ്രുത കര്‍മസേനയും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും ഉള്‍പ്പെടെയുള്ള ഒരു വന്‍ സംഘം കാടുകളില്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. എല്ലാവര്‍ക്കും ഒറ്റ ഉന്നമേ ഉള്ളു. മാവോയിസ്റ്റുകള്‍.
സത്യത്തില്‍ കേരളത്തില്‍ ഇത്തരത്തിലൊരു പ്രസ്ഥാനക്കാരുണ്ടോ? കോണ്‍ഗ്രസുകാര്‍, കമ്മ്യൂണിസ്റ്റുകാര്‍, മുമ്പ് നക്‌സലൈറ്റുകള്‍ എന്നൊക്കെ പറഞ്ഞിരുന്നതുപോലെ കേരളത്തില്‍ ഇത്തരം ഒരു കൂട്ടര്‍ ഉണ്ടോ? കേരളീയ സമൂഹം ഈ ചോദ്യം ആവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടു നാളേറെയായി. “മാവോയിസ്റ്റുകളെ കാടുകളില്‍ കണ്ടു” എന്ന വാര്‍ത്തകള്‍ക്കും ഇക്കാലയളവില്‍ വന്‍ പ്രാധാധ്യമാണ് ലഭിക്കുന്നത്. ഒരു വര്‍ഷത്തിനിടെ നിലമ്പൂര്‍ മേഖലയില്‍ നിന്നാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകള്‍ വന്നത്. കാട്ടില്‍ സായുധ സംഘത്തെ കണ്ടു, ഒരു സ്ത്രീയുടെ വീട്ടില്‍ മൂന്നാം തവണയും ഫോട്ടോയില്‍ കണ്ട ആളുകള്‍ വന്നു എന്നു തുടങ്ങി നിലമ്പൂര്‍ ഷൊര്‍ണൂര്‍ തീവണ്ടി ചങ്ങല വലിച്ചു നിര്‍ത്തി മാവോയിസ്റ്റുകള്‍ കാടുകളില്‍ ഓടി മറഞ്ഞു എന്നു വരെ വാര്‍ത്തകള്‍ ഇതിനകം മലയാളികള്‍ വായിച്ചു കഴിഞ്ഞു. ഏറ്റവും ഒടുവില്‍ വയനാട് മാനന്തവാടി പോലീസ് സ്റ്റേഷനിലെ പ്രമോദിന്റെ വീട്ടില്‍ അക്രമം നടന്ന വാര്‍ത്തയും പുറത്തു വന്നു. പ്രമോദിനെ ഭീഷണിപ്പെടുത്തിയതായും വീടിന്റെ ചുമരില്‍ പോസ്റ്റര്‍ ഒട്ടിച്ചതായും പറയുന്നു. ഇതിനിടെ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് മാവോയിസ്റ്റുകള്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ആദിവാസി മേഖലകളിലെ പോളിംഗ് സ്റ്റേഷനുകളില്‍ വന്‍ സുരക്ഷ സന്നാഹമാണ് ഒരുക്കിയിരുന്നത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ മാവോയിസ്റ്റുകള്‍ ആദിവാസികളെ നിരന്തരം ആഹ്വാനം നടത്തിയത് കൊണ്ടാണ് സര്‍ക്കാര്‍ വന്‍ സന്നാഹമൊരുക്കിയത്. അതുകൊണ്ടുതന്നെ മുന്‍ കാല തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ആദിവാസികള്‍ കൂടുതലായി എത്തി വോട്ട് ചെയ്ത് മടങ്ങിപ്പോയ കാഴ്ചയാണ് ആദിവാസി മേഖലകളില്‍ കണ്ടത്. അട്ടപ്പാടിയിലെയും നിലമ്പൂരിലെയും വയനാട്ടിലെയും വിദൂര ദിക്കുകളില്‍ കഴിയുന്ന ആദിവാസികള്‍ മൈലുകളോളം നടന്ന് ഇത്തവണ വോട്ട് ചെയ്യാന്‍ എത്തിയത്. മാവോയിസ്റ്റുകളുടെ ഭീഷണി