Connect with us

Kollam

ആര്‍ എസ് പി ലയന സമ്മേളനത്തിന് കൊല്ലം ഒരുങ്ങുന്നു

Published

|

Last Updated

കൊല്ലം:ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിളക്കമാര്‍ന്ന വിജയം നല്‍കിയ ഊര്‍ജം ഉള്‍ക്കൊണ്ട് സംസ്ഥാനത്ത് അജയ്യ ശക്തിയാവാന്‍ ഒരുങ്ങുകയാണ് ആര്‍ എസ് പി. ആര്‍ എസ് പി- ആര്‍ എസ് പി (ബി) പാര്‍ട്ടികളുടെ പുനരേകീകരണ സമ്മേളനം 10ന് കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ നടക്കും.
രണ്ടാഴ്ച മുമ്പ് ഡല്‍ഹിയില്‍ ചേര്‍ന്ന പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി യോഗമാണ് ആര്‍ എസ് പിയും ആര്‍ എസ് പി (ബി)യും ലയിക്കാനുള്ള അനുമതി നല്‍കിയത്. കേരളത്തില്‍ യു ഡി എഫിനൊപ്പവും പശ്ചിമബംഗാളില്‍ എല്‍ ഡി എഫിനൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിക്കാനും തീരുമാനിച്ചിരുന്നു.
സമ്മേളനത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഡന്‍, ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി ക്ഷിതി ഗോസ്വാമി, ദേശീയ കമ്മിറ്റിയംഗം സുകുമാര്‍ ഘോഷ്, സംസ്ഥാന നേതാക്കളായ എ എ അസീസ് എം എല്‍ എ, വി പി രാമകൃഷ്ണപ്പിള്ള, മന്ത്രി ഷിബുബേബി ജോണ്‍, എന്‍ കെ പ്രേമചന്ദ്രന്‍ എം പി, കെ അബ്ദുല്‍ഖാദര്‍, ചവറ വാസുപിള്ള, കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ എന്നിവര്‍ സംബന്ധിക്കും. സമ്മേളനത്തില്‍ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട മൂവായിരം പ്രതിനിധികള്‍ പങ്കെടുക്കും.
ദേശീയ രാഷ്ട്രീയ രംഗത്ത് ഉണ്ടായിട്ടുള്ള ഭരണപരമായ മാറ്റവും ഇടതുപക്ഷ മതേതര പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചും പുനരേകീകരണ പ്രമേയവും സമ്മേളനം ചര്‍ച്ച ചെയ്യും. തുടര്‍ന്ന് ഇരുസംഘടനകളുടെയും വര്‍ഗ- ബഹുജന സംഘടനകള്‍, വിദ്യാര്‍ഥി- യുവജന- മഹിളാ സംഘടനകള്‍, എന്‍ ജി ഒ- അധ്യാപക- ട്രേഡ് യൂനിയന്‍ സംഘടനകള്‍ എന്നിവ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ആഹ്വാനവുമുണ്ടാകും.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ച സി പി എം നടപടിയില്‍ പ്രതിഷേധിച്ച് ഇടതുമുന്നണി വിട്ട ആര്‍ എസ് പി യു ഡി എഫ് പക്ഷത്തേക്ക് മാറുകയും പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയേറ്റംഗം എന്‍ കെ പ്രേമചന്ദ്രന്‍ കൊല്ലം സീറ്റില്‍ യു ഡി എഫ് പിന്തുണയോടെ തിളക്കമാര്‍ന്ന വിജയം നേടുകയും ചെയ്തതോടെയാണ് ആര്‍ എസ് പി അജയ്യശക്തിയായി മാറിയത്.
ദേശീയ രാഷ്ട്രീയം ഉറ്റുനോക്കിയ പോരാട്ടത്തില്‍ കൊല്ലത്ത് യു ഡി എഫ് പിന്തുണയോടെ ആര്‍ എസ് പിയിലെ എന്‍ കെ പ്രേമചന്ദ്രന്‍ നേടിയത് ഉജ്വല വിജയമായിരുന്നു. ലോക്‌സഭയിലേക്ക് മത്സരിച്ച് വിജയിച്ച പാര്‍ട്ടിയുടെ ഏക അംഗമാണ് എന്‍ കെ പ്രേമചന്ദ്രന്‍. ആര്‍ എസ് പിയും ആര്‍ എസ് പി (ബി)യും ലയിക്കുന്നതോടെ പാര്‍ട്ടിയുടെ സംസ്ഥാന- ജില്ലാ പദവികള്‍ ആര് വഹിക്കുമെന്നത് സംബന്ധിച്ച് ലയന സമ്മേളനത്തില്‍ തീരുമാനമെടുക്കും.
ആര്‍ എസ് പിക്ക് മൂന്ന് എം എല്‍ എമാര്‍ ആയ സാഹചര്യത്തില്‍ കൂടുതല്‍ മന്ത്രിമാരെ ചോദിക്കാന്‍ അവകാശമുണ്ടെന്നും എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ മന്ത്രിയെ ആവശ്യപ്പെടേണ്ടതില്ലെന്നുമാണ് നേതൃത്വത്തിന്റെ നിലപാട്. ആര്‍ എസ് പിയുടെ മന്ത്രിയെ മാറ്റാന്‍ തീരുമാനിച്ചിട്ടില്ലെന്നും ഷിബു ബേബിജോണ്‍ തന്നെ മന്ത്രിയായി തുടരുമെന്നും എ എ അസീസ് പ്രതികരിച്ചു. പുനരേകീകരണ സമ്മേളനത്തിന് ശേഷം ഇരു ആര്‍ എസ് പി കളും ഒരു കൊടിക്കീഴില്‍ ആകുന്നതോടെ പാര്‍ട്ടിയുടെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന നേതൃത്വം.

 

Latest