നിലനില്‍ക്കുമ്പോള്‍ തന്നെയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി കേരളത്തിലെ ആദിവാസി മേഖലകളില്‍ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ വെളിപ്പെടുത്തലുകള്‍. എന്നാല്‍ ഇത് സാധൂകരിക്കുന്ന ഒരു തെളിവും ഇതുവരെ ഉണ്ടായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ എല്ലാം തന്നെ അധിക്യതരുടെ ഭാഷ്യം മാത്രമാണ്. ഒരു മാധ്യമ പ്രവര്‍ത്തകനോ മറ്റാരെങ്കിലുമോ ഒരു മാവോയിസ്റ്റിനെയെങ്കിലും നേരിട്ട് കണ്ടതായി ഇതുവരെ പറഞ്ഞിട്ടില്ല. ഇതിനിടെ കേരളത്തിലെ മാവോയിസ്റ്റുകളുടെ നേതാവെന്ന് അധികാരികള്‍ വെളിപ്പെടുത്തിയ രൂപേഷ് മലയാളത്തിലെ പ്രമുഖ വാരികകളില്‍ ലേഖനം എഴുതുകയും ചെയ്തു. എന്നിട്ടും മാവോയിസ്റ്റുകളുടെ നീക്കം മനസ്സിലാക്കാതെ അവരെ തേടി കാടുകള്‍ കയറിയിറങ്ങുന്നത് കാണുമ്പോള്‍ ഊറിച്ചിരിക്കുകയല്ലാതെ എന്ത് ചെയ്യും? ആദിവാസികളെ ഭീഷണിപ്പെടുത്തി അരിയും പഞ്ചസാരയും ചായപ്പൊടിയും കൈക്കലാക്കി കാടുകളിലേക്ക് നിരവധി തവണ ഓടിമറഞ്ഞ മാവോയിസ്റ്റുകളെ കണ്ടെത്താന്‍ ഇത്രയധികം കാടിളക്കലിന്റെ ആവശ്യമുണ്ടോ? ലക്ഷങ്ങളും കോടികളും ചെലവഴിച്ചുകൊണ്ടുള്ള ഇത്തരം കാടിളക്കല്‍ തുടങ്ങിട്ട് വര്‍ഷം ഒന്നായെങ്കിലും ആദിവാസികള്‍ക്ക് പോലും കാടിനകത്തെ ഊരുകളില്‍ പിടിച്ചുകെട്ടാന്‍ കഴിയാത്ത അത്ര അധികം സായുധരായിട്ടാണോ ഇവര്‍ കാടുകളിലൂടെ നടന്നു നീങ്ങുന്നത്. കഠിനമായ കൊടും തണുപ്പും ഇപ്പോള്‍ അനുഭവിക്കുന്ന ചൂടും ജലക്ഷാമവും മൃഗശല്യവുമെക്കെ അതിജീവിച്ച് കാടിനകത്ത് താമസിച്ച് ഏതു തരത്തിലുളള “വിപ്ലവ”മാണ് ഇവര്‍ ആസൂത്രണം ചെയ്യുന്നതെന്ന് മലയാളികള്‍ ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. അതുകൊണ്ടാണ് ഛത്തീസ്ഗഢില്‍ കുഴി ബോംബുകള്‍ പൊട്ടി നിരപരാധികള്‍ മരിക്കുമ്പോള്‍ അങ്ങനെ വല്ലതും ഇവിടെ സംഭവിച്ചു പോകുമോ എന്ന് ചിലരെങ്കിലും ഭയപ്പെടുന്നത്. എന്നാല്‍ ഛത്തീസ്ഗഢിലെ രാഷ്ട്രീയമോ ജീവിതങ്ങളോ ആദിവാസി പീഡനമോ എന്തിനധികം അവിടുത്തെ ഭൂമിശാസ്ത്രം പോലുമോ അല്ല കേരളത്തില്‍. വര്‍ഷങ്ങളായി അടിച്ചമര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്ന അവിടുത്തെ ആദിവാസി പിന്നാക്ക വിഭാഗക്കാരുടെതില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിലെ സാഹചര്യങ്ങള്‍. എന്നിട്ടും ആദിവാസികള്‍ക്ക് പോലും ഭയമില്ലാത്ത മാവോയിസ്റ്റുകളെ ചിലരെല്ലാം ഭയക്കുന്നു.
ഇതിന് മുമ്പ് രണ്ട് തവണയാണ് കേരളത്തിലെ കാടുകളില്‍ പോലീസ് സാന്നിധ്യം ഉണ്ടായിട്ടുള്ളത്. എഴുപതുകളില്‍ നക്‌സലൈറ്റുകളെ തുരത്താനായിരുന്നു ആദ്യ നടപടി. വയനാടന്‍ കാടുകളില്‍ തമ്പടിച്ച നക്‌സലൈറ്റുകളെ നേരിടാന്‍ കേരളാ പോലീസ് നിരവധി പേരെയാണ് വനത്തിലേക്ക് പറഞ്ഞയച്ചത്. അക്കാലത്തെ വയനാടന്‍ കാടുകള്‍ പേടിപ്പെടുത്തുന്ന അനുഭവമായിരുന്നു. ഇന്നത്തെ ആധുനിക സൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന അക്കാലത്തെ നക്‌സലൈറ്റ് വേട്ടയെക്കുറിച്ച് അനുഭവമുള്ളവര്‍ ഇപ്പോഴും കേരളത്തില്‍ ധാരാളമുണ്ട്. മറ്റൊരു കാടിളക്കല്‍ നടന്നത് വീരപ്പനെ തേടിയായിരുന്നു. വീരപ്പന്റെ കേന്ദ്രം തമിഴ്‌നാട് വന മേഖലകള്‍ ആയിരുന്നെങ്കിലും കേരളത്തിലെ കാടുകളിലെ നിത്യ സന്ദര്‍ശകനായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് നിലമ്പൂര്‍, വയനാടന്‍ കാടുകളില്‍.
അതിനുശേഷം ഇപ്പോഴാണ് കേരളത്തിലെ കാടുകളില്‍ ബൂട്ട്‌സിന്റെ ശബ്ദം മുഴങ്ങിക്കേള്‍ക്കുന്നത്. ഈ രണ്ട് സംഭവങ്ങളില്‍ ആദ്യത്തേതില്‍ നക്‌സലൈറ്റുകളുടെ ഇടപെടലുകള്‍ ഭരണകൂടത്തിനും അക്കാലത്തെ ജന്മിമാര്‍ക്കും എതിരായി ഉണ്ടായിരുന്നുവെന്നത് നേരാണ്. വീരപ്പന്റെ കാര്യത്തിലാണെങ്കില്‍ അദ്ദേഹം കാട്ടു കള്ളനും നിവധി പേരെ വകവരുത്തിയ ആളുമായിരുന്നു. പുതിയ സംഭവത്തിലേക്ക് അന്വേഷണം നടത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ എന്ന് പറയുന്നവര്‍ എവിടെയാണ്, ഏതു രീതിയിലാണ്, എങ്ങിനെയാണ് ഇടപെടുന്നത് എന്ന് കണ്ടെത്താന്‍ കഴിയുന്നില്ല. ആദിവാസികള്‍ക്ക് വേണ്ടിയോ, അല്ലെങ്കില്‍ കേരളത്തില്‍ പിടിമുറുക്കിയ വിവിധ മാഫിയകള്‍ക്കെതിരെയോ, ഭരണകര്‍ത്താക്കള്‍ക്കെതിരെയോ ഒരു ചെറു വിരല്‍ പോലും അനക്കിയതായി അറിയില്ല. ആകെ കണ്ടത് “കാട്ടൂതീ” എന്ന് പേരിട്ട ചില പ്രസിദ്ധീകരണങ്ങളും ഒറ്റപ്പെട്ട നോട്ടീസുകളുമാണ്. ഇതിനേക്കാള്‍ എത്രയോ ഇരട്ടിയാണ് അധികാരികളുടെ പേരില്‍ അടിച്ചിറക്കിയ ബഹുവര്‍ണ കളറുകളില്‍ മാവോയിസ്റ്റുകള്‍ എന്ന് പറയുന്നവരുടെ ഫോട്ടോ ഉള്‍പ്പെടുന്ന പോസ്റ്ററുകളുടെ എണ്ണം. കളര്‍ പോസ്റ്ററുകളിലെ ഫോട്ടോ ചൂണ്ടിക്കാട്ടി നിങ്ങള്‍ ഇവരെ കണ്ടിട്ടുണ്ടോ? ഇവര്‍ ഇവിടെ വന്നിട്ടുണ്ടോ എന്നു തുടങ്ങിയ അന്വേഷണങ്ങള്‍ ആദിവാസി കോളനികളില്‍ ഇപ്പോള്‍ നിത്യമാണ്. ഇത്തരം ചോദ്യങ്ങള്‍ ആദിവാസികളോട് ചോദിക്കാന്‍ തുടങ്ങയിട്ട് വര്‍ഷം ഒന്നായെങ്കിലും “ഇല്ല” എന്ന മറുപടി കേട്ട് സംതൃപ്തരാകാത്ത അധികാരികള്‍ വീണ്ടും കാടുകള്‍ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ചില ദിവസങ്ങളായി ഇതിന് ആക്കം കൂടിയിട്ടുണ്ട്. ഇനി മാവോയിസ്റ്റുകളെ തേടി കാട്ടിലലയാന്‍ ആധുനിക രീതിയിലുള്ള പുതിയ വാഹനവും ഇറക്കുമതി ചെയ്തുകഴിഞ്ഞു. തണ്ടര്‍ബോള്‍ട്ടുകാരുടെ ബൂട്ട്‌സിട്ട കാലൊച്ചകള്‍ക്കു പുറമെ ഇനി ഇറക്കുമതി ചെയ്ത വാഹനത്തിന്റെ ഇരമ്പലുകളും കാടിനകത്ത് പുതിയ ശബ്ദങ്ങള്‍ സൃഷ്ടിക്കും.
കേരളത്തിന് പുറമെ തമിഴ്‌നാട്, കര്‍ണാടക കാടുകളിലും മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്നാണ് അധികാരികള്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ നടക്കുന്നതു പോലുള്ള കാടിളക്കം ഇതുവരെ മറ്റു സംസ്ഥാനങ്ങളില്‍ നടന്നതായി അറിയില്ല. പിന്നെ എന്തുകൊണ്ടാണ് കേരളത്തിലെ കാടുകളില്‍ മാത്രം മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നത് എന്ന ചോദ്യത്തിന് ആരും ഉത്തരം നല്‍കുന്നില്ല. ഇത്രയധികം സുരക്ഷിതമായി രാവും പകലും കഴിച്ചുകൂട്ടാന്‍ പാകത്തിലാണോ നമ്മുടെ കാടുകള്‍? കാട്ടിലെ ആളനക്കം ശ്രദ്ധിക്കാനും അഥവാ അങ്ങനെ ആരെങ്കിലും കാട്ടില്‍ തമ്പടിച്ചിരിക്കുന്നു എങ്കില്‍ അവരെ കണ്ടെത്താനുമുള്ള വിദ്യയൊന്നും സ്വായത്തമാക്കിയവര്‍ ഇവിടെ ഇല്ലേ? ഇത്തരം ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങിയിട്ട് നാളേറെ ആയെങ്കിലും “ഉണ്ട്, അവിടെ കണ്ടു, ഇവിടെ കണ്ടു, തിരിച്ചറിഞ്ഞു, നോട്ടിസ് വിതറി, കാട്ടിലേക്ക് മറഞ്ഞു, കണ്ടത് അവരെ തന്നെ, ഭീഷണിപ്പെടുത്തി, ടൗണിലൂടെ ബൈക്ക് ഓടിച്ചുപോയി” തുടങ്ങിയ വാര്‍ത്തകള്‍ കേള്‍ക്കുന്നതിനപ്പുറം ഒന്നും സംഭവിക്കുന്നില്ല. ഈ പറയുന്നവരുടെ കൂട്ടത്തില്‍പ്പെടുന്ന ഒരാളെ കണ്ടെത്താന്‍ ഇത്രയധികം കാടിളക്കലിന്റെ ആവശ്യമുണ്ടോ? ആധുനിക സാങ്കേതിക വിദ്യ ഇത്രയൊന്നും വികസിക്കാത്ത കാലത്ത് കൊടും കാടുകളില്‍ അന്തിയുറങ്ങിയിരുന്ന പഴയ നക്‌സലൈറ്റുകള്‍ മാത്രമല്ല, അല്ലാത്തവര്‍ പോലും ഇപ്പോഴത്തെ മാവോയിസ്റ്റുകളെ തിരഞ്ഞുകൊണ്ടുള്ള ആട്ടം കാണുമ്പോള്‍ ഊറിച്ചിരിക്കുകയാണ്. ഇക്കാലത്ത് ഏതു വിപ്ലവകാരിയാണ് രാത്രി കാലത്ത് കാട്ടില്‍ തങ്ങുക എന്ന ചോദ്യത്തിന് പുറമെ ആദിവാസികളോടും മറ്റ് ജനങ്ങളോടും ബന്ധമില്ലാതെ എങ്ങനെയാണ് വിപ്ലവത്തിന് മണ്ണൊരുക്കുക എന്ന ചോദ്യവും ഇവര്‍ ഉന്നയിക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ സ്വയം ചോദിച്ചവരുടെ ഫോട്ടോ ആണ് കഴിഞ്ഞ ദിവസം വയനാട്ടിലെ ചില പ്രദേശങ്ങളില്‍ അധികാരികള്‍ ഒട്ടിച്ചത്. പിന്നീട് തെറ്റ് തിരുത്തിയെങ്കിലും ഇനിയും ഇത്തരം ഫോട്ടോ പ്രദര്‍ശനങ്ങള്‍ ആദിവാസി മേഖലകളില്‍ ഉണ്ടാകാന്‍ തന്നെയാണ് സാധ്യത.
കേരളത്തിലെ കാടുകളേക്കാള്‍ മാവോയിസ്റ്റുകള്‍ക്ക് സുരക്ഷിതം കേരളത്തിലെ കോണ്‍ക്രീറ്റ് കാടുകളായിരിക്കും. ജന സാന്ദ്രതയേറിയ കേരളം എന്ന ഒറ്റ ഗ്രാമത്തില്‍ എവിടെ കറങ്ങി നടന്നാലും മാവോയിസ്റ്റുകള്‍ എന്ന് പറയുന്നവരെ കണ്ടെത്താന്‍ പ്രയാസമായിരിക്കും. മാത്രമല്ല ആദിവാസി മേഖലകളിലേക്കോ മറ്റേതെങ്കിലും പ്രദേശത്തേക്കോ എത്തിപ്പെടണമെങ്കില്‍ ഇന്ന് വാഹനങ്ങള്‍ ലഭിക്കാന്‍ യാതൊരു പ്രയാസവും ഇല്ല. നിലമ്പൂരിലേയും അട്ടപ്പാടിയിലെയും വിരലിലെണ്ണാവുന്ന ആദിവാസി കേന്ദ്രങ്ങളിലേക്ക് മാത്രമാണ് ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു ചെല്ലാത്തതുള്ളൂ. ഇത്തരം കേന്ദ്രങ്ങളില്‍ ആദിവാസികളുടെ ജനസംഖ്യ വളരെ കുറവാണ്. ഭൂരിഭാഗം ആദിവാസി കേന്ദ്രങ്ങളിലേക്കും ഇന്ന് വാഹന സൗകര്യമുണ്ട്. അതുകൊണ്ട് തന്നെ മാവോയിസ്റ്റുകള്‍ക്ക് മാത്രമല്ല. ആര്‍ക്ക് വേണമെങ്കിലും കേരളത്തിലെ പ്രത്യേകിച്ച്, മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടെന്ന് പറയപ്പെടുന്ന ആദിവാസി കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാന്‍ ഇക്കാലത്ത് യാതൊരു പ്രയാസവുംമില്ല. വിവിധ തരം പഠനങ്ങള്‍ക്കായി കേരളത്തില്‍ കാടുകളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉള്ളതായി വനം വകുപ്പുകാര്‍ തന്നെ പറയുന്നു. ആയുധധാരികളല്ലാത്ത ഇത്തരം പഠനക്കാരെ കണ്ടിട്ടായിരിക്കുമോ ചിലര്‍ മാവോയിസ്റ്റുകള്‍ എന്ന് വിളിക്കുന്നത്. (കടുവയുടെയും കരടിയുടെയും ആനകളുടെയും എണ്ണം എടുക്കാനും പക്ഷി നിരീക്ഷണത്തിനും ഒക്കെയായി വനത്തിനകത്ത് ഇതുമായി ബന്ധപ്പെട്ട പഠനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എപ്പോഴും ഉണ്ടാകാറുണ്ട്.)
എന്തായാലും കേരളത്തിലെ ആദിവാസി മേഖലകള്‍ മാവോയിസ്റ്റ് സാന്നിധ്യം കൊണ്ട് കടുത്ത ഭീഷണിയിലാണ് എന്ന വാദത്തില്‍ യാതൊരു കഴമ്പുമില്ല. എങ്കിലും കാടുകളില്‍ ഉണ്ടെന്ന് അധികാരികള്‍ പറയുന്ന മാവോവാദികള്‍ക്കായി തിരച്ചില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് രൂപയാണ് ഇതിന് വേണ്ടി മാത്രം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ചെലവിടുന്നത്. ഇങ്ങനെ ചെലവാക്കുന്ന പണത്തില്‍ നിന്ന് കുറച്ച് രൂപ മാറ്റിവെച്ചാല്‍ തങ്ങളുടെ കുടിവെള്ള പ്രശ്‌നത്തിനെങ്കിലുംപരിഹാരം കണ്ടെത്താന്‍ കഴിയുമായിരുന്നു എന്ന വാദമാണ് ആദിവാസി മേഖലകളില്‍ നിന്ന് ഇപ്പോള്‍ മുഴങ്ങിക്കേള്‍ക്കുന്നത്. കഠിനമായ ശുദ്ധജലക്ഷാമം നേരിടുന്ന ഇരുനൂറിലധികം ആദിവാസി സങ്കേതങ്ങളുണ്ട് മാവോയിസ്റ്റുകളുടെ പാദസ്പര്‍ശമേറ്റ കാടുകളില്‍ എന്ന് ഇനിയെങ്കിലും ബന്ധപ്പെട്ടവര്‍ തിരിച്ചറിയേണ്ടിരിക്കുന്നു.
പിന്‍കുറി:
പ്രിയപ്പെട്ട മാവോയിസ്റ്റ് സഖാക്കളേ, നിങ്ങള്‍ എവിടെയാണ് ഒളിച്ചിരിക്കുന്നത്? എന്താണ് നിങ്ങളുടെ ആവശ്യങ്ങള്‍? നിങ്ങളുടെ അജന്‍ഡകള്‍ നിശ്ചയിക്കുന്നത് നിങ്ങള്‍ തന്നെയോ? നിങ്ങള്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ കേരളീയ സമൂഹത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കേണ്ട വിഷയങ്ങളല്ലേ